തിരയുക

ലിയോ പതിനാലാമൻ പാപ്പായും വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മാനുവേൽ ഫെർണാണ്ടസും ലിയോ പതിനാലാമൻ പാപ്പായും വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മാനുവേൽ ഫെർണാണ്ടസും  (@Vatican Media)

വത്തിക്കാൻ: സ്വവർഗ്ഗവിവാഹിതരുടെ ആശീർവാദം ഉൾപ്പെടുത്തി ജർമ്മൻ മെത്രാൻസമിതി പുറത്തിറക്കിയ പുസ്തകത്തിന് അംഗീകാരമില്ല

സ്വവർഗ്ഗവിവാഹബന്ധത്തിലേർപ്പെടുന്നവർക്ക് ആശീർവാദം നൽകുന്ന പ്രാർത്ഥനയുൾപ്പെടെയുള്ള വിവിധ പ്രാർത്ഥനകളുടെ സമാഹാരമെന്ന നിലയിൽ ജർമ്മൻ മെത്രാൻസമിതി അംഗീകാരം നൽകിയ "ആശീർവാദം സ്നേഹത്തിന് ശക്തി പകരുന്നു" എന്ന പേരിലുള്ള പുസ്തകത്തിന് അംഗീകാരം നൽകാതെ വത്തിക്കാൻ. ഈ പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് 2024 നവംബറിൽ തങ്ങൾ നൽകിയ മറുപടിയ്ക്കപ്പുറം പുതിയൊരു നിർദ്ദേശവും നൽകാനില്ലെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ് വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്വവർഗ്ഗവിവാഹവുമായി ബന്ധപ്പെട്ട ആശീർവാദം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി പരിശുദ്ധ സിംഹാസനം. കൗദാശികമായ വിവാഹത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടത് സഭയുടെ ചുമതലയായതിനാൽ, സ്വവർഗ്ഗവിവാഹക്കാർക്ക് ആരാധനാക്രമപരമായോ, സമാന്തര-ആരാധനാക്രമമെന്ന രീതിയിലോ ആശീർവാദം നൽകുന്നത് അനുവദിയ്ക്കാനാകില്ലെന്ന, 2023 ഡിസംബറിലെ "ഫിദൂച്യ സൂപ്ലിക്കാൻസ്" (Fiducia Supplicans) എന്ന പ്രഖ്യാപനമനുസരിച്ചുള്ള മറുപടിയാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പുതുക്കിയത്.

ജർമ്മനിയിൽ സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്നവർക്ക് കൗദാശികമായല്ലെങ്കിലും, ഔപചാരികമായി ആശീർവാദം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന പുസ്തകത്തിന്റെ മൂലരേഖയ്ക്ക് മുൻപുതന്നെ വത്തിക്കാൻ അംഗീകാരം നിഷേധിച്ചിരുന്നുവെങ്കിലും, 2025 ഏപ്രിൽ മാസത്തിൽ ഈ പുസ്തകം ജർമ്മൻ മെത്രാൻ സമിതിയുടെയും (DBK) ജർമ്മൻ കത്തോലിക്കരുടെ കേന്ദ്രകമ്മിറ്റിയുടെയും (ZdK) പ്രതിനിധിസംഘത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയതിനെത്തുടർന്ന്, ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ 2025 നവംബർ 12-ന് ജർമ്മൻ മെത്രാൻസമിതിക്ക് നൽകിയ മറുപടിക്കപ്പുറം പുതുതായി ഒന്നും നൽകാനില്ലെന്ന് ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മാനുവേൽ ഫെർണാണ്ടസ് വ്യക്തമാക്കുകയായിരുന്നു.

പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട്, ജർമ്മൻ മെത്രാൻ സമിതിയുടെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റും ട്രെവിരി (Treviri) മെത്രാനുമായ ബിഷപ് സ്റ്റേഫാൻ ആക്കർമാൻ (Bishop Stephan Ackermann) ഉൾപ്പെടെയുള്ള മെത്രാൻസമിതിക്ക് 2025 നവംബർ 12-ന് അനുവദിച്ച കൂടിക്കാഴ്ചയിൽ, 2024-ൽ ഡികാസ്റ്ററി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ലിയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മറുപടിയാണ് തങ്ങളുടെ "ഏക, അവസാന മറുപടിയെന്ന്" വ്യക്തമാക്കിയിരുന്നുവെന്നും, നിലവിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനും ഇതേ മറുപടി മാത്രമേ നൽകാനുള്ളൂ എന്നും ഡികാസ്റ്ററി അദ്ധ്യക്ഷൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

മൂലരേഖയിൽനിന്ന് വ്യത്യാസങ്ങളോടെയാണ് നിലവിലെ അന്തിമരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും, ഫിദൂച്യ സൂപ്ലിക്കാൻസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന "ആരാധനക്രമ, സമാന്തര-ആരാധനക്രമ" ശൈലിയിലുള്ള ആശീർവാദത്തെ അംഗീകരിക്കാനാകില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കി.

തന്റെ മൂന്നാമത് അപ്പസ്തോലികയാത്രയ്ക്ക് ശേഷം, ഇക്വറ്റോറിയൽ ഗ്വിനിയിൽനിന്നുള്ള മടക്കയാത്രയിൽ ജർമ്മനിയിൽ സ്വവർഗ്ഗവിവാഹക്കാർക്ക് നൽകുന്ന ആശീർവാദവുമായി ബന്ധപ്പെട്ട് ഉയർന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്ന ദമ്പതികളെ ഔപചാരികമായി അനുഗ്രഹിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും, ക്രമരഹിതമായ സാഹചര്യങ്ങളിലുള്ള ദമ്പതികളുടെ കാര്യത്തിലും ഇതുതന്നെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2026, 12:58