ഫ്രാൻസിസ് പാപ്പായ്ക്കായി ജപമാലപ്രാർത്ഥന നയിച്ച് കർദ്ദിനാൾ കൂവക്കാട്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ചികിത്സാർത്ഥം ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥനകളും സാമീപ്യവുമറിയിച്ച് കഴിഞ്ഞ ആഴ്ചകളിൽ നിരവധി സന്ദേശങ്ങളാണ് എത്തിയതെന്ന് കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്. വത്തിക്കാനിലെ കൂരിയായുടെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കായി മാർച്ച് 9 മുതൽ 14 വരെ തീയതികളിലായി നടന്നുവരുന്ന ധ്യാനത്തിന്റെ ഭാഗമായി, മാർച്ച് 12 ബുധനാഴ്ച വൈകുന്നേരം നടന്ന ജപമാലപ്രാർത്ഥന നയിച്ച അവസരത്തിലാണ് കർദ്ദിനാൾ കൂവക്കാട് പാപ്പായ്ക്ക് സാമീപ്യമറിയിച്ചുകൊണ്ട് നിരവധിയാളുകൾ സന്ദേശമയക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചത്.
പാപ്പായുടെ അനാരോഗ്യത്തിൽ പ്രാർത്ഥനയിലും സാമീപ്യത്തിലും ഒന്നുചേരുന്ന ക്രൈസ്തവരും മറ്റു മതവിശ്വാസികളുമായ ആളുകൾക്കും, പാപ്പായെ വിലമതിക്കുകയും, പാപ്പായുടെ ആരോഗ്യകാര്യങ്ങളിൽ ഉത്കണ്ഠയറിയിക്കുകയും ചെയ്യുന്ന അവിശ്വാസികളായ വ്യക്തികൾക്കുമൊപ്പം, പാപ്പായ്ക്കും രോഗികളായ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അവരെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്യാമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു.
പ്രഭാഷകന്റെ പുസ്തകത്തെ അധികരിച്ച്, ദൈവം ദരിദ്രന്റെ പ്രാർത്ഥന ശ്രവിക്കുമെന്നും അവനനുകൂലമായി വിധിക്കുമെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, പാവപ്പെട്ടവർക്കൊപ്പം നമുക്കും പ്രാർത്ഥിക്കാമെന്ന്, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കൂടിയായ കർദ്ദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വൈകുന്നേരങ്ങളിൽ നടന്നിരുന്ന ജപമാലപ്രാർത്ഥന മാർച്ച് 14 വെള്ളിയാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. വൈകുന്നേരം 7.30-നായിരിക്കും ജപമാല പ്രാർത്ഥന ആരംഭിക്കുന്നത്. മാർച്ച് ഒൻപതാം തീയതി വരെ വൈകുന്നേരം ഒൻപതിന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയിരുന്ന ജപമാലപ്രാർത്ഥന, വത്തിക്കാനിലെ നോയമ്പുകാലധ്യാനത്തിന്റെ കൂടി പശ്ചാത്തലത്തിൽ പോൾ ആറാമൻ ശാലയിലേക്ക് മാറ്റിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: