വിശുദ്ധ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്തിടെ വത്തിക്കാനിൽ നടന്ന ചടങ്ങുകളിൽനിന്നുള്ള ഒരു ദൃശ്യം വിശുദ്ധ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്തിടെ വത്തിക്കാനിൽ നടന്ന ചടങ്ങുകളിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരൻ ഉൾപ്പെടെ നിരവധി ദൈവദാസർ വിശുദ്ധപദവിയോടടുക്കുന്നു

കേരളത്തിലെ ധർമ്മഗിരി സന്ന്യാസിനീ സഭയുടെ സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരൻ ഉൾപ്പെടെ നിരവധി ദൈവദാസന്മാരുടെ വീരോചിതപുണ്യങ്ങളും, പതിനൊന്ന് പേരുടെ രക്തസാക്ഷിത്വവും, ഒരു ദൈവദാസന്റെ പ്രാർത്ഥനയിൽ നടന്നതെന്ന് കരുതപ്പെടുന്ന അത്ഭുതവും അംഗീകരിച്ച്, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഡിക്രികൾ പുറത്തിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കേരളത്തിലെ ധർമ്മഗിരി സന്ന്യാസിനീ സഭാസ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരൻ, ദൈവദാസരായ ഫ്രാൻസിൽനിന്നുള്ള എൻറികോ ഏർനെസ്റ്റോ ഷോ, സ്പൈനിൽനിന്നുള്ള രക്തസാക്ഷികളായ ഇഞ്ഞാസ്യോ അലായെക്സ് വക്വേറോയും പത്ത് സഹകാരികളും, ഇറ്റലിയിൽനിന്നുള്ള കപ്പൂച്ചിൻ മൈനർ വൈദികനായിരുന്ന ഫാ. ബെറാർദോ അതോണ്ണ, ഇറ്റലിക്കാരിയും ദൈവികപരിപാലനയുടെ ഡൊമിനിക്കൻ ഭവനമെന്ന സന്ന്യസ്തസഭയുടെ സ്ഥാപകയുമായ ഡൊമെനിക്ക   പരിശുദ്ധാത്മാവിന്റെ കത്തറീന എന്ന സന്ന്യസ്ത തുടങ്ങിയവർ വിശുദ്ധപദവിയോടടുക്കുന്നു.

ധന്യനായ ദൈവദാസൻ എൻറികോ ഏർനെസ്റ്റോ ഷോയുടെ പ്രാർത്ഥനാസഹായത്താൽ ഉണ്ടായ അത്ഭുതം സ്ഥിരീകരിച്ചും, ഇഞ്ഞാസ്യോ അലായെക്സ് വക്വേറോയുടെയും പത്ത് സഹകാരികളുടെയും രക്തസാക്ഷിത്വവും, ദൈവദാസരായ ഫാ. ജോസഫ് പഞ്ഞിക്കാരൻ, ഫാ. ബെറാർദോ അതോണ്ണ, സി. പരിശുദ്ധാത്മാവിന്റെ ഡൊമെനിക്ക കത്തറീന എന്നിവരുടെ വീരോചിത പുണ്യങ്ങളും അംഗീകരിച്ചും കൊണ്ട് വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഡിസംബർ 18 വ്യാഴാഴ്ച ഡിക്രികൾ പ്രസിദ്ധീകരിച്ചു.. ലിയോ പതിനാലാമൻ പാപ്പായുമായി ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോ നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പായുടെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് ഈ കല്പന പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതോടെ വിശുദ്ധരെന്ന് പ്രഖ്യാപിക്കപ്പെടുന്നതിലേക്ക് ഒരു പടികൂടി ഈ ദൈവദാസർ കടന്നു.

ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരൻ

എർണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിൽ ഉഴുവ എന്നയിടത്ത് 1888 സെപ്റ്റംബർ 10-ന് ജനിച്ച ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരൻ  (Servant of God Fr. Joseph Panjikaran), 1949 നവംബർ 4-ന് കോതമംഗലത്തുവച്ചാണ് മരണമടഞ്ഞത്. രൂപതാ വൈദികനും, ധർമ്മഗിരി സന്ന്യാസിനിമാർ (Medical Sisters of St. Joseph) എന്ന പേരിൽ അറിയപ്പെടുന്ന സന്ന്യസ്തസഭയുടെ സ്ഥാപകനും (1944) കൂടിയാണ് ദൈവദാസൻ. രോഗീപരിപാലന, ചികിത്സാമേഖലയിൽ ശുശ്രൂഷകൾ നടത്തുകയെന്ന ലക്ഷ്യവും ഈ സഭാസ്ഥാപനത്തിന് പിന്നിൽ ഉണ്ടായിരുന്നു. ദൈവദാസന്റെ വീരോചിത പുണ്യങ്ങൾ പരിശുദ്ധ സിംഹാസനം ഡിസംബർ 18 വ്യാഴാഴ്ച പുറത്തുവിട്ട ഡിക്രിയിലൂടെ അംഗീകരിക്കുകയായിരുന്നു. 

ഇതുകൂടാതെ,

ഫ്രാൻസിലെ പാരീസിൽ 1921 ഫെബ്രുവരി 26-ന് ജനിച്ച്, 1962 ഓഗസ്റ്റ് 27-ന് മരണമടഞ്ഞ ആല്മായനും കുടുംബനാഥനുമായ ധന്യൻ എൻറികോ ഏർനെസ്റ്റോ ഷോയുടെ (Enrico Ernesto Shaw) പ്രാർത്ഥനയാൽ നടന്ന അത്ഭുതം,

വിശ്വാസത്തോടുള്ള എതിർപ്പിന്റെ ഭാഗമായി 1936-നും 1937-നും ഇടയിൽ, സ്പെയിനിലെ മാഡ്രിഡ് പ്രവിശ്യയിൽ കൊലചെയ്യപ്പെട്ട ഇഞ്ഞാസ്യോ അലായെക്സ് വക്വേറോ (Ignazio Aláex Vaquero) എന്ന സെമിനാരിക്കാരനും, ഒരു പുരോഹിതനും, മറ്റ് സെമിനാരിക്കാരും അൽമായരും ഉൾപ്പെടെ പതിനൊന്ന് പേരുടെ രക്തസാക്ഷിത്വം,

ഇറ്റലിയിലെ സാർണോയിൽ (Sarno) 1843 ജൂലൈ 1-ന് ജനിച്ച്, 1917 മാർച്ച് 4-ന് നേപ്പിൾസിൽ മരണമടഞ്ഞ ദൈവദാസൻ ഫാ. ബെറാർദോ അതോണ്ണ (Berardo Atonna - Giuseppe) യുടെയും

ഇറ്റലിയിലെ നേ (Ne) എന്നയിടത്ത് 1822 ഡിസംബർ 8-ന് ജനിച്ച്, ജെനോവയിൽ 1908 മെയ് 7-ന് മരണമടഞ്ഞ ദൈവദാസി സി. പരിശുദ്ധാത്മാവിന്റെ ഡൊമെനിക്ക കത്തറീനയുടെയും (Domenica Caterina dello Spirito Santo - Teresa Solari) വീരോചിത പുണ്യങ്ങളും

ഇതേദിവസം പരിശുദ്ധ സിംഹാസനം അംഗീകരിച്ചു.

നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെയും, തെരേസ്യ൯ കർമ്മലീത്ത സന്യാസിനി സഭയുടെയും സ്ഥാപകയായ ധന്യ സി. ഏലീശ്വാ വാകയിലിനെ പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ, നവംബർ 8 ശനിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വല്ലാർപാടം ബസലിക്കയിൽ വച്ച് വാഴ്ത്തപ്പെട്ടവളായി സഭ ഉയർത്തിയിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഡിസംബർ 2025, 14:18