ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച 

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനു ഫലപ്രദമായ നടപടികൾ വികസിപ്പിക്കണം: ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര സമ്മേളനത്തിന്റെ സ്ഥാനപതികളുടെ ആദ്യ വിഭാഗ പൊതുചർച്ചയിൽ, ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1953-ൽ, രണ്ടാം ലോകമഹായുദ്ധസമയത്ത് സാധാരണപൗരന്മാർക്കെതിരെ നടന്ന വ്യാപകമായ അതിക്രമങ്ങളെക്കുറിച്ച്, പന്ത്രണ്ടാം പീയൂസ് പാപ്പാ നടത്തിയ പ്രസ്താവനകളെയും, ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിക്കേണ്ടുന്ന കരാറുകളുടെ ആവശ്യകതയെയും ഓർമ്മപെടുത്തിക്കൊണ്ടാണ്, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര സമ്മേളനത്തിന്റെ സ്ഥാനപതികളുടെ  ആദ്യ വിഭാഗ പൊതുചർച്ചയിൽ, ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച സംസാരിച്ചത്. എഴുപത് വർഷത്തിലേറെ കഴിഞ്ഞിട്ടും, പാപ്പായുടെ ആഹ്വാനത്തിന് ഇപ്പോഴും പൂർണ്ണമായ സാധുതയുള്ളതും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.

ഇതിനെ കുറിച്ചുള്ള ചർച്ചകൾ തുടരുമ്പോഴും, മനുഷ്യജീവിതത്തിന്റെ പവിത്രതയുടെ ലംഘനങ്ങൾ തുടരുന്നത് നിർഭാഗ്യകരമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുട്ടികൾ, സ്ത്രീകൾ, വംശീയ, മത ന്യൂനപക്ഷങ്ങളിലെ അംഗങ്ങൾ, പീഡനം, അക്രമം, മരണം എന്നിവ അനുഭവിക്കുന്നുവെന്നും, ഇത്  മനുഷ്യന്റെ അന്തസ്സിനെയും മാനവികതയുടെ ധാർമ്മിക മനസ്സാക്ഷിയെയും ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

"മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ പരമ്പരാഗത അന്താരാഷ്ട്ര നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി ഈ കുറ്റകൃത്യങ്ങളെ അംഗീകരിക്കുക എന്നതല്ല, മറിച്ച്, അവയുടെ മേൽ  ഫലപ്രദമായ നടപടികൾ വികസിപ്പിക്കുക എന്നതാണ്", അദ്ദേഹം പറഞ്ഞു. സംഭാഷണത്തിൽ ഏർപ്പെടുന്നതിനു ഉപയോഗിക്കുന്ന വാക്കുകളിലും ആശയങ്ങളിലും യോജിപ്പ് ആവശ്യമാണെന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും അദ്ദേഹം ഓർമ്മപ്പെടുത്തി.

മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള  പ്രഥമവും പ്രധാനവുമായ കടമ രാജ്യങ്ങളിൽ നിക്ഷിപ്തമാണെന്നും, അതേസമയം, അത്തരം കുറ്റകൃത്യങ്ങളുടെ അന്തർദേശീയ മാനങ്ങളെ അഭിസംബോധന ചെയ്യുന്നതിലും, തങ്ങളുടെ ബാധ്യതകൾ ഫലപ്രദമായി നിറവേറ്റാനുള്ള ശേഷി ഇല്ലാത്ത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിലും അന്താരാഷ്ട്ര സഹകരണം ഒരു ഒഴിച്ചുകൂടാനാവാത്ത പൂരക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം അടിവരയിട്ടു.

മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളോട് ഫലപ്രദവും ശാശ്വതവുമായ പ്രതികരണം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, തുറന്നതും ക്രിയാത്മകവുമായ ഒരു സംഭാഷണത്തിനായി പരിശുദ്ധ സിംഹാസനം പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും പ്രസ്താവനയിൽ ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജനുവരി 2026, 14:11