സാമൂഹിക-സുസ്ഥിര വികസനം സാധ്യമാക്കാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യം: ആർച്ച്ബിഷപ് കാച്ച
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സാമൂഹിക-സുസ്ഥിര വികസനത്തിനായുള്ള ശ്രമങ്ങളിൽ, ഐക്യവും, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യവ്യവസ്ഥിതിയും, സാമൂഹികഒത്തൊരുമയും അത്യന്താപേക്ഷിതമെന്നോർമ്മിപ്പിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ഐക്യം ശക്തിപ്പെടുത്തുക, ഏവരെയും സാമൂഹികമായി ഉൾക്കൊള്ളുന്ന വ്യവസ്ഥിതി നടപ്പിൽ വരുത്തുക, ഒത്തൊരുമ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ, സാമൂഹികവികസനം സംബന്ധിച്ച കോപ്പൻഹേഗൻ പ്രഖ്യാപനം, സാമൂഹികവികസനത്തിനായുള്ള ലോകഉച്ചകോടിയുടെ നടപടിക്രമങ്ങൾ, സുസ്ഥിരവികസനം സംബന്ധിച്ച 2030 അജണ്ട എന്നിവ പ്രവർത്തിപഥത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സാമൂഹികവികസനത്തിനായുള്ള ഐക്യരാഷ്ട്രസഭാ കമ്മീഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി പന്ത്രണ്ടാം തീയതി ബുധനാഴ്ച നടന്ന അറുപത്തിമൂന്നാമത് സെഷൻ സമ്മേളനത്തിലാണ് ഇവ സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിന്റെ നിലപാടുകൾ വത്തിക്കാൻ നയതന്ത്രപ്രതിനിധി വ്യക്തമാക്കിയത്.
ഐക്യദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സാമൂഹിക-സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഓർമ്മിപ്പിച്ച ആർച്ച്ബിഷപ് കാച്ച, ഇത് മറ്റുള്ളവരോടുള്ള സഹാനുഭൂതിയോ, വികാരമോ മാത്രമല്ലെന്ന് വ്യക്തമാക്കി. ദൈവമേകിയ മനുഷ്യാന്തസ്സും, പൊതുനന്മയും കണക്കിലെടുത്തുള്ള പ്രവർത്തനമാണ് സാമൂഹികവികസനം നേടാനായി വേണ്ടതെന്ന് വിശദീകരിച്ച വത്തിക്കാൻ പ്രതിനിധി, ഇത് സാമൂഹിക-വ്യക്തിപരമായ നിലകളിൽ ആവശ്യമാണെന്ന് വിശദീകരിച്ചു.
മാനവകുടുംബത്തിലെ ഏവരെയും പരിഗണിക്കാനും, ഉൾച്ചേർക്കാനും സാധിക്കുന്നതിലൂടെയാണ് ഐക്യം സാധ്യമാകുകയെന്ന് ആർച്ച്ബിഷപ് കാച്ച പ്രസ്താവിച്ചു. ശക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് ഏവരെയും പരിഗണിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ നയതന്ത്രജ്ഞൻ, വലിച്ചെറിയൽ സംസ്കാരം പലപ്പോഴും ദുർബലവിഭാഗങ്ങളെയും വയോധികരെയും, ഭിന്നശേഷിക്കാരെയും, ഗർഭസ്ഥശിശുക്കളെയും, ഇത്തരം പ്രവർത്തങ്ങളിൽനിന്ന് ഒഴിച്ചുനിറുത്താറുണ്ടെന്ന് അപലപിച്ചു.
വികസനത്തിന് സാമൂഹികമായ ഒത്തൊരുമയുടെ പ്രാധാന്യം എടുത്തുപറഞ്ഞ ആർച്ച്ബിഷപ് കാച്ച, ഇത് സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നാണെന്ന് ഓർമ്മിപ്പിച്ചു. പ്രശ്ങ്ങൾ കണ്ടെത്തുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായുള്ള ശ്രമങ്ങളിൽ, നേതാക്കളും നയതന്ത്രജ്ഞരും, പൊതുസമൂഹത്തെയും, വിദ്യാർഥിസമൂഹത്തെയും, സ്വകാര്യമേഖലയെയും, വിശ്വാസാധിഷ്ഠിതസംഘടനകളെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മാനവികതയുടെ ഉത്തമമായ പഠനശാലയാണ് കുടുംബമെന്ന് വത്തിക്കാൻ കൗൺസിൽ രേഖ (Gaudium et Spes, No. 52) പരാമർശിച്ചുകൊണ്ട് പ്രസ്താവിച്ച വത്തിക്കാൻ പ്രതിനിധി, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, ഒരുമയുടെയും പങ്കുവയ്ക്കലിന്റെയും, പരിഗണനയയുടെയും സംരക്ഷണത്തിന്റെയും മൂല്യങ്ങൾ ജീവിക്കുന്നതും പകരുന്നതും കുടുംബത്തിലാണെന്ന് ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനങ്ങൾ (Fratelli Tutti, No. 114) പരാമർശിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു. കുടുംബജീവിതത്തെ ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെ ആർച്ച്ബിഷപ് കാച്ച ആഹ്വാനം ചെയ്‌തു.
പൊതുനന്മയ്ക്കും, ഏവരുടെയും സമഗ്രമാനവികവികസനത്തിനുമായി, ഐക്യദാർഢ്യം വളർത്താനും, ഏവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹ്യസ്ഥിതിയും, ഒത്തൊരുമയും പ്രോത്സാഹിപ്പിക്കാനും ഉള്ള പരിശുദ്ധസിംഹാസനത്തിന്റെ പ്രതിജ്ഞാബദ്ധത വത്തിക്കാൻ നയതന്ത്രപ്രതിനിധി തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: