അന്താരാഷ്ട്ര മാനിവക നിയമം ആസൂത്രിതമായി ധ്വംസിക്കപ്പെടുന്നു, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പൗരജനത്തിനുനേർക്കുള്ള ബോംബാക്രമണങ്ങളും മാനവസേവനപ്രവർത്തകരെ വധിക്കുന്നതും മാനവികനിയമങ്ങളുടെ ആസൂത്രിത ലംഘനങ്ങളാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആശങ്കപ്രകടിപ്പിക്കുന്നു.
ഗാസ മുനമ്പിലുൾപ്പടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ പുനരാരംഭിക്കുകയോ തുടരുകയോ ചെയ്യുന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പത്രപ്രവർത്തകരുമായി സംസാരിക്കവെ തൻറെ ഈ ആശങ്ക വെളിപ്പെടുത്തിയത്.
“വത്തിക്കാൻ ആയുർദൈർഘ്യ ഉച്ചകോടി: സമയഘടികാരത്തിനുള്ള വെല്ലുവിളി” എന്ന ശീർഷകത്തിൽ വത്തിക്കാൻ നഗരാതിർത്തിക്കടുത്തുള്ള അഗുസ്തിനിയാനും സമ്മേളന കേന്ദ്രത്തിൽ മാർച്ച് 24-ന് തിങ്കളാഴ്ച വൈകുന്നേരം നടന്ന സമ്മേളനത്തിൽ സംസാരിക്കാനെത്തിയവേളയിലായിരുന്നു കർദ്ദിനാൾ പരോളിൻ മാദ്ധ്യമപ്രവർത്തകരുമായി സംഭാഷണത്തിലേർപ്പെട്ടത്.
യുദ്ധം ഉടൻ അസാനിപ്പിക്കാനും സമാധാനം സംസ്ഥാപിക്കാനും ഫ്രാൻസീസ് പാപ്പാ മാർച്ച് 23-ന്, ഞായറാഴ്ച, വരമൊഴിയായി നല്കിയ ത്രികാലപ്രാർത്ഥനാസന്ദേശത്തിൽ നടത്തിയ അഭ്യർത്ഥനയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അത്, സംഭാഷണത്തിൻറെയും സമാധാനത്തിൻറെയും സരണികൾ തേടാനുള്ള ഒരു ഓർമ്മപ്പെടുത്താലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ജീവകാരുണ്യപരമായ നിയമങ്ങൾ ആദരിക്കപ്പെടുന്നില്ലയെന്നും ഇത് ഈ കാലട്ടത്തിൻറെ വലിയ വീഴ്ചകളിൽ ഒന്നാണെന്നു കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: