മാധ്യമങ്ങൾ കൃത്യവും, വസ്തുനിഷ്ഠവും സമതുലിതവുമായ വാർത്തകൾ നൽകണം: വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സത്യം, സ്വാതന്ത്ര്യം, നീതി, ഐക്യദാർഢ്യം എന്നിവയിൽ വേരൂന്നിയ ശരിയായ വിവരങ്ങൾ അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്നും, അതുകൊണ്ടുതന്നെ മാധ്യമങ്ങൾ കൃത്യവും, വസ്തുനിഷ്ഠവും സമതുലിതവുമായ വാർത്തകൾ നൽകണമെന്നും പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടു. യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ "അന്താരാഷ്ട്ര മാനവിക നിയമം, അന്താരാഷ്ട്ര മാനവികാവകാശനിയമം എന്നിവയെ ആധാരമാക്കി, സംഘർഷങ്ങളിലും മാനവികപ്രതിസന്ധികളിലും മാധ്യമങ്ങളുടെ ധർമ്മം" എന്ന വിഷയവുമായി ബന്ധപ്പെട്ട് മാർച്ച് 18 ചൊവ്വാഴ്ച നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, വത്തിക്കാനുവേണ്ടി മോൺസിഞ്ഞോർ റിച്ചാർഡ് ഗീറയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
മുൻകാലങ്ങളെ അപേക്ഷിച്ച്, ചുരുക്കം ചില കേന്ദ്രങ്ങൾ ഡാറ്റയും വാർത്താവിവരങ്ങളും കൈകാര്യം ചെയ്യുന്ന ഇക്കലത്ത്, നിരവധി തെറ്റായ വാർത്തകളും, ധ്രുവീകരണവും നടക്കുന്നുണ്ടെന്ന് വത്തിക്കാൻ പ്രതിനിധി, 2025-ലെ സാമൂഹ്യമാധ്യമദിനത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ ആധാരമാക്കി പ്രസ്താവന നടത്തി.
മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം ശരിയായ രീതിയിൽ നിറവേറ്റുമ്പോഴാണ്, നയരൂപീകരണം നടത്തുന്നവർക്കും അന്താരാഷ്ട്രസമൂഹത്തിനും, ഉത്തരവാദിത്വപരമായും, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനം സത്യം അറിയുന്നതിനും, മനുഷ്യാന്തസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രപ്രവർത്തനത്തിൽ, ജിജ്ഞാസയാൽ നയിക്കപ്പെട്ട് പുതിയ ആശയങ്ങൾ തേടി പോകേണ്ടതിനെക്കുറിച്ചും, സത്യത്തോടുള്ള അചഞ്ചലമായ അഭിനിവേശം കാത്തുസൂക്ഷിച്ച്, മറ്റനേകം പേർ പോകാൻ ധൈര്യപ്പെടാത്തയിടങ്ങളിൽപ്പോലും എത്തി സത്യം അന്വേഷിക്കാനുള്ള ദൃഢനിശ്ചയത്തിലൂടെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണ്ടേതിനെക്കുറിച്ചും മോൺസിഞ്ഞോർ ഗീറ ഓർമ്മിപ്പിച്ചു.
സംഘർഷസമയങ്ങളിൽ പത്രപ്രവർത്തനത്തിന് വലിയൊരു നിയോഗമാണുള്ളതെന്നും, ശരിയായതും കൃത്യനിഷ്ഠവും നിഷ്പക്ഷവുമായ റിപ്പോർട്ടിങ്ങിലൂടെ, സർക്കാർ സ്രോതസ്സുകൾ പോലും വെളിപ്പെടുത്താത്ത യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നത് വഴി സുപ്രധാനമായ ഒരു ഉത്തരവാദിത്വമാണ് അവർ ഏറ്റെടുക്കുന്നതെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി വ്യക്തമാക്കി.
യുദ്ധവും സംഘർഷങ്ങളും മനുഷ്യജീവിതത്തിലേക്ക് കൊണ്ടുവരുന്ന കഷ്ടപ്പാടുകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിന്റെയും, ഇരകളുടെ സ്വരം അന്താരാഷ്ട്രസമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
എന്നാൽ, ഭാഷാ, സാംസ്‌കാരിക, ദേശീശ, മത ഭിന്നതകൾ വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ പത്രപ്രവർത്തകരുടെ സേവനം ഏറെ നിർണ്ണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിയാത്മകമായ സംവാദങ്ങളും, സമാധാനപരമായ പരിഹാരമാർഗ്ഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കണം പത്രമാധ്യമപ്രവർത്തകർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണാത്മകമല്ലാത്ത ആശയവിനിമയത്തിന്റെ സാക്ഷികളും പ്രചാരകരുമാകാനും, മറ്റുള്ളവരെ പരിഗണിക്കുന്ന സംസ്കാരം വളർത്താനും, പരസ്പരബന്ധങ്ങളുടെ പാലങ്ങൾ തീർക്കാനും, ഇക്കാലത്തെ ഭിന്നതയുടെ ഭിത്തികൾ തകർക്കാനും, ഈ വർഷത്തെ സാമൂഹിക ആശയവിനിമയ ദിനത്തിനായുള്ള തന്റെ സന്ദേശത്തിലൂടെ ഫ്രാൻസിസ് പാപ്പാ പത്രപ്രവർത്തകരെ ക്ഷണിച്ചത് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: