വിശുദ്ധ മദർതെരേസയുടെ തിരുനാൾ പൊതുആരാധനാകലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധ മദർ തെരേസയുടെ തിരുനാൾ സഭയുടെ പൊതു ആരാധനാകലണ്ടറുകളിൽ ചേർക്കപ്പെട്ടു. സെപ്റ്റംബർ അഞ്ചിന് ആചരിക്കപ്പെടുന്ന ഈ തിരുനാൾ, ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം ഇനിമുതൽ സഭയുടെ പൊതുആരാധനകലണ്ടറുകളിലും, വിശുദ്ധകുർബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാർത്ഥനകളിലും ചേർക്കപ്പെടും. വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, സമർപ്പിതരുടെയും, അല്മയരുടെയുംകൂടി അഭ്യർത്ഥന മാനിച്ചാണ് പാപ്പാ ഇത്തരമൊരു തീരുമാനമെടുത്തത്.
ദൈവികആരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷെയുടെയും, ഡികാസ്റ്ററി സെക്രെട്ടറി ആർച്ച്ബിഷപ് വിത്തോറിയോ വിയോളയുടെയും ഒപ്പോടുകൂടി ഫെബ്രുവരി 11-ന് പ്രസിദ്ധീകരിച്ച പുതിയ ഡിക്രി പ്രകാരം, വിശുദ്ധയുടെ മരണദിനമായ സെപ്റ്റംബർ അഞ്ചാം തീയതി മദർ തെരേസയുടെ തിരുനാൾ ദിനമായി പൊതു ആരാധനകലണ്ടറുകളിൽ ചേർക്കപ്പെടും. 1997-ലായിരുന്നു കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ നിര്യാതയായത്. പുതിയ തീരുമാനപ്രകാരം ഇനിമുതൽ സെപ്റ്റംബർ അഞ്ചിന്, വിശുദ്ധ മദർ തെരേസയുടെ ഓർമ്മയാചരിച്ചുകൊണ്ട്, വിശുദ്ധബലിയും, യാമപ്രാർത്ഥനകളും നടത്താനാകും.
ദൈവികആരാധനയ്ക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ തീരുമാനപ്രകാരം, വിശുദ്ധയുടെ തിരുനാൾ ആചാരണത്തിനായി ലത്തീൻ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള വചനങ്ങൾ വിവിധ മെത്രാൻസമിതികൾ, തങ്ങളുടെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി, ഡികാസ്റ്ററിയുടെ അംഗീകാരത്തോടെ ഉപയോഗിക്കേണ്ടതാണ്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട ഡിക്രി, കാരുണ്യത്തിന്റെ തളരാത്ത പ്രവർത്തകയായിരുന്ന മദർ തെരേസയുടെ ജീവിതത്തെക്കുറിച്ചുകൂടി എഴുതുന്നുണ്ട്. ശരീരത്തിന്റെയും ആത്മാവിന്റെയും ക്ലേശങ്ങളിൽ ആശ്വാസം തേടുന്ന അനേകർക്ക് വിശുദ്ധ മദർ തെരേസ പ്രതീക്ഷയുടെ ഉറവിടമായി തിളങ്ങുന്നുണ്ടെന്ന് ഡികാസ്റ്ററി തങ്ങളുടെ രേഖയിൽ എഴുതി. "എനിക്ക് ദാഹിക്കുന്നുവെന്ന" ക്രൂശിതനായ ക്രിസ്തുവിന്റെ വാക്കുകൾ മദർ തെരേസയുടെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നുവെന്നും, തന്റെ എല്ലാ പ്രവർത്തനങ്ങളിലും കാരുണ്യം ഉൾപ്പെടുത്താൻ പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിച്ചുകൊണ്ടുള്ള തന്റെ ജീവിതത്തിൽ വിശുദ്ധയ്ക്ക് കഴിഞ്ഞിരുന്നുവെന്നും ഡിക്രി ഓർമ്മിപ്പിച്ചു.
1910 ഓഗസ്റ്റ് 26-ന് സ്‌കോപ്പിയെയിൽ ജനിച്ച മദർ തെരേസ, 1929-ലാണ് കൽക്കട്ടയിലെ തന്റെ സേവനം ആരംഭിച്ചത്. 1950-ലാണ് വിശുദ്ധ കാരുണ്യത്തിന്റെ മിഷനറിമാർ എന്ന കോൺഗ്രിഗേഷൻ സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഏതാണ്ട് ആറായിരത്തിലധികം സന്ന്യാസിനിമാരാണ് ഈ സ്ഥാപനത്തിലൂടെ ക്രിസ്തുവിന്റെ കാരുണ്യം മറ്റുള്ളവരിലേക്കെത്തിക്കുന്നത്.
1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം മദർ തെരേസയ്ക്ക് ലഭിച്ചിരുന്നു. 2003 ഒക്ടോബർ 19-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് മദർ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയർത്തിയത്. കാരുണ്യത്തിന്റെ ജൂബിലിവർഷത്തിൽ 2016 സെപ്റ്റംബർ 4-ന് ഫ്രാൻസിസ് പാപ്പായാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: