തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ  

മിനിയാപൊളിസിലെ അക്രമം അസ്വീകാര്യമാണ്: കർദിനാൾ പരോളിൻ

റോമിലെ, ലുംസ സർവകലാശാലയിൽ വച്ച് നടന്ന ധാർമ്മികതയെയും സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ചുള്ള ഒരു യോഗത്തിനിടെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

അന്തോണെല്ല പലെർമോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"ഏതു തരത്തിലുള്ള അക്രമവും ഒഴിവാക്കുക എന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നും, അതിനാൽ മിനിയാപൊളിസിലെ അക്രമം പോലെയുള്ള സംഭവങ്ങളെ  അംഗീകരിക്കുവാൻ സാധിക്കില്ലെന്നും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വെളിപ്പെടുത്തി. റോമിലെ, ലുംസ സർവകലാശാലയിൽ വച്ച് നടന്ന ധാർമ്മികതയെയും സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ചുള്ള ഒരു യോഗത്തിനിടെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.  രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണത്തിന് കാരണമായ ഐസിഇ ഏജന്റുമാരുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചോദ്യത്തോടാണ്  അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

ബുദ്ധിമുട്ടുകൾ, പ്രശ്നങ്ങൾ, വൈരുദ്ധ്യങ്ങൾ എന്നിവ മറ്റ് വഴികളിലൂടെ പരിഹരിക്കപ്പെടണമെന്നും, മറിച്ച് കിരാതമായ  ഇത്തരത്തിലുള്ള നടപടികൾ അസ്വീകാര്യമാണെന്നും, അമേരിക്കൻ മെത്രാന്മാരുടെ പ്രസ്താവനകളോട് ചേർത്ത് കർദിനാൾ ചൂണ്ടിക്കാട്ടി. ട്രംപിന്റെ നിർദ്ദേശപ്രകാരം രൂപീകരിക്കുന്ന ഗാസയുടെ പുനർനിർമ്മാണത്തിനായുള്ള സമാധാന ബോർഡിൽ പരിശുദ്ധ സിംഹാസനം പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ചില വൈദികർ അയച്ച കത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവരുടെ ആശങ്കകൾ തനിക്ക് മനസ്സിലാകുന്നുണ്ടെന്നും, പങ്കെടുക്കുന്നതിനെപ്പറ്റിയുള്ള പ്രതികരണം ഇതുവരെ നൽകിയിട്ടില്ലെന്നും, എന്നാൽ  ഈ പദ്ധതിയുടെ നിർണായക വശങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് താൻ  വിശ്വസിക്കുന്നതായും കർദിനാൾ പറഞ്ഞു.

9-ാം നൂറ്റാണ്ടിലെ ആദ്യത്തെ സുവിശേഷകനായ സെന്റ് അൻസ്ഗറിന്റെ ആഘോഷങ്ങൾക്കായി ഡെൻമാർക്കിൽ നിന്ന് രണ്ട് ദിവസം മുമ്പ് തിരിച്ചെത്തിയ കർദിനാൾ പരോളിൻ,  വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സനുമായി കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിച്ചു. തദവസരത്തിൽ ഗ്രീൻലാൻഡിനെക്കുറിച്ചുള്ള സാഹചര്യത്തെക്കുറിച്ചുള്ള ഒരു പ്രത്യേക അവലോകനം നടത്തിയതായും, വാഷിങ്ങ്ടണുമായുള്ള ബന്ധത്തിൽ, അവർ ഒരു പരിഹാരത്തിലേക്കും ഒരു കരാറിലേക്കും നീങ്ങുകയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കർദിനാൾ പറഞ്ഞു.

"കൂടുതൽ പിന്തുണയുള്ള ഒരു ലോകമാണെങ്കിൽ മാത്രമേ കൂടുതൽ നീതിയുക്തമായ ഒരു ലോകം സാധ്യമാകൂ, കൂടുതൽ മാനുഷികമായ ഒരു സമ്പദ്‌വ്യവസ്ഥയാണെങ്കിൽ മാത്രമേ കൂടുതൽ കാര്യക്ഷമമായ ഒരു സമ്പദ്‌വ്യവസ്ഥ സാധ്യമാകൂ." "ബിസിനസ്സും സമൂഹവും - ബുദ്ധിമാന്മാരായ  ആളുകൾ നല്ലത് ചെയ്യുന്നു" എന്ന പുസ്തക പ്രകാശന വേളയിൽ കർദിനാൾ എടുത്തുപറഞ്ഞു.

ധാർമ്മികത, ചരിത്രത്തെ സ്വാധീനിക്കണമെങ്കിൽ, യഥാർത്ഥ സാമ്പത്തിക പ്രക്രിയകളുടെ ഹൃദയത്തിൽ ഇടം നേടണമെന്നും അദ്ദേഹം യോഗത്തിന്റെ അവസരത്തിൽ ഊന്നിപ്പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജനുവരി 2026, 12:30