ജീവിതത്തിന്റെ ദുർബലതയെക്കുറിച്ചുള്ള ശക്തമായ ഉദ്ബോധനത്തിന്റെ ദുർബലശബ്ദം: പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികം
അന്ത്രെയാ തൊർണിയെല്ലി (Andrea Tornielli) - എഡിറ്റോറിയൽ, വത്തിക്കാന്‍ ന്യൂസ്
റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയുടെ പത്താം നിലയിലുള്ള ഒരു മുറിയിൽ കഴിഞ്ഞ ഒരു മാസത്തോളമായി കഴിയുന്ന ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികം പ്രത്യേകമായൊരു നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ വരുന്ന മെഡിക്കൽ ബുള്ളറ്റിനുകൾ പ്രതീക്ഷാവഹമായ വാർത്തകളാണ് നൽകുന്നത്. ഈ ദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനുമാനങ്ങൾ പുറത്തിവിട്ടിരുന്നില്ലെങ്കിലും, ഇപ്പോൾ സ്ഥിതിഗതികൾ മാറി. പാപ്പായ്യ്ക്ക് ഏറെ താമസിയാതെ വത്തിക്കാനിലേക്ക് തിരികെയെത്താനാകുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്.
ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, കിഴക്കൻ തിമോർ, സിംഗപ്പൂർ, എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ, ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും വലിയ അപ്പസ്തോലിക, അന്താരാഷ്ട്രയാത്രയുടെയും, സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ അവസാനത്തിന്റെയും, ജൂബിലി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധവാതിൽ തുറന്നതിന്റെയും ഈ വർഷത്തിൽ, പാപ്പാ തികച്ചും ദുർബലമായ ഒരു നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. രോഗികൾക്കിടയിൽ രോഗിയായി കഴിയുന്ന പത്രോസിന്റെ പിൻഗാമി, ലോകം മുഴുവനിലും നിന്നുള്ള ആളുകളുടെ പ്രാർത്ഥനയ്‌ക്കൊപ്പം സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. നാളിതുവരെ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളും, ത്രികാലജപപ്രാർത്ഥനകളും, "ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതേ" എന്ന അപേക്ഷയില്ലാതെ അവസാനിപ്പിക്കാത്ത പാപ്പാ ഇന്ന്, തന്നെ സ്നേഹിക്കുന്ന ലോകം മുഴുവനും നിന്നുള്ള വിശ്വാസികളുടെയും അവിശ്വാസികളുടെയും ആലിംഗനങ്ങൾ അനുഭവിച്ചറിയുന്നു.
ഹൃദയവിചാരങ്ങളെ വെളിപ്പെടുത്തുന്ന ഒരു സമയമാണിത്. ഒരു അന്താരാഷ്ട്രകമ്പനിയുടെ ജനറൽ മാനേജർ എന്നതിൽനിന്ന് വ്യത്യസ്തമായ, റോമിന്റെ മെത്രാന്റെ നിയോഗത്തെയും, സഭയുടെ സ്വഭാവത്തെയും കുറിച്ച് ചിന്തിക്കാവുന്ന ഒരു സമയമാണിത്. പന്ത്രണ്ടുവർഷങ്ങൾക്ക് മുൻപ്, കർദ്ദിനാൾ ബെർഗോലിയോ (Bergoglio), സഭ എത്തിച്ചേർന്നേക്കാവുന്നതും, "താരതമ്യേന ചെറുതായ തെറ്റെന്ന്" ഹെൻറി ദ് ല്യൂബാക്ക് (Henri De Lubac) കരുതിയിരുന്നതുമായ "ലൗകിക ആധ്യാത്മികതയെ"ക്കുറിച്ച് ഓർമ്മിപ്പിച്ചിരുന്നു. "എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്ന്" അരുളിച്ചെയ്ത ക്രിസ്തുവിന്റെ കൃപയിൽ ആശ്രയിച്ചും, "ചാന്ദ്രിക രഹസ്യമെന്നപോലെ", ദൈവത്തിന്റെ പ്രകാശത്തെ പ്രതിഫലിപ്പിച്ചും ജീവിക്കുന്നതിന് പകരം, സ്വന്തം ശക്തികളിലും, തന്ത്രവൈദഗ്ധ്യങ്ങളിലും കഴിവുകളിലും ആശ്രയിച്ചുകൊണ്ട് "തനിക്ക് സ്വന്തമായ പ്രകാശമുണ്ടെന്ന്" കരുതുന്ന ഒരു സഭയെന്ന അപകടമാണത്.
ക്രിസ്തുവിന്റെ മേലുദ്ധരിച്ച വചനങ്ങൾ അനുസ്മരിച്ചുകൊണ്ട്, ഇന്ന്, സ്നേഹത്തോടും പ്രത്യാശയോടും കൂടെ ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ ജനാലയ്ക്കലേക്ക് നമുക്ക് നോക്കാം. "ദുർബലതയെ"ക്കുറിച്ചുള്ള ഉദ്ബോധനത്തിനായി, കഴിഞ്ഞ ദിവസം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാലപ്രാർത്ഥനയ്ക്ക് മുൻപായി നാം കേട്ട ആ ദുർബലസ്വരത്തിനായി, പാപ്പായ്ക്ക് നമുക്ക് നന്ദി പറയാം. യുദ്ധത്തിന്റെ സ്ഥാനത്ത് സമാധാനവും, അടിച്ചമർത്തലുകളുടെ സ്ഥാനത്ത് സംവാദങ്ങളും, നിസംഗതയ്ക്ക് പകരം അനുകമ്പയും അഭ്യർത്ഥിക്കുന്ന ഒരു ദുർബലമായ ശബ്ദമാണ് പാപ്പായുടേത്.
പ്രിയ പാപ്പാ, തിരഞ്ഞെടുപ്പിന്റെ വാർഷികാശംസകൾ! ഞങ്ങൾക്ക് ഇനിയും അങ്ങയുടെ സ്വരം ഏറെ ആവശ്യമുണ്ട്.
പരിഭാഷ - മോൺസിഞ്ഞോർ ജോജി വടകര
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: