പാപ്പാ സന്യസ്തരെ അഭിവാദ്യം  ചെയ്യുന്നു പാപ്പാ സന്യസ്തരെ അഭിവാദ്യം ചെയ്യുന്നു   (AFP or licensors)

സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം

ഫെബ്രുവരി മാസം രണ്ടാം തീയതി തിങ്കളാഴ്ച്ച, 30-ാമത് സമർപ്പിതരുടെ ആഗോള ദിനമായി ആചരിക്കുകയാണ്. അന്നേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിക്ക് കാർമ്മികത്വം വഹിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് സമർപ്പിത ജീവിത സ്ഥാപനങ്ങൾക്കും അപ്പോസ്തല ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററി ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 "അന്തസ്സ് മുറിവേൽപ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമർപ്പിതരുടെ പ്രവാചക സാന്നിധ്യം" എന്ന തലക്കെട്ടിൽ,  സമർപ്പിതരുടെ ആഗോള  ദിനത്തോടനുബന്ധിച്ച്, സമർപ്പിത ജീവിത സ്ഥാപനങ്ങൾക്കും അപ്പോസ്തല ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ ലേഖനത്തിൽ നന്ദിയോടെ അനുസ്മരിച്ചു.

സംഘർഷങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത, ദാരിദ്ര്യം, പാർശ്വവൽക്കരണം, നിർബന്ധിത കുടിയേറ്റം, മതന്യൂനപക്ഷത്തോടുള്ള  എതിർപ്പുകൾ , അക്രമം, വ്യക്തികളുടെ അന്തസ്സ് ഹനിക്കുന്ന പ്രവൃത്തികൾ, പിരിമുറുക്കങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ അവസ്ഥകളിൽ, സന്യസ്തരുടെ പ്രവാചക സാന്നിധ്യം ഏറെ ശക്തമാണെന്നു സാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നുവെന്നും ലേഖനത്തിൽ അടിവരയിട്ടു പറയുന്നു. ദുർബലതയുടെയും പരീക്ഷണത്തിന്റെയും സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരോട് ചേർന്നുള്ള സന്യസ്തരുടെ പ്രവർത്തനങ്ങൾ എപ്പോഴും 'നിലനിൽക്കുന്ന ഒരു സാന്നിധ്യമായി' മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

 ലോകത്തിന്റെ പല ഭാഗങ്ങളിലും, രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം വിശ്വാസത്തെ പരീക്ഷണത്തിനു വിധേയമാക്കുകയും, പ്രത്യാശയെ തളർത്തുകയും ചെയ്യുമ്പോൾ, വിശ്വസ്തവും എളിമയാർന്നതും, സർഗ്ഗാത്മകവും, വിവേകപൂർണ്ണവുമായ സന്യസ്തരുടെ സാന്നിധ്യം ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ അടയാളമായി മാറുന്നുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. സന്യസ്തരുടെ ഈ സാന്നിധ്യം എന്നാൽ വ്യക്തിപരമോ സാമൂഹികമോ ആയ തിരഞ്ഞെടുപ്പല്ല എന്നും, അവരുടെ വാക്കുകൾ, മുഴുവൻ സഭയ്ക്കും ലോകത്തിനും ഒരു പ്രവചന ശബ്ദമായി മാറുന്നുവെന്നും എടുത്തു പറഞ്ഞു.

സംഘർഷങ്ങളുടെ മുറിവുകൾ സാഹോദര്യത്തെ മായ്ച്ചുകളയുന്നതായി തോന്നുന്നിടത്ത് കൃത്യമായി നിരായുധരാക്കുന്ന വാക്കുകൾ, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ, കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനുള്ള പ്രതിബദ്ധത, അനുരഞ്ജനത്തിന്റെ പാതകൾ  തേടുന്നതിലെ സ്ഥിരോത്സാഹം, വ്യക്തികളുടെ അന്തസ്സിനെയും നീതിയെയും നിഷേധിക്കുന്ന സാഹചര്യങ്ങളെയും ഘടനകളെയും അപലപിക്കാനുള്ള ധൈര്യം എന്നിവയെല്ലാം സമർപ്പിതരുടെ ജീവിതത്തിന്റെ സവിശേഷതകൾ ആണെന്നതും ലേഖനം അടിവരയിട്ടു പറയുന്നു.

സമർപ്പിതരുടെ ധ്യാനാത്മകമായ ജീവിതം പ്രത്യാശ കാത്തുസൂക്ഷിക്കുന്നുവെന്നും, അത് സമൂഹത്തിൽ വിവേകപൂർണ്ണമായ പുളിപ്പായി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും ലേഖനത്തിൽ എടുത്തു പറയുന്നു. അതിനാൽ സമർപ്പിതർ സമാധാനത്തിന്റെ വക്താക്കളായി മാറുവാനും, സത്യത്തിന്റെ സാക്ഷികളാകുവാനും,  ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലേഖനം അടിവരയിടുന്നു.

സമാധാനം അകലെയാണെന്നു തോന്നുമെങ്കിലും അതിന്റെ പ്രാപ്തിക്കായി സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കണമെന്നും, സമാധാനത്തിന്റെ പാതയിൽ പ്രത്യാശയുടെ തീർത്ഥാടകരാകാൻ  ഏവരെയും ക്ഷണിച്ച ജൂബിലിയുടെ ആഹ്വാനം ജീവിതത്തിൽ തുടരുവാനുള്ള ആശംസകളും നൽകി. സഭയിലും ലോകത്തിലും പ്രവാചക സാന്നിധ്യവും, സമാധാനത്തിന്റെ വിത്തുമായി തീരുവാനുള്ള ക്ഷണവും നൽകിയാണ് ലേഖനം ഉപസംഹരിക്കുന്നത്.

ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്, സിസ്റ്റർ സിമോണ ബ്രാംബില്ല, പ്രോ-പ്രിഫെക്റ്റ് കർദിനാൾ ആംഹെൽ അർത്തിമേ, സെക്രട്ടറി സിസ്റ്റർ തിത്സ്യാന മെർലെത്തി എന്നിവരാണ് ലേഖനത്തിൽ ഒപ്പുവച്ചിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജനുവരി 2026, 12:33