കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2025-ൽ ആചരിക്കപ്പെടുന്ന ജൂബിലിവർഷത്തിലെ പ്രധാനസംഭവങ്ങളിൽ ആറാമത്തേതായ, “കാരുണ്യത്തിന്റെ മിഷനറിമാരുടെ” ജൂബിലിയാഘോഷങ്ങൾ മാർച്ച് 28 വെള്ളിയാഴ്ച മുതൽ 30 ഞായറാഴ്ച വരെ തീയതികളിൽ റോമിൽ നടക്കും. സംഭവത്തിൽ അഞ്ഞൂറോളം മിഷനറിമാരും, അവരുടെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ആരോഗ്യകാരണങ്ങളാൽ ജൂബിലി ആഘോഷങ്ങളിൽ സംബന്ധിക്കാനാകില്ലെങ്കിലും, ഫ്രാൻസിസ് പാപ്പാ ഇവർക്കായി ഒരു സന്ദേശം നൽകുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി മാർച്ച് 26-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2015-ലെ പ്രത്യേക കാരുണ്യത്തിന്റെ വിശുദ്ധവർഷവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ട പ്രത്യേക നിയോഗം ജീവിക്കുന്ന ഇവരുടെ എണ്ണം ഏറെ വളർന്നുവെന്നും, നിലവിൽ ഇവരിൽ 1258 വൈദികരുണ്ടെന്നും ഡികാസ്റ്ററി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. പരിശുദ്ധ സിംഹാസനത്തിന് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന പ്രത്യേക പാപമോചനാനുവാദങ്ങളും ഇവർക്ക് നല്കപ്പെട്ടിരുന്നു.
മാർച്ച് 28-ന് രാവിലെ പത്തുമണിക്ക് പോൾ ആറാമൻ ശാലയിൽ വച്ചുനടക്കുന്ന പ്രാർത്ഥനയോടെയാകും ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്നുനടക്കുന്ന കോൺഗ്രസിൽ, "പാപമോചനം, പ്രത്യാശയുടെ ഉറവ" എന്ന വിഷയം വിചിന്തനം ചെയ്യപ്പെടും. വൈകുന്നേരം, വിശുദ്ധ അന്ത്രെയായുടെ ബസലിക്കയിൽവച്ച് പ്രത്യേക പ്രാർത്ഥന നടക്കും. ഇതേ വൈകുന്നേരം ലോകമാസകലമുള്ള എല്ലാ രൂപതകളിലും നോമ്പുകാലം നാലാം ഞായറാഴ്ചയിലേക്കുള്ള ഒരുക്കത്തിനായുള്ള സായാഹ്നപ്രാർത്ഥനകൾ നടക്കും. അനുരഞ്ജനകൂദാശയ്ക്ക് പ്രാധാന്യം നൽകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കും ഈ പ്രാർത്ഥനകൾ നടക്കുക.
മാർച്ച് 29 ശനിയാഴ്ച രാവിലെ മിഷനറിമാർ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധവാതിലിലേക്കെത്തും. തുടർന്ന് വത്തിക്കാൻ ഗാർഡനിലെ ലൂർദ്ദ് ഗ്രോട്ടോയിൽ ജപമാലപ്രാർത്ഥനയും നടക്കും.
മാർച്ച് 30 ഞായറാഴ്ച രാവിലെ പത്തിന് വിശുദ്ധ അന്ത്രെയായുടെ ബസലിക്കയിൽവച്ച് അഭിവന്ദ്യ ആർച്ച്ബിഷപ് ഫിസിക്കെല്ലയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലി അർപ്പിക്കപ്പെടും.
ആഘോഷങ്ങളിൽ, ഇറ്റലി, അമേരിക്ക, പോളണ്ട്, ബ്രസീൽ, സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ, ജർമനി, സ്ലോവാക്കിയ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഉക്രൈൻ, കൊളമ്പിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിനന്നായിരിക്കും കൂടുതൽ മിഷനറിമാരെത്തുകയെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: