ജീവൻ, ഏതു ഘട്ടത്തിലും കാത്തുസൂക്ഷിക്കേണ്ട അമൂല്യദാനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവാന്തസ്സ് ഏറ്റം ഗുരുതരമായി ലംഘിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗത്തിൻറെ (ഡിക്കാസറ്ററി) അദ്ധ്യക്ഷനായ കർദ്ദിനാൾ കെവിൻ ഫാരെൽ.
1995 മാർച്ച് 25-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഒപ്പുവച്ച “എവഞ്ചേലിയും വീത്തെ” (ജീവൻറെ സുവിശേഷം) എന്ന ചാക്രികലേഖനത്തിൻറെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച്, അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം പുറപ്പെടുവിച്ച, മനുഷ്യ ജീവിത അജപാലന പരിപോഷണ പ്രക്രിയ എങ്ങനെ ആരംഭിക്കാം എന്നതിനു സഹായകമായ രേഖയുടെ ആമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്.
നിരവധി നാടുകൾ യുദ്ധത്തിൻറെയും വിധങ്ങളായ ആക്രമണങ്ങളുടെയും പിടിയിലമർന്നിരിക്കയാണെന്ന് അനുസ്മരിക്കുന്ന കർദ്ദിനാൾ ഫാരെൽ മനുഷ്യജീവൻറെ യഥാർത്ഥവു തനതുമായ അജപാനത്തിന് രൂപമേകേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് എഴുതുന്നു. ഓരോ സ്ത്രീയുടെയും പുരുഷൻറെയും ജീവൻ എല്ലായ്പ്പോഴും ആദരിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നത് അദ്ദേഹം ആവർത്തിക്കുന്നു.
"ജീവൻ എപ്പോഴും ഒരു നന്മയാണ്. മനുഷ്യജീവൻറെ അജപാലനത്തിനായുള്ള പ്രക്രിയയ്ക്ക് തുടക്കംകുറിക്കൽ" എന്ന ശീർഷകത്തിലാണ് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം പുതിയ അജപാലന സഹായി പുറപ്പെടുവിച്ചിരിക്കുന്നത്.
മെത്രാന്മാരുമായുള്ള നിരന്തര സംഭാഷണത്തിൻറെ ഫലമായ ഈ അജപാലന സഹായി പ്രധാനമായും അവർക്കുള്ളതാണ്. മെത്രാന്മാരും വൈദികരും സന്ന്യാസീസന്ന്യാസിനികളും അല്മായരും ഈ അജപാലന സഹായി വായിക്കുകയും മനുഷ്യജിവൻറെ മൂല്യത്തെ ആദരിക്കുന്നതിന് പ്രവർത്തകരെയും പ്രബോധകരെയും മാതാപിതാക്കളെയും യുവതയെയും കുട്ടികളെയും ഉചിതമാംവിധം പരിശീലിപ്പിക്കാൻ കഴിയുന്ന മൗലികവും ഘടനാപരവുമായ അജപാലനപ്രക്രിയ വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: