വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ 

ട്രംപും യൂറോപ്പും തമ്മിലുള്ള സംഘർഷങ്ങൾ അന്താരാഷ്ട്ര കാലാവസ്ഥയെ കൂടുതൽ വഷളാക്കുന്നു: കർദിനാൾ പരോളിൻ

'ഒബ്സർവേറ്ററി ഫോർ ഇൻഡിപെൻഡന്റ് തിങ്കിംഗിന്റെ' 25-ാം വാർഷികാഘോഷങ്ങളുടെ സമാപന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയോട്, യുഎസും യൂറോപ്പും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, പിരിമുറുക്കങ്ങൾ അനാരോഗ്യകരമാണ്, പിരിമുറുക്കങ്ങൾ ഇല്ലാതാക്കുക, വിവാദപരമായ വിഷയങ്ങൾ ചർച്ച ചെയ്യുക എന്നത് ഏറെ പ്രധാനമാണെന്നു എടുത്തു പറഞ്ഞു

ദനിയേലെ പിച്ചീനി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജനുവരി 21 ബുധനാഴ്ച റോമിലെ അന്തോണിയാനും ശാലയിൽ,  "യുവജനങ്ങളെ ഭാവിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംഭാഷണം" എന്ന ശീർഷകത്തിൽ നടന്ന യോഗത്തിൽ സംബന്ധിക്കാനെത്തിയ  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറികർദിനാൾ പിയെത്രോ പരോളിൻ, യുഎസും, യൂറോപ്പും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുള്ള  മാധ്യമപ്രവർത്തകർകരുടെ ചോദ്യങ്ങൾക്ക്, അന്താരാഷ്ട്ര സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങൾ ഒഴിവാക്കപ്പെടണമെന്നും, മറിച്ച്  വിവാദപരമായ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും എടുത്തു പറഞ്ഞു.

ഗാസ സമാധാന ബോർഡിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതിൽ പങ്കെടുക്കുവാനുള്ള ട്രംപിന്റെ ക്ഷണം പാപ്പായ്ക്കും ലഭിച്ചിട്ടുണ്ടെന്നും, അതിൽ തീരുമാനങ്ങൾ സ്വീകരിക്കുവാനുള്ള ആലോചനകൾ നടന്നുവരികയാണെന്നും കർദിനാൾ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പരിഗണനയായിരിക്കും പരിശുദ്ധ സിംഹാസനത്തിനുള്ളതെന്നും, അത് സാമ്പത്തികമായ ഭാഗഭാഗിത്വമായിരിക്കില്ല എന്നതാണ് തന്റെ വിശ്വാസമെന്നും കർദിനാൾ പറഞ്ഞു.

വ്യക്തിപരമായ വികാരങ്ങൾക്കപ്പുറം, നിയമാനുസൃതവും എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിയമങ്ങളെ ബഹുമാനിക്കുന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നു, ട്രംപിന്റെ പരാമർശങ്ങളെ എടുത്തു പറഞ്ഞുകൊണ്ട് കർദിനാൾ ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളിലുള്ള വിശ്വാസവും പ്രധാനപ്പെട്ടതാണെന്നും, മാധ്യമങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, ധ്രുവീകരിക്കാനോ നശിപ്പിക്കാനോ ഉള്ളതല്ല മറിച്ച് പണിതുയർത്തുവാൻ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെനിസ്വേല, ഇറാൻ, പലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥവയും, പിരിമുറുക്കങ്ങളും കർദിനാൾ എടുത്തു പറഞ്ഞു.  അന്താരാഷ്ട്ര സാഹചര്യത്തെ വിവരിക്കാൻ ഫ്രാൻസിസ് പാപ്പാ  ഉപയോഗിച്ച "മൂന്നാം ലോക മഹായുദ്ധം" എന്ന പ്രയോഗം ഒരു "യാഥാർത്ഥ്യം" ആയി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. നിരായുധീകരണവും, ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിന്റെയും അധാർമികതയും പരിശുദ്ധ സിംഹാസനം ഇപ്പോഴും ഊന്നൽ നൽകിയിട്ടുള്ള വിഷയങ്ങൾ ആണെന്നതും കർദിനാൾ ചൂണ്ടിക്കാട്ടി.

ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷമാണ് മധ്യപൂർവദേശം മുഴുവൻ സമാധാനത്തിനുള്ള താക്കോൽ എന്ന തന്റെ ബോധ്യം കർദ്ദിനാൾ പരോളിൻ പ്രകടിപ്പിച്ചു. ഈ സംഘർഷം അവസാനിക്കുന്നതോടെ, മറ്റുള്ളവയും പരിഹരിക്കപ്പെടുമെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവച്ചു. ഇപ്പോൾ, പ്രധാന കാര്യം ഒരു കരാർ കണ്ടെത്തുകയും പലസ്തീൻ ജനതയ്ക്ക് പ്രതീക്ഷ നൽകുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജനുവരി 2026, 13:30