തിരയുക

വിശുദ്ധ പത്രോസിന്റെ ബസിലിക്ക വിശുദ്ധ പത്രോസിന്റെ ബസിലിക്ക   (ANSA)

ദൈവദാസൻ തെയോഫിൻ ധന്യൻ പദവിയിലേക്ക്

വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയിൽ നിന്നും നൽകിയ കല്പനകളിൽ, കേരളത്തിൽ നിന്നുമുള്ള കപ്പൂച്ചിൻ സന്യാസി ദൈവദാസൻ തെയോഫിൻ ഉൾപ്പെടെ മൂന്നു പേരെ ധന്യരുടെ പദവിയിലേക്കും, രണ്ടു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉൾപ്പെടുത്തുവാൻ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

എളിമയ്ക്കും ദരിദ്രരോടുള്ള അടുപ്പത്തിനും പേരുകേട്ട ദൈവദാസൻ തെയോഫിൻ അച്ചനെ, ധന്യൻ പദവിയിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ഉയർത്തി. ഇത് സംബന്ധിച്ച ഡിക്രി, വിശുദ്ധരുടെ നാമകരണ  കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയതി, പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി. തെയോഫിൻ അച്ചനെ കൂടാതെ, ലെബനൻകാരനായ ബെക്കാര അബു മൊറാദിനെയും, ഫ്രാൻസുകാരനായ ഗബ്രിയേലേ മരിയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും, ഇറ്റാലിയൻകാരായ  ഫ്രാഞ്ചെസ്‌കോ ലൊമ്പാർദി,   ഫൗസ്തോ ജെയ് എന്നിവരെ ധന്യരുടെ ഗണത്തിലേക്കും ഉയർത്തി.

കപ്പൂച്ചിൻ വൈദികനായ, ധന്യൻ തെയോഫിൻ, 1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ജനിച്ചത്, മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വെരാപൊളി അതിരൂപതയുടെ മൈനര്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു. തുടർന്ന്, ഫ്രാന്‍സിസ് അസീസിയുടെ തീക്ഷ്ണമായ  ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം പിന്നീട് അദ്ദേത്തെ കപ്പൂച്ചിൻ സഭയിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31 ന് അദ്ദേഹം കപ്പൂച്ചിൻ സഭയുടെ അംഗമായി മാറുകയും, തെയോഫിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. തുടർന്ന്,  1941 ഏപ്രില്‍ 20 ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

ഏറ്റവും ആദരണീയനായ കപ്പൂച്ചിൻ പ്രസംഗകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യത്തിന്റെ ആത്മാവിനെ എപ്പോഴും തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി.  ഒരു അദ്ധ്യാപകനെന്ന നിലയിൽ, അദ്ദേഹം എപ്പോഴും ശ്രദ്ധാലുവും വിദ്യാർത്ഥികളുടെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും വ്യക്തമാക്കാൻ സന്നദ്ധനുമായിരുന്നു. ജീവിതകാലത്ത് വ്യാപകമായിരുന്ന വിശുദ്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശസ്തി, 1968 ഏപ്രിൽ 4-ന്,  മരണശേഷം കൂടുതൽ ശക്തമായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2026, 14:51