തിരയുക

ലിയോ പതിനാലാമൻ പാപ്പായും, എക്യൂമെനിക്കൽ  പാത്രിയാർക്കീസ് ​​ബർത്തലോമിയോ ഒന്നാമനും ലിയോ പതിനാലാമൻ പാപ്പായും, എക്യൂമെനിക്കൽ പാത്രിയാർക്കീസ് ​​ബർത്തലോമിയോ ഒന്നാമനും  (AFP or licensors)

നിഖ്യയിൽ ഏറ്റുപറഞ്ഞ അപ്പസ്തോലിക വിശ്വാസം എല്ലാ ക്രൈസ്തവ സഭകളുടെയും വിജയമാണ്: ബർത്തലോമിയോ ഒന്നാമൻ

ഇസ്‌നിക്കിൽ, ചരിത്രത്തിലെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം ആഘോഷിക്കുന്നതിനായി ലിയോ പതിനാലാമൻ പാപ്പായും, എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനും, ലോകത്തിലെ ക്രിസ്ത്യൻ സഭകളുടെ നേതാക്കളും പ്രതിനിധികളും ഒത്തുചേർന്നു. തദവസരത്തിൽ, ഏവരെയും സ്വാഗതം ചെയ്തുകൊണ്ടും, വാർഷികത്തിന്റെ കാലിക പ്രസക്തി അടിവരയിട്ടുകൊണ്ടും, എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ സംസാരിച്ചു. സ്വാഗത പ്രസംഗത്തിന്റെ പൂർണ്ണരൂപം.
ശബ്ദരേഖ

വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ പിതാവേ, ബഹുമാന്യരേ,  ലോകമെമ്പാടുമുള്ള ക്രിസ്തീയ സഭകളുടെ  പ്രതിനിധികളേ, ക്രിസ്തുവിൽ സഹോദരീസഹോദരന്മാരേ,

"ഇതാ, സഹോദരങ്ങള് ഒരുമിച്ചു ജീവിക്കുന്നത് എത്ര നല്ലതും ആനന്ദകരവുമാണ് !" (സങ്കീർത്തനം 132[133]:1). ആയിരത്തി എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിഖ്യയിൽ നടന്ന ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ സ്മരണയെയും പാരമ്പര്യത്തെയും ഈ സംയുക്ത തീർത്ഥാടനത്തിലൂടെ ആദരിക്കാനുള്ള ഞങ്ങളുടെ എളിയ ക്ഷണത്തോട് നിങ്ങളെല്ലാവരും ക്രിയാത്മകമായി പ്രതികരിച്ചതിൽ ഞങ്ങൾ ഏറെ കൃതാർത്ഥരാണ്. ഇത്രയധികം നൂറ്റാണ്ടുകളിലായി, കടന്നുവന്ന പ്രക്ഷോഭങ്ങളും, ബുദ്ധിമുട്ടുകളും, ഭിന്നതകളും എല്ലാം  ഉണ്ടായിരുന്നിട്ടും, ഈ വിശുദ്ധമായ  അനുസ്മരണത്തെ നാം ബഹുമാനത്തോടെയും പ്രത്യാശയുടെ പൊതുവായ വികാരത്തോടെയും പരസ്പരം പങ്കുവയ്ക്കുന്നു. കാരണം കഴിഞ്ഞകാലത്തെപറ്റി അനുസ്മരിക്കുവാനോ, ചരിത്രത്തെക്കുറിച്ച് മാത്രം ചിന്തിക്കാനോ വേണ്ടിയല്ല നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്, മറിച്ച്,  നിഖ്യയിലെ പിതാക്കന്മാർ പ്രകടിപ്പിച്ച അതേ വിശ്വാസത്തിന്, ജീവിക്കുന്ന സാക്ഷ്യം വഹിക്കാനാണ്.

മുന്നോട്ട് പോകുന്നതിനായി നാം ക്രിസ്തീയ വിശ്വാസത്തിന്റെ ഈ ഉറവിടത്തിലേക്ക് മടങ്ങിവരുന്നു. മുന്നിലുള്ള നമ്മുടെ ദൗത്യങ്ങൾക്ക് വേണ്ടി ശക്തരാകുന്നതിന് ഈ  നിശ്വസ്ത വിശ്രമ ജലത്തിൽ നാം നവോന്മേഷം നേടുന്നു. ഈ സ്ഥലത്തിന്റെ ശക്തി കടന്നുപോകുന്നതിലല്ല, മറിച്ച് എന്നെന്നേക്കുമായി നിലനിൽക്കുന്നതിലാണ് വസിക്കുന്നത്.  നമ്മുടെ കർത്താവും,  രക്ഷകനുമായ യേശുക്രിസ്തു യഥാർത്ഥ ദൈവത്തിന്റെ യഥാർത്ഥ ദൈവമാണെന്നും,  പിതാവുമായി ഒരേ സത്തയിൽ ആണെന്നതിനും (ὁμοούσιος τῷ Πατρί) ഈ നിഖ്യാചരിത്രം നിത്യതയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ വിശ്വാസപ്രമാണത്തിലെ പദ പ്രയോഗങ്ങൾ അപ്പസ്തോലന്മാരുടെ വിശ്വാസം എല്ലാവരിലും ഊട്ടിയുറപ്പിക്കുന്നു.

ക്രിസ്തുവിൽ  പ്രിയ സഹോദരീ സഹോദരന്മാരേ, വിജയം (νίκη) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നിഖ്യ എന്ന പേര് ഉരുത്തിരിഞ്ഞത്.  വീണുപോയ ലോകം വിജയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത് ബലത്തെക്കുറിച്ചും ആധിപത്യത്തെക്കുറിച്ചും ചിന്തിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെന്ന നിലയിൽ വ്യത്യസ്തമായി ചിന്തിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ വിജയത്തിന്റെ വൈരുദ്ധ്യാത്മക അടയാളം കുരിശെന്ന  അജയ്യമായ പ്രതീകമാണ്. ഇത് ജനതകൾക്ക് 'വിഡ്ഢിത്തം' ആണ്, പരാജയത്തിന്റെ അടയാളമാണ്, എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തിന്റെ ജ്ഞാനത്തിന്റെയും ശക്തിയുടെയും പരമോന്നത പ്രകടനമാണ്. ഈ സ്ഥലത്ത് നാം തീർച്ചയായും വിജയം ആഘോഷിക്കുന്നു, പക്ഷേ അത് ഈ ലോകത്തിന്റേതല്ല, 'ലോകം നൽകുന്നതുപോലെയുമല്ല". (യോഹന്നാൻ 14:27)

സഭയ്ക്ക് സ്വർഗ്ഗീയവും ആത്മീയവുമായ വിജയം നൽകാൻ  പരിശുദ്ധാത്മാവ് ഉചിതമായി ഈ സ്ഥലം തിരഞ്ഞെടുത്തു. യോഹന്നാൻ അപ്പസ്തോലൻ പറയുന്നു, " ലോകത്തിന്‍മേലുള്ള വിജയം ഇതാണ്‌ - നമ്മുടെ വിശ്വാസം." (1 യോഹന്നാൻ  5:4). . ക്രിസ്ത്യാനികളെന്ന നിലയിൽ, നിഖ്യയിൽ പ്രകടിപ്പിച്ച അപ്പസ്തോലിക വിശ്വാസം നമ്മുടെ വിജയമാണ്. ഈ വിശ്വാസത്താൽ പാപത്തിന്റെ സ്വേച്ഛാധിപത്യം നമ്മുടെ ജീവിതത്തിൽ ഇല്ലാതാക്കപ്പെടുന്നു, അസാന്മാർഗ്ഗികതയുടെ അടിമത്തം അഴിച്ചുവിടപ്പെടുന്നു, ഭൂമി സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുന്നു. നിഖ്യ വിശ്വാസ പ്രമാണം, നമ്മുടെ മുഴുവൻ ക്രിസ്തീയ അസ്തിത്വത്തിനും ഒരു വിത്ത് പോലെ പ്രവർത്തിക്കുന്നു. ഇത് സമഗ്രതയുടെ ഒരു പ്രതീകമാണ്. നമ്മുടെ ഹൃദയത്തിൽ ജ്വലിക്കുന്ന നിഖ്യയുടെ വിശ്വാസ തീക്ഷ്ണതയാൽ, നമുക്ക് മുൻപിലുള്ള  ക്രിസ്തീയ കൂട്ടായ്മയെന്ന ഓട്ടം ഓടാം. 'യേശുക്രിസ്തുവിന്റെ വെളിപാടിൽ' വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന കൃപയ്ക്കുവേണ്ടി നമുക്ക് 'അവസാനം വരെ പ്രത്യാശിക്കാം' (cf. 1 പത്രോസ് 1:13). അവസാനമായി, 'പിതാവും പുത്രനും പരിശുദ്ധാത്മാവും, ത്രിത്വവും അവിഭാജ്യവുമാണ്' എന്ന ഏകമനസ്സോടെ ഏറ്റുപറയേണ്ടതിന് നമുക്ക് പരസ്പരം സ് നേഹിക്കാം. ആമേൻ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 നവംബർ 2025, 12:52