ഫ്രാൻസിസ് പാപ്പാ ആദ്യമായി വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു (മാർച്ച് 13, 2013) ഫ്രാൻസിസ് പാപ്പാ ആദ്യമായി വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു (മാർച്ച് 13, 2013) 

ഫ്രാൻസിസ് പാപ്പായ്ക്ക് അഭിനന്ദനങ്ങൾ

ഫ്രാൻസിസ് പാപ്പയെ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തതിന്റെ പന്ത്രണ്ടാം വാർഷികം മാർച്ചുമാസം പതിമൂന്നാം തീയതി ആഘോഷിച്ചു. തദവസരത്തിൽ റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ സംബന്ധിച്ചവർ പാപ്പായ്ക്ക് അഭിനന്ദനങ്ങളും, പ്രാർത്ഥനകളും അറിയിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് മാർച്ച് 13-ന് പത്രോസിന്റെ പിൻഗാമിയായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന്റെ  വാർഷികാഘോഷങ്ങൾ പ്രാർത്ഥനകളാലും, അഭിനന്ദനകുറിപ്പുകളാലും മുഖരിതമായ അന്തരീക്ഷത്തിൽ കൊണ്ടാടി. തദവസരത്തിൽ, നോമ്പുകാല ധ്യാനത്തിൽ ആയിരിക്കുന്ന കൂരിയ അംഗങ്ങളും തങ്ങളുടെ അനുമോദനങ്ങൾ പാപ്പായെ അറിയിച്ചു. പാപ്പായുടെ ജീവിതത്തിലൂടെ സഭയ്ക്കും, സമൂഹത്തിനും ലഭിച്ച എല്ലാ ദൈവാനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്, ദിവ്യാരാധനയ്ക്കും, കൂദാശകളുടെ അച്ചടക്കത്തിനുമുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറി മോൺസിഞ്ഞോർ വിത്തോറിയോ ഫ്രാഞ്ചെസ്‌കോ വിയോള അഭിനന്ദന സന്ദേശം വായിച്ചു.

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ, റോമിന്റെ മെത്രാൻ എന്നനിലയിലും, സാർവ്വത്രിക സഭയുടെ ഇടയൻ എന്ന നിലയിലും പരിശുദ്ധ പിതാവ് നൽകിയ ആദ്യ ആശീർവാദത്തെ ഇപ്പോഴും ഓർമ്മിക്കുന്നുവെന്നു സന്ദേശത്തിന്റെ ആമുഖത്തിൽ എടുത്തു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ രോഗശയ്യയിൽ ആയിരിക്കുന്ന പരിശുദ്ധ പിതാവിന്, ലോകമെമ്പാടുമുള്ള ദൈവജനം പ്രാർത്ഥനകളോടെ ആശംസകൾ നേരുമ്പോൾ, തങ്ങളും ആ സന്തോഷത്തിൽ പങ്കുചേരുന്നുവെന്നു  മോൺസിഞ്ഞോർ വിത്തോറിയോ സന്ദേശത്തിൽ പറഞ്ഞു.

ഈ ജൂബിലി വർഷത്തിൽ, പരിശുദ്ധ പിതാവ് നൽകുന്ന വിവിധങ്ങളായ ഉദ്ബോധനങ്ങൾ,  സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം, സകലരിലും എത്തുന്നതിനു ഇടയാക്കുമെന്ന് തങ്ങൾ പ്രത്യാശിക്കുന്നതായും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. അപ്രകാരം . കർത്താവിന്റെ ശിഷ്യന്മാരും, സുവിശേഷത്തിന്റെ സാക്ഷികളും, ദൈവരാജ്യത്തിന്റെ നിർമ്മാതാക്കളും ആകാനുള്ള ആഗ്രഹം എല്ലാവരിലും വളരട്ടെയെന്ന ആശംസയും സന്ദേശത്തിൽ എടുത്തുപറഞ്ഞു.

"അപ്പസ്തോലനായ വിശുദ്ധ  പത്രോസിന്റെ പിൻഗാമിയിലൂടെ, വിശ്വാസത്തിൽ നമ്മെ ഉറപ്പിക്കുകയും ഐക്യത്തിൽ നയിക്കുകയും ചെയ്തതിന് നമുക്ക് കർത്താവിന് നന്ദി പറയാം", സന്ദേശത്തിൽ പാപ്പായ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചു. പരിശുദ്ധ അമ്മയ്ക്ക് പരിശുദ്ധ പിതാവിനെ സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2025, 09:14