വിശുദ്ധ നാടിനുവേണ്ടി സഹായമഭ്യർത്ഥിച്ചു പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കടുത്ത ദുരിതമനുഭവിക്കുന്നവരുടെ നിലവിളി ശ്രവിക്കുവാനുള്ള കത്തോലിക്കാ സഭയുടെ ഉത്തരവാദിത്വം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട്, വിശുദ്ധവാരത്തിലെ ദുഖവെള്ളിയാഴ്ച്ച, അല്ലെങ്കിൽ രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസമോ, വിശുദ്ധ നാടിനുവേണ്ടി പ്രത്യേക ധനശേഖരണം നടത്തണമെന്നു പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി നിർദേശിച്ചു. ആഗോള സഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ്, പരിശുദ്ധ പിതാവിനുവേണ്ടി ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലൗധിയോ ഗുജറോത്തി, സെക്രട്ടറി ആർച്ചുബിഷപ്പ് മൈക്കൽ ജാല എന്നിവർ സംയുക്തമായി അഭ്യർത്ഥനക്കുറിപ്പു പ്രസിദ്ധീകരിച്ചത്.
വിശുദ്ധ നാടിന്റെ പ്രത്യേകമായ പരിചരണത്തിന് എല്ലാവർഷവും ദുഖവെള്ളിയാഴ്ച്ച ദിവസമോ, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസമോ ധനശേഖരണം നടത്തുന്ന പാരമ്പര്യം, വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് തുടങ്ങിവച്ചത്. ഇത് എല്ലാ വർഷവും തുടർന്നുവരുന്നു. യുദ്ധങ്ങളാലും, പകർച്ചവ്യാധികളാലും കലുഷിതമായ ഒരു കാലഘട്ടത്തിൽ, കത്തോലിക്കാ സഭയുടെ ഉത്ഭവസ്ഥാനമായ വിശുദ്ധ നാട് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
വേദനകൾ നിറയുന്ന കാലത്തും ക്രൈസ്തവ സാക്ഷ്യം പേറി വിശുദ്ധ നാട്ടിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചിരുന്നു. വിശ്വാസത്തിന്റെ വെളിച്ചം പേറിക്കൊണ്ട്, പ്രത്യാശയുടെ ചിറകുകളായി മാറുവാൻ വേണ്ടിയാണ് പാപ്പാ അവരെ തന്റെ കത്തിലൂടെ ആഹ്വാനം ചെയ്തത്. (7 ഒക്ടോബർ 2024)
യുദ്ധകലുഷിതമായ ഒരു ഭൂമിയിൽ, ഇടവകകൾ, സ്കൂളുകൾ, ആശുപത്രികൾ, പ്രായമായവർക്കുള്ള വീടുകൾ, കുടിയേറ്റക്കാർക്കുള്ള കേന്ദ്രങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ, അഭയാർഥികൾ എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങളിലാണ് നിരവധി ആവശ്യങ്ങൾ തൽസ്ഥിതിയിലുള്ളത്. ഈ വർഷം ശേഖരണം ഒരു അവശ്യമായി മാറിയെന്നും, വിശുദ്ധ നാട്ടിലെ നാടകീയമായ അവസ്ഥകൾ വിവരിച്ചുകൊണ്ട് അടിവരയിട്ടു പറയുന്നു. നമ്മുടെ സ്വന്തം ഭവനം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, ഈ ധനശേഖരണത്തിൽ എല്ലാവരും ഉദാരമതികളായി പങ്കെടുക്കുന്നതിന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ദയവായി, ഒരേ ഉദ്ദേശ്യത്തിനായി സമാന്തര ശേഖരണങ്ങൾ നടത്തരുതേയെന്ന മുന്നറിയിപ്പും ഡിക്കസ്റ്ററി നൽകുന്നു.
പ്രത്യേകിച്ചും, പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ,ഈ സംഭാവനകൾ ദൈവാനുഗ്രഹം നേടുന്നതിന് ഇടയാകട്ടെയെന്ന ആശംസയും അഭ്യർത്ഥനയിൽ കൂട്ടിച്ചേർക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: