പേപ്പൽ ഭവനത്തിൻറെ ധ്യാനപ്രാസംഗികനായ കപ്പൂച്ചിൻ വൈദികൻ റൊബേർത്തൊ പസൊളീനി വത്തിക്കാനിൽ ധ്യാനം നയിക്കുന്നു. പേപ്പൽ ഭവനത്തിൻറെ ധ്യാനപ്രാസംഗികനായ കപ്പൂച്ചിൻ വൈദികൻ റൊബേർത്തൊ പസൊളീനി വത്തിക്കാനിൽ ധ്യാനം നയിക്കുന്നു.  (VATICAN MEDIA Divisione Foto)

മാനവ ചരിത്രം, നിത്യജീവനും മൃത്യുവും തമ്മിലുള്ള സംഘർഷം!

വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ മാർച്ച് 9-14 വരെ ഫ്രാൻസീസ് പാപ്പായ്ക്കും റോമൻകൂരിയായിലെ അംഗങ്ങൾക്കും വേണ്ടി നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. പേപ്പൽ ഭവനത്തിൻറെ ധ്യാനപ്രാസംഗികനായ കപ്പൂച്ചിൻ വൈദികൻ റൊബേർത്തൊ പസൊളീനിയാണ് ധ്യാനം നയിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബൈബിൾ മാനവ ചരിത്രത്തെ നിത്യജീവൻറെ വാഗ്ദാനവും മരണം എന്ന യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷമായി അവതരിപ്പിക്കുന്നുണ്ടെന്ന് പേപ്പൽ ഭവനത്തിൻറെ ധ്യാനപ്രാസംഗികനായ കപ്പൂച്ചിൻ വൈദികൻ റൊബേർത്തൊ പസൊളീനി.

വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ മാർച്ച് 9-14 വരെ ഫ്രാൻസീസ് പാപ്പായ്ക്കും റോമൻകൂരിയായിലെ അംഗങ്ങൾക്കും വേണ്ടി നടത്തപ്പെടുന്ന നോമ്പുകാല ധ്യാനത്തിൽ ചൊവ്വാഴ്ച രാവിലെ നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശ എന്ന പ്രമേയത്തെ ആധാരമാക്കി പങ്കുവച്ച ധ്യാന ചിന്തകളിലാണ് അദ്ദേഹം ഇതു പറഞ്ഞത്. റോമിലെ ജെമേല്ലി ആശുപത്രിയിൽ ഫെബ്രുവരി 14 മുതൽ ശ്വാസകോശസംബന്ധമായ രോഗത്തിന് ചികിത്സയിലായിരിക്കുന്നതിനാൽ  പാപ്പാ ഈ ധ്യാനത്തിൽ ആത്മീയമായിട്ടാണ് പങ്കുകൊള്ളുന്നത്.

മാനവ ചരിത്രത്തിൻറെ ഈ സംഘർഷാവസ്ഥയെ, വാഗ്ദത്ത ദേശം നിരന്തരം തേടിക്കൊണ്ട് ഇസ്രായേൽ അതിൻറെ വിശ്വസ്തതയും അവിശ്വസ്തയും വഴി മൂർത്തമാക്കിത്തീർക്കുന്നുവെന്ന് വൈദികൻ പസൊളിനി വിശദീകരിച്ചു.

എസക്കിയേൽ പ്രവാചകൻ അസ്ഥികൾ നിറഞ്ഞ താഴ്വാരത്തെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വൈദികൻ പസൊളീനി, ഇസ്രായേൽ ജീവനും പ്രത്യാശയും ഇല്ലാത്തതായ തുറന്ന ഒരു ശ്മശാനമായി കാണപ്പെടുന്നുവെന്നും എന്നാൽ ഈ അസ്ഥികളോട് യോജിക്കാനും മാംസം ധരിക്കാനും പറയാൻ ദൈവം പ്രവാചകനോട് ആവശ്യപ്പെടുന്നുവെന്നും തൻറെ ആത്മാവിനെ ദൈവം അവയുടെ മേൽ നിശ്വസിക്കുന്നതു വരെ അവയ്ക്ക് ജീവനുണ്ടാകില്ലെന്നും ഈ വീക്ഷണം മനുഷ്യൻറെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും വിവരിച്ചു.

വരണ്ട അസ്ഥികൾ, ആദ്യ മരണത്തിൻറെ, അതായത്, ആന്തരിക മൃത്യുവിൻറെ പ്രതീകമാണെന്നും ഇത് ഭയത്തിലും നിസ്സംഗതയിലും പ്രത്യാശാരാഹിത്യത്തിലും പ്രകടമാകുന്നുവെന്നും പാപം ചെയ്തതിനെ തുടർന്ന് ആദത്തിനും ഹവ്വായ്ക്കും സംഭവിച്ചത് ഇതാണെന്നും, അവരുടെ ശരീരങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിലും ദൈവത്തിൽ നിന്ന വേർപെട്ടിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ദൈവാരൂപിക്കു മാത്രമേ യഥാർത്ഥ ജീവൻ വീണ്ടും നല്കാനാകുകയുള്ളുവെന്നും ഫാദർ പസൊളീനി കൂട്ടിച്ചേർത്തു.

എന്നാൽ രണ്ടാം മരണം എന്നൊന്നുണ്ടെന്നും ഇത് പലപ്പോഴും നിത്യനാശം ആയിട്ടാണ് മനസ്സിലാക്കപ്പെടുന്നതെന്നും  അതിനെ ജൈവിക മരണമായും കാണാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യത്തെ മരണത്തെ - അതായത് ഭയം, സ്വാർത്ഥത, നിയന്ത്രണത്തിൻറെ മിഥ്യാബോധം എന്നിവയെ, മറികടന്നവർ രണ്ടാമത്തേതിനെ ഭയലേശമന്യേ നേരിടുന്നുവെന്നും ഉദ്ബോധിപ്പിച്ച ധ്യാനപ്രാസംഗികനായ വൈദികൻ പസൊളീനി ആത്മശോധനയ്ക്കായി ഒരു ചോദ്യവും ഉന്നയിച്ചു, അതായത്, നമ്മൾ ഉണങ്ങിയ അസ്ഥികളായി തുടരണോ അതോ യഥാർത്ഥ ജീവിതത്താൽ പുനരുജ്ജീവിപ്പിക്കപ്പെടാൻ നമ്മെ അനുവദിക്കണോ?

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2025, 12:10