
പ്രത്യാശയെ പുണരാൻ കർത്താവിനെ പുൽകുക, മോൺസിഞ്ഞോർ റൂയിസ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയുള്ളവരാകാൻ കർത്താവിനെ ആശ്ലേഷിക്കണമെന്നും കാരണം കർത്താവ് വള്ളത്തിലുള്ളപ്പോൾ അതു മുങ്ങിപ്പോകില്ലെന്നും വത്തിക്കാൻറെ സമ്പർക്കമാദ്ധ്യമവിഭാഗത്തിൻറെ കാര്യദർശി മോൺസിഞ്ഞോർ ലൂസിയൊ അഡ്രിയാൻ റുയീസ്.
റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ 1 മാസത്തിലേറെയായി ശ്വാസകോശരോഗം മൂലം ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ സുഖപ്രാപ്തിക്കായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അനുദിനം വൈകുന്നേരം നടത്തപ്പെടുന്ന കൊന്തനമസ്ക്കാരം മാർച്ച് 14-ന് വെള്ളിയാഴ്ച നയിച്ച അദ്ദേഹം പ്രാർത്ഥയ്ക്ക് ആമുഖമായി നടത്തിയ ഹ്രസ്വവിചിന്തനത്തിലാണ് ഇതു പറഞ്ഞത്.
കോവിദ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട വേളയിൽ ലോകമഖിലം ജനങ്ങൾ ഭയന്ന് അടച്ചുപൂട്ടിയിരുന്ന സമയത്ത്, 5 വർഷം മുമ്പ്, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിജനമായ ചത്വരത്തിൽ, മഴയത്ത്, ഫ്രാൻസീസ് പാപ്പാ, നമുക്കെല്ലാവർക്കുവേണ്ടി പ്രാർത്ഥിക്കാനായി തനിച്ചെത്തിയതും, പ്രത്യാശയുടെ ഈ അടയാളം ലോകം മുഴുവൻ ശ്വാസമടക്കി ദൃശ്യമാദ്ധ്യമങ്ങളിലൂടെ നോക്കിയിരുന്നതും മോൺസിഞ്ഞോർ റുയീസ് അനുസ്മരിച്ചു.
നമ്മെ വിശ്വാസത്തിലേക്കു മാടിവിളിക്കുന്ന പാപ്പായുടെ ആ വാക്കുകൾ ഇന്നും മുഴങ്ങുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇപ്രകാരം ഉദ്ധരിച്ചു: “നമുക്ക് ഒരു നങ്കൂരമുണ്ട്: നാം അവൻറെ കുരിശിൽ രക്ഷ കൈവരിച്ചു. നമുക്ക് ഒരു ചുക്കാൻ ഉണ്ട്: അവൻറെ കുരിശിൽ നാം വീണ്ടെടുക്കപ്പെട്ടു. നമുക്ക് പ്രത്യാശയുണ്ട്: അവൻറെ കുരിശിൽ നാം സൗഖ്യമാക്കപ്പെടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു, അങ്ങനെ അവൻറെ പരിത്രാണ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ ആർക്കും കഴിയില്ല. പ്രത്യാശയെ പുണരുന്നതിനായി കർത്താവിനെ പുൽകുക. അവൻ കൂടെയുള്ളപ്പോൾ വഞ്ചി മുങ്ങില്ല.”
ഈ വാക്കുകൾ ഉദ്ധരിച്ചതിനു ശേഷം മോൺസിഞ്ഞോർ റുയീസ്, ഇന്ന് വിശുദ്ധ പത്രോസിൻറെ ചത്വരത്തിൽ നടക്കുന്നത് നമ്മളാണെന്നും നാം പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിക്കുകയാണെന്നും പറയുകയും പാപ്പായോടുള്ള സാമീപ്യവും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: