പരിശുദ്ധസിംഹാസനം സത്യത്തെ സേവിക്കുന്നു. അതിനു സാക്ഷ്യമേകുന്നു, മോൺസിഞ്ഞോർ ഗീറ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ, ഒ എസ് സി ഇയിൽ പരിശുദ്ധസിംഹാസനം സജീവമായി സഹകരിക്കുന്നത് സത്യത്തെ സേവിക്കുകയും അതിനു സാക്ഷ്യമേകുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടുകൂടിയാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ റിച്ചാർഡ് അലെൻ ഗീറ പ്രസ്താവിച്ചു.
യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ, ഒ എസ് സി ഇയിൽ (OSCE) വത്തിക്കാൻറെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം ഈ സംഘടനയുടെ സ്ഥിരസമിതിയുടെ 1507-ാമത് യോഗത്തിൽ വ്യാഴാഴ്ച (06/02/25) സംസാരിക്കുകയായിരുന്നു.
സഹിഷ്ണുത, വിവേചനരാഹിത്യം എന്നിവ പരിപോഷിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് തൻറെ പ്രഭാഷണത്തിൽ പ്രധാനമായും പരാമർശിച്ച മോൺസിഞ്ഞോർ അലെൻ ഗീറ അസഹിഷ്ണുതയും വിവേചനവും, വിശിഷ്യ, ക്രൈസ്തവർക്കും യഹൂദർക്കും മുസ്ലീങ്ങൾക്കും ഇതര മതസ്ഥർക്കുമെതിരായ ആക്രമണങ്ങൾ വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ചു.
ക്രൈസ്തവർക്കെതിരായ വിവേചനപരവും അസഹിഷ്ണുതാപരവുമായ ചില ചെയ്തികൾ നിസ്സാരവല്ക്കരിക്കപ്പെടുന്ന പ്രവണതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരമായ എല്ലാത്തരം അസഹിഷ്ണുതയെയും വിവേചനത്തെയും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യെ തുല്യ ശ്രദ്ധയോടെ നേരിടുകയും ചെറുക്കുകയും ചെയ്യണമെന്നതാണ് പരിശുദ്ധ സിംഹാസനത്തിൻരെ ഉറച്ച ബോദ്ധ്യമെന്നും, അങ്ങനെ ഭാഗികമോ പക്ഷപാതപരമോ ആയ സമീപനങ്ങൾ ഒഴിവാക്കണമെന്നും മോൺസിഞ്ഞോർ അലെൻ ഗീറ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: