സന്നദ്ധ സേവകരുടെ ജൂബിലിയാചരണം വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
2025 തിരുസഭ ജൂബിലിവർഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് സന്നദ്ധ പ്രവർത്തകരുടെ ജൂബിലി മാർച്ച് 8,9 തീയതികളിൽ ആഘോഷിക്കുന്നു.
ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുപത്തിയയ്യായിരത്തോളം സന്നദ്ധസേവകർ ഈ ജൂബിലായചരണത്തിൽ പങ്കെടുക്കുന്നു. ഇവരിൽ ഏറ്റവും കൂടുതലുള്ളത് ഇറ്റലിയിൽ നിന്നാണ്, 15000-ത്തോളം.
ഈ ജൂബിലിയാചരണത്തിന് തീർത്ഥാടകരായി എത്തിയിട്ടുള്ളവർ ശനിയാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ വിശുദ്ധവാതിൽ കടന്നു. ഉച്ചതിരിഞ്ഞ് അവർ റോമിൽ വിവിധയിടങ്ങളിലായി കലാ-സാംസ്കാരിക-ആദ്ധ്യാത്മിക സംഗമത്തിൽ പങ്കെടുത്തു.
ഞായാറാഴ്ച രാവിലെ പ്രാദേശിക സമയം 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ ദിവ്യബലിയിൽ ഇവർ പങ്കുകൊള്ളും.
റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് ഈ ദിവ്യബലിയിൽ കാർമ്മികത്വം വഹിക്കാൻ സാധിക്കാത്തതിനാൽ പാപ്പാ നിയോഗിച്ചതനുസരിച്ച് സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ചുമതലവഹിക്കുന്ന കർദ്ദിനാൾ മൈക്കിൾ ചേർണി ആയിരിക്കും മുഖ്യകാർമ്മികൻ.
2024 ഡിസംബർ 24-നാണ് “പ്രത്യാശയുടെ തീർത്ഥാടകർ” എന്ന ആപ്തവാക്യവുമായി ജൂബിലിവത്സരാചരണത്തിന് ഫ്രാൻസീസ് പാപ്പാ തുടക്കം കുറിച്ചത്. 2026 ജനുവരി 6-നായിരിക്കും ജൂബിലിയുടെ സമാപനം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: