തിരയുക

വത്തിക്കാനിൽ നടന്നുവരുന്ന ആഗമനകലധ്യാനത്തിന്റെ ഒരു ദൃശ്യം വത്തിക്കാനിൽ നടന്നുവരുന്ന ആഗമനകലധ്യാനത്തിന്റെ ഒരു ദൃശ്യം  (ANSA)

സഭ ഏവർക്കും തങ്ങളുടെ വ്യതിരക്തത കാത്തുസൂക്ഷിക്കാനാകുന്ന ഭവനമാണ്: ഫാ. പസൊളീനി

ക്രിസ്തുമസിന് ഒരുക്കമായുള്ള ആഗമനകാലധ്യാനത്തിന്റെ ഭാഗമായി ഡിസംബർ 12 വെള്ളിയാഴ്ച, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രാസംഗികൻ ഫാ. റൊബേർത്തോ പസൊളീനി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പരിശുദ്ധ പിതാവിന്റെ സാന്നിദ്ധ്യത്തിൽ പ്രഭാഷണം നടത്തി. ഏവർക്കും സ്വീകാര്യമായതും, തങ്ങളുടെ വ്യതിരക്തത കാത്തുസൂക്ഷിക്കാനാകുന്നതുമായ പൊതുഭവനമാണ് സഭയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയിൽ ഉണ്ടാകേണ്ട ഐക്യവും, സഹകരണവും ചൂണ്ടിക്കാട്ടിയും, ഒരു പൊതുഭവനമെന്ന സഭയുടെ സ്വഭാവം അനുസ്മരിച്ചും പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രാസംഗികൻ ഫാ. റൊബേർത്തോ പസൊളീനി. ക്രിസ്തുമസിനുള്ള ഒരുക്കത്തിന്റെ ഭാഗമായി വത്തിക്കാനിൽ പതിവായി നടക്കുന്ന ആഗമനകാല ധ്യാനത്തിന്റെ ഭാഗമായി ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ പോൾ ആറാമൻ ശാലയിൽ പ്രസംഗിക്കവെയാണ് സഭ ഏവരെയും സ്വീകരിക്കുന്ന ഒരു ഭവനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചത്.

ലിയോ പതിനാലാമൻ പാപ്പായുടെ കൂടി സാന്നിദ്ധ്യത്തിൽ, "കർത്താവിന്റെ ഭവനം പുനഃരുദ്ധരിക്കുക, എതിർനിലപാടുകളില്ലാത്ത ഒരു സഭ" എന്ന വിഷയത്തിൽ ധ്യാനചിന്തകൾ പങ്കുവച്ച ഫാ. പസൊളീനി, സഭയിലെ ഐക്യം ഏകരൂപമെന്ന സ്വഭാവമുള്ളതല്ലെന്നും, യഥാർത്ഥ ഐക്യം, മറ്റുള്ളവരുടെ വ്യത്യസ്തതകൾ അഭിമുഖീകരിക്കുന്നതിനെ ഭയപ്പെടുന്ന ഒന്നല്ലെന്നും ഓർമ്മിപ്പിച്ചു.

ബാബേൽ ഗോപുരവുമായി ബന്ധപ്പെട്ട ചിന്തകൾ പരാമർശിച്ചുകൊണ്ട്, ദൈവം ഓരോരുത്തർക്കും തങ്ങളുടെ വ്യക്തിപരമായ അന്തസ്സ് തിരികെ നല്കുന്നവനാണെന്നും, ഏവരും ഒരുപോലെയായിരിക്കുക എന്നതിൽനിന്നുള്ള സ്വാതന്ത്ര്യം ഏറ്റവും വലിയ നന്മകളിൽ ഒന്നാണെന്നും പൊന്തിഫിക്കൽ ഭവനത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു.

സഭയിൽ ഏവരുടെയും വ്യതിരക്തതകളെയും വ്യത്യസ്തതകളെയും ഇല്ലാതാക്കാനല്ല, സ്വാഗതം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും, അത് സഭയുടെ നവീകരണത്തിന്റെ ഭാഗമാണെന്നും ഫാ. പസൊളീനി ഓർമ്മിപ്പിച്ചു. സഭയിലെ ഐക്യം എന്നത് എല്ലാവരും തുല്യരായിരിക്കാൻവേണ്ടി വ്യത്യസ്തതകൾ പരസ്പരം ഇല്ലായ്മ ചെയ്യുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഭ ഏവരുടെയും ഭവനമാകാനാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭ അതിന്റെ കൗദാശികമായ സ്വഭാവം മറന്ന്, ഒരു സാമൂഹ്യസംഘടനയായി മാറാൻ ശ്രമിച്ചാൽ, അത്തരം പരിശ്രമങ്ങൾ സഭയെ തകർച്ചയിലേക്കാണ് നയിക്കുകയെന്ന് ഫാ. പസൊളീനി ഓർമ്മിപ്പിച്ചു. വിശ്വാസവും ആരാധനാക്രമവും ക്രൈസ്തവ അദ്ധ്യാത്മികതയും നഷ്ടം വരാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

സഭയെന്നത്, മാനവികമായ കാഴ്ചപ്പാടുകൾ ഉപയോഗിച്ച് പണിതുയർത്തേണ്ട ഒന്നല്ല, മറിച്ച് അത്, സ്വീകരിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും ശുശ്രൂഷിക്കപ്പെടുകയും ചെയ്യേണ്ട ഒരു ദാനമാണെന്ന് ഓർമ്മിപ്പിച്ച പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രാസംഗികൻ, വിശ്വസ്‌തയോടും സ്നേഹത്തോടും കൂടി നാമേവരും ചെയ്യേണ്ട ഉത്തരവാദിത്വമാണ് ഇതെന്ന് അനുസ്മരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഡിസംബർ 2025, 14:18