'ലോകത്തിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള ഒരു ഉപകരണമാണ് എക്യുമെനിസം': കർദിനാൾ കുർട്ട് കോഹ്
മാരിയോ ഗാൽഗാനോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജനുവരി 18 ഞായറാഴ്ച മുതൽ ജനുവരി 25 ഞായറാഴ്ച വരെ ക്രിസ്ത്യാനികൾ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ആഘോഷിക്കുന്നു. തദവസരത്തിൽ ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ്, ഐക്യം തേടാനുള്ള ക്രിസ്തീയ ദൗത്യത്തിന്റെ പ്രാധാന്യം അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ഐക്യത്തിനും ലോകസമാധാനത്തിനുമുള്ള ശ്രമങ്ങൾ "പരസ്പരം കൈകോർത്ത്" മുൻപോട്ട് കൊണ്ട് പോകണമെന്ന ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനത്തെക്കുറിച്ച് എടുത്തു പറഞ്ഞ കർദിനാൾ, സമൂഹത്തിലെ ഭിന്നതയെ പ്രതിഫലിപ്പിക്കാതെ, ഐക്യത്തിന്റെ അടയാളമാകുകയാണെങ്കിൽ, എക്യൂമെനിസത്തിനു സമൂഹത്തെ സേവിക്കുവാൻ സാധിക്കുമെന്ന് അടിവരയിട്ടു. വൈവിധ്യങ്ങൾക്കിടയിലും "ഏകാത്മാവിൽ" ജീവിക്കാൻ ക്രിസ്ത്യാനികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ക്രിസ്തുമതം തന്നെ വിഭജിക്കപ്പെട്ട ഒരു കൂമ്പാരമാണെങ്കിൽ, അതിന് സമൂഹത്തിന് കാര്യമായൊന്നും നൽകാൻ കഴിയില്ല," കർദ്ദിനാൾ പറഞ്ഞു. എക്യൂമെനിസത്തിന്റെ പൂർണ്ണമായുള്ള ഫലം നേടുന്നതിനുള്ള സമയപരിധികൾ നിശ്ചയിക്കുന്നത് നമ്മളല്ല, പരിശുദ്ധാത്മാവാണെന്നും കർദിനാൾ ഓർമ്മപ്പെടുത്തി.
"യേശുവിന് ഒരു സഭയാണ് വേണ്ടത്, പലതരം സഭകളല്ല," അദ്ദേഹം ചൂണ്ടിക്കാണിച്ചു. അടുത്തിടെ 1,700-ാം വാർഷികം ആഘോഷിച്ച നിഖ്യാ കൗൺസിലിന്റെ പ്രസക്തിയെക്കുറിച്ചും കർദിനാൾ സംസാരിച്ചു. നമ്മുടെ പൊതു വിശ്വാസപ്രഖ്യാപനത്തിൽ മാത്രമേ ഐക്യം കണ്ടെത്താൻ കഴിയൂ എന്നതിനാൽ, നിഖ്യ സൂനഹദോസ് ഇന്നും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: