വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ  (ANSA)

യുദ്ധമുൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശുദ്ധ പിതാവിന്റെ നിലപാടുകൾ സംബന്ധിച്ച് കർദ്ദിനാൾ പരൊളീൻ

സമാധാനവും നിരായുധീകരണവുമാണ് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നതെന്നും, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകൾക്ക് മുന്നിലും ലിയോ പതിനാലാമൻ പാപ്പാ തന്റെ കാഴ്ചപ്പാടുകളും അഭിപ്രായവും പണയം വയ്ക്കില്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. ജർമ്മനിയിൽ സ്വവർഗ്ഗവിവാഹവുമായി ബന്ധപ്പെട്ട ആശീർവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ കർദ്ദിനാൾ, നിലവിൽ ഉപരോധങ്ങളെയോ ശിക്ഷാനടപടികളെയോ കുറിച്ച് സംസാരിക്കാറായിട്ടില്ലെന്ന് വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആണവായുധ ഉപയോഗത്തിനെതിരെയാണ് സഭ എന്നും നിലപാടെടുത്തിട്ടുള്ളതെന്നും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും സമാധാനത്തിനായുള്ള പരിശ്രമങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും ആവർത്തിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാല പുറത്തിറക്കിയ "കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മവുമായി ബന്ധപ്പെട്ട് റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റിയൂട്ടിൽ എത്തിയ അവസരത്തിൽ മാദ്ധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ

അമേരിക്കൻ സ്റ്റേറ്റ് സെക്രെട്ടറി മാർക്കോ റൂബിയോ പരിശുദ്ധ പിതാവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി എത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിശുദ്ധ പിതാവിനെതിരെ നടത്തിയ പ്രതികരണങ്ങൾ വിചിത്രമായാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പ്രസ്താവിച്ചു. മെയ് 7-നായിരുന്നു പരിശുദ്ധ പിതാവും റൂബിയോയുമൊത്തുള്ള കൂടിക്കാഴ്ച.

സത്യസന്ധമായ കാര്യങ്ങളാണ് പറയേണ്ടതെന്ന പാപ്പായുടെ വാക്കുകൾ ആവർത്തിച്ച കർദ്ദിനാൾ പരൊളീൻ, ആണവനിരായുധീകരണത്തെക്കുറിച്ചാണ് പരിശുദ്ധ സിംഹാസനം സംസാരിക്കുന്നതും, അതിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതുമെന്നും, ഇതിൽ അവ്യക്തതയൊന്നുമില്ലെന്നും വിശദീകരിച്ചു. ഇറാനുമായുള്ള പ്രശ്‌നപരിഹാരത്തിന്, മുൻപ് തന്നെ അറിയിച്ചിരുന്നതുപോലെ, സംവാദത്തിന്റെ മാർഗ്ഗമാണ് തങ്ങൾ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരിശുദ്ധ പിതാവും മാർക്കോ റൂബിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തത് അമേരിക്കയാണെന്ന കാര്യം വ്യക്തമാക്കിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, തങ്ങൾ അദ്ദേഹത്തെ ശ്രവിക്കാൻ തയ്യാറാണെന്നും, ഈ ദിവസങ്ങളിലുണ്ടായ കാര്യങ്ങളും, അന്താരാഷ്ട്രബന്ധങ്ങളും, സംഘർഷങ്ങളും ചർച്ചകളിൽ ഇടം പിടിക്കുമെന്നും അറിയിച്ചു. അമേരിക്കയുമായുള്ള സംവാദങ്ങൾ തുടരാനാണ് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നതെന്നും പരിശുദ്ധ പിതാവും അതുതന്നെയാണ് ലക്‌ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമ്മനിയിലെ മെത്രാൻസമിതി സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്നവർക്ക് ആശീർവാദം നൽകുന്നതിനുവേണ്ടിയുള്ള പുസ്തകം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സിനഡാത്മകതതയുടെ പ്രാധാന്യം എടുത്തുകാണിക്കുമ്പോൾത്തന്നെ, തീരുമാനങ്ങൾ കാനോനികനിയമവും, രണ്ടാം വത്തിക്കാൻ കൗൺസിലും സഭയുടെ പാരമ്പര്യവും മാനിച്ചുകൊണ്ടുള്ളതാകണമെന്നും, നിലവിൽ ആർക്കെതിരെയും "ഉപരോധ", ശിക്ഷാനടപടികൾ എടുക്കേണ്ടിവരില്ലെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2026, 12:53