തിരയുക

ഫ്രാൻസിസ് അസീസിയുടെ ഭൗതിക തിരുശേഷിപ്പുകൾ ഫ്രാൻസിസ് അസീസിയുടെ ഭൗതിക തിരുശേഷിപ്പുകൾ   (AFP or licensors)

ആധിപത്യം സ്ഥാപിക്കാത്ത, മറിച്ച് സേവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ഉദാഹരണമാണ് ഫ്രാൻസിസ് അസീസി: കർദിനാൾ ഫെർണാണ്ടസ്

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം മരണവാർഷികത്തിൽ, വിശുദ്ധന്റെ ഭൗതീകതിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു. ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി മുതലാണ്, പൊതുദർശനം ആരംഭിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

ഫ്രാൻസിസ് അസീസിയുടെ, മരണത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിന്റെ  തിരുശേഷിപ്പുകൾ, അസ്സീസിയിലെ പൊതുജന വണക്കത്തിനായി തുറന്നുകൊടുത്തു. മാർച്ചുമാസം ഇരുപത്തിരണ്ടു വരെയാണ് പൊതുദർശനം. ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക്, വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം, അസീസിയുടെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി  കർദ്ദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമ്മികത്വത്തിൽ, കൊണ്ടുവരികയും, തുടർന്ന് വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തു.

ഫ്രാൻസിസ് അസ്സീസി ഇന്നത്തെ ലോകത്തിനു നൽകുന്ന സ്വാതന്ത്ര്യത്തിന്റെ മാതൃക ആധിപത്യത്തിന്റെയല്ല, മറിച്ച്,  സേവനത്തിന്റെയാണെന്നു കർദിനാൾ വചന സന്ദേശത്തിൽ അടിവരയിട്ടുപറഞ്ഞു. ഭൂതകാലത്തിന്റെ ഗൃഹാതുരത്വത്തിൽ വീഴാതെ, വർത്തമാനകാല വെല്ലുവിളികളെ നേരിടാനുള്ള ഒരു സമൂർത്തമായ സ്വാന്ത്ര്യമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദാമിന്റെയും ക്രിസ്തുവിന്റെയും സവിശേഷതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇന്നത്തെ മനുഷ്യകുലത്തിന്റെ രണ്ടുഭാവങ്ങളെ കർദിനാൾ വിശദീകരിച്ചു. ആദ്യത്തേത്, ദൈവമില്ലാതെ ദൈവമാകാനുള്ള പ്രലോഭനത്തിന് വഴങ്ങുന്ന മനുഷ്യനെയും, രണ്ടാമത്തേത് പിതാവിന് പൂർണ്ണമായി സമർപ്പിച്ച പുത്രനെയും വെളിപ്പെടുത്തുന്നു. അതിനാൽ,  സ്വയംപര്യാപ്തതയുടെയും ശക്തിയുടെയും യുക്തിക്കനുസൃതമായി ജീവിക്കണോ, അതോ ദൈവത്തോടുള്ള അനുസരണത്തിന്റെയും  അവനോടുള്ള വിശ്വാസത്തിന്റെയും  യുക്തിക്കനുസൃതമായി ജീവിക്കണോ? എന്നുള്ള തിരഞ്ഞെടുപ്പ് നടത്തുവാൻ കർദിനാൾ ഏവരെയും ക്ഷണിച്ചു.

യഥാർത്ഥ സ്വാതന്ത്ര്യം കൈവശപ്പെടുത്തലിലും ആധിപത്യത്തിലുമല്ല, വിശ്വാസത്തിലും സേവനത്തിലുമാണെന്ന് സ്ഥിരീകരിച്ച ശബ്ദമായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസീസിയുടേതെന്നു കർദിനാൾ ആർത്തിമേ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ലൗകീകമായ പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ, ദാരിദ്ര്യവും അനുസരണവും തിരഞ്ഞെടുക്കുവാൻ, വിശുദ്ധ ഫ്രാൻസിസിനെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രലോഭനത്തിനെതിരായ വിജയം നമ്മെ മറ്റുളവരിലേക്ക് തുറക്കുവാൻ അനുവദിക്കുന്നുവെന്നും, ഇതാണ് വിശുദ്ധന്റെ ജീവിതം നമുക്ക് കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു. "പാപം പെരുകിയിടത്ത് കൃപ അത്യന്തം വർദ്ധിച്ചു,"  എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ  ഉദ്ധരിച്ചുകൊണ്ട്, ഈ അതിസമൃദ്ധിയുടെ അടയാളമാണ് വിശുദ്ധ ഫ്രാൻസിസ് എന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഫെബ്രുവരി 2026, 13:38