ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിച്ചും പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തും ആർച്ച്ബിഷപ് ഗാല്ലഗർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശാരീരികമായ തന്റെ ദുർബലാവസ്ഥയിലും സഭയ്ക്കും മാനവികതയ്ക്കും വ്യത്യസ്തമായൊരു രീതിയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തും, പരിശുദ്ധപിതാവിനുവേണ്ടി അടുത്തിടെ കൂടുതലായി നടക്കുന്ന പ്രാർത്ഥനകൾക്ക് അദ്ദേഹത്തിന്റെ പേരിൽ നന്ദി പറഞ്ഞും വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്സംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. വത്തിക്കാനിലേക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ, ഈശോസഭാവൈദികർക്ക് ഏറെ പ്രധാനപ്പെട്ട റോമിലെ "കിയേസ ദെൽ ജെസു" (യേശുവിന്റെ ദേവാലയം) എന്നറിയപ്പെടുന്ന ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി വിശുദ്ധ ബലിയർപ്പിച്ച അവസരത്തിലാണ് ആർച്ച്ബിഷപ് ഗാല്ലഗർ, ഫ്രാൻസിസ് പാപ്പായ്ക് വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞത്.
യേശുവിന്റെ മുറിവേൽപ്പിക്കപ്പെട്ട ഹൃദയത്തിലൂടെ, നമ്മിലേക്കൊഴുകുന്ന ദൈവസ്നേഹത്തെക്കുറിച്ചാണ് സഭ കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി പ്രഘോഷിക്കുന്നതെന്ന് തന്റെ പ്രഭാഷണത്തിൽ പ്രസ്താവിച്ച ആർച്ച്ബിഷപ് ഗാല്ലഗർ, "ദിലെക്സിത് നോസ്" എന്ന തന്റെ ചാക്രികലേഖനത്തിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പപ്പായയും ഇതേ സ്നേഹത്തെക്കുറിച്ചാണ് പ്രതിപാദിച്ചതെന്ന് ഓർമ്മിപ്പിച്ചു.
ഉക്രൈൻ, പാലസ്തീന, ലെബനോൻ, മ്യാന്മാർ, സുഡാൻ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങളിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ തിന്മയും അതിന്റെ അന്ധകാരവും നന്മയുടെ പ്രകാശത്തെ മറയ്ക്കുന്ന പ്രതീതിയുണ്ടാകുന്ന ഇക്കാലത്ത്, നമ്മുടെ ഹൃദയങ്ങളിലേക്ക് ദൈവമൊഴുക്കുന്ന സ്നേഹത്തിന് മാത്രമേ, പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ചക്രവാളങ്ങൾ തുറക്കാനാകൂ എന്ന് ഓർമ്മിപ്പിച്ച ആർച്ച്ബിഷപ് ഗാല്ലഗർ, മനുഷ്യർ കർത്താവിൽനിന്ന് തങ്ങളുടെ ഹൃദയമകറ്റുമ്പോൾ ജീവനിൽനിന്ന് മരണത്തിലേക്കാണ് അടുക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.
ഇന്നത്തെ സമൂഹത്തിൽ മരണത്തിന്റെ സംസ്കാരം വളർത്തിയെടുക്കാനായി പരിശ്രമിക്കുന്നവരുണ്ടെന്ന് അപലപിച്ച ആർച്ച്ബിഷപ് ഗാല്ലഗർ, സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, വെറുപ്പിന്റെയും, ഭയത്തിന്റെയും, യുദ്ധത്തിന്റെയും ചിന്തകളാണ് അവർ സമൂഹത്തിലേക്ക് ഒഴുക്കുന്നതെന്ന് പ്രസ്താവിച്ചു. ലോകം വംശ, സാംസ്‌കാരിക, മത സംഘട്ടനങ്ങളുടെ വേദിയായി മാറുമ്പോൾ, ക്രൈസ്തവർക്കും, കരുണയുള്ള ഒരു ദൈവത്തിൽ വിശ്വസിക്കുന്നവർക്കും, നന്മയുള്ള മനുഷ്യർക്കും, ഏറ്റുമുട്ടലിന്റെ പാതയെ നിരസിച്ച്, പരസ്പരമുള്ള കണ്ടുമുട്ടലുകളുടെയും ഒരുമയുടെയും പാതയെ സ്വീകരിക്കാതിരിക്കാനാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മാനുഷികമായ താൽപര്യങ്ങളിൽനിന്ന് മുക്തമായി, പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും, എല്ലാവർക്കും നീതിയും സമാധാനവും ഉറപ്പുനൽകാനുമായി അദ്ധ്വാനിക്കാനും തയ്യാറാകുന്ന ഒരു നയതന്ത്രമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമുള്ളതെന്ന് ആർച്ച്ബിഷപ് ഗാല്ലഗർ പ്രസ്താവിച്ചു.
സ്വാർത്ഥതയോടെ ജീവിക്കുന്നതിന് പകരം, മറ്റുള്ളവരുമായുള്ള അടുത്ത ബന്ധം തുടർന്നുകൊണ്ട് പരോപകാരപ്രദമായും തുറന്ന മനസ്സോടെയും ജീവിക്കേണ്ടതിന്റെ പ്രാധാന്യവും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന നമുക്ക് നമ്മുടെമേലും മറ്റുള്ളവരുടെമേലും ദൈവാനുഗ്രഹങ്ങൾ വർഷിക്കപ്പെടാനായി പ്രാർത്ഥിക്കാൻ സമയം കണ്ടെത്താമെന്നും ആർച്ച്ബിഷപ് ഗാല്ലഗർ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: