വംശീയ വിവേചനത്തിനെതിരായ പോരാട്ടം കൊറിയയിൽ വംശീയ വിവേചനത്തിനെതിരായ പോരാട്ടം കൊറിയയിൽ   (ANSA)

വംശീയ വിവേചനം മനുഷ്യ അന്തസ്സിന് എതിരായ അനീതിയാണ്

ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം ദൗത്യസംഘം, വംശീയ വിവേചന നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനാചരണ യോഗത്തോടനുബന്ധിച്ച് പ്രസ്താവന നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"രാഷ്ട്രീയ ഇച്ഛാശക്തി സമാഹരിക്കുക: അന്താരാഷ്ട്ര വംശീയ വിവേചന നിർമാർജന ദിനത്തിന്റെ 60 വർഷങ്ങൾ" എന്ന വിഷയത്തിൽ ന്യൂയോർക്കിൽ 2026 മാർച്ച് 23 ന് നടന്ന വംശീയ വിവേചന നിർമാർജന ദിനാചരണ യോഗത്തിൽ , ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം പ്രസ്താവന നടത്തി. പ്രസ്താവനയിൽ, വംശീയ വിവേചനത്തെ അപലപിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് എടുത്തു പറഞ്ഞു.

വംശീയ വിവേചനം മനുഷ്യ അന്തസ്സിന് എതിരായ കുറ്റകൃത്യമാണെന്നും, മനുഷ്യാവകാശങ്ങളും മൗലികസ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന ഗുരുതരമായ അനീതിയുമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സമകാലിക സമൂഹത്തിൽ, വംശീയതയുടെ സംഭവങ്ങൾ വിവിധ രൂപങ്ങളിലും തലങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും, ഉടനടി തിരിച്ചറിയാൻ സാധിക്കാത്തവിധം, കൂടുതൽ സൂക്ഷ്മവും സങ്കീർണ്ണവുമായ നിലയിൽ പ്രവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ അടിവരയിട്ടു.

ഡിജിറ്റൽ ലോകത്ത്, ഈ വംശീയ വിവേചനത്തിന്റെ പല ഘടകങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്നും, നിർമ്മിത ബുദ്ധിയുടേത് പോലെയുള്ള മാതൃകകൾ  രൂപപ്പെടുത്തുന്നത് അവ നിർമ്മിക്കുന്നവരുടെ ലോകവീക്ഷണമാണെന്നും, അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും പറയുമ്പോൾ, പ്രത്യേകിച്ച് ഡിജിറ്റൽ സാക്ഷരതാ മേഖലയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുന്നു. ഓരോ വ്യക്തിയുടെയും തുല്യ അന്തസ്സും അവകാശങ്ങളും അംഗീകരിക്കാനുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയില്ലെങ്കിൽ, രാഷ്ട്രീയ ഇച്ഛാശക്തി അപര്യാപ്തമാണെന്നും പ്രസ്താവനയിൽ എടുത്തു പറഞ്ഞു.

"മനുഷ്യർ  ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്,  അവരെ സ്നേഹത്തിൽ  നിന്ന് അസ്തിത്വത്തിലേക്ക്  കൊണ്ടുവരികയും, അതേ സമയം അവരെ സ്നേഹിക്കാൻ ക്ഷണിക്കുകയും ചെയ്തു"വെന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും അടിവരയിട്ടുകൊണ്ട്, ഈ ബോധ്യത്തെ നയങ്ങളിലേക്കും പ്രയോഗങ്ങളിലേക്കും കൊണ്ടുവരുന്നത്, വംശീയതയുടെ വേരുകളെ ദുർബലപ്പെടുത്തുകയും നമ്മുടെ ആഗോള കുടുംബത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും എടുത്തു പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മാർച്ച് 2026, 13:11