സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ തുടങ്ങിയവരുടെ ജൂബിലി ദിനത്തിൽ നിറഞ്ഞുകവിഞ്ഞ വത്തിക്കാൻ ചത്വരം സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ തുടങ്ങിയവരുടെ ജൂബിലി ദിനത്തിൽ നിറഞ്ഞുകവിഞ്ഞ വത്തിക്കാൻ ചത്വരം  (Vatican Media)

കലാസാംസ്കാരികമേഖലകളിലുള്ളവരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാൻ

ഫെബ്രുവരി 15 മുതൽ 18 വരെ തീയതികളിലായി ആഘോഷിക്കപ്പെടുന്ന, കലാകാരന്മാരുടെയും സാംസ്കാരികപ്രവർത്തകരുടെയും ജൂബിലിക്കൊരുങ്ങി വത്തിക്കാൻ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും ജൂബിലി ആഘോഷങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന്, ഫെബ്രുവരി 12-ന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വത്തിക്കാൻ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

“പ്രത്യാശയുടെ തീർത്ഥാടകർ” എന്ന ആശയം മുന്നോട്ടുവച്ച് കത്തോലിക്കാസഭയിൽ ആഘോഷിക്കപ്പെടുന്ന 2025-ലെ ജൂബിലിയുടെ ഭാഗമായി, ഫെബ്രുവരി 15 മുതൽ 18 വരെ തീയതികളിലായി കലാകാരന്മാരുടെയും സാംസ്കാരികപ്രവർത്തകരുടെയും ജൂബിലി നടത്തപ്പെടും. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ ജൂബിലി ആഘോഷങ്ങൾ, കലയ്ക്കും സംസ്കാരത്തിനും ലോകത്തിലും മനുഷ്യജീവിതത്തിലും പുതുമ കൊണ്ടുവരാൻ ഉള്ള ശക്തി ഫ്രാൻസിസ് പാപ്പാ തിരിച്ചറിയുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ഭാഗമാണെന്ന് വത്തിക്കാൻ ഫെബ്രുവരി 12-ന് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തങ്ങളുടെ കലാ, സാംസ്‌കാരിക പ്രവർത്തങ്ങൾ വഴി ലോകത്തിൽ പ്രത്യാശ കൊണ്ടുവരുന്നതിന് സഹായിക്കാനാകുന്ന ഏവരെയും, ഈ സാഹോദര്യത്തിന്റെയും അദ്ധ്യാത്മികതയുടെയും അനുഭവം ജീവിക്കാൻ തങ്ങൾ ക്ഷണിക്കുന്നുവെന്ന് സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അറിയിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, ഫെബ്രുവരി 12 ബുധനാഴ്ച വത്തിക്കാൻ പ്രെസ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് ഡികാസ്റ്ററി ജൂബിലി ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്.

ജൂബിലി ആഘോഷത്തിന്റെ പ്രധാനചടങ്ങുകളിൽ ഒന്ന്, ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് പാപ്പയോടൊത്തുള്ള പ്രത്യേക ജൂബിലി പൊതുകൂടിക്കാഴ്ചാസമ്മേളനമായിരിക്കും. ഇതേ ദിവസം ഉച്ചകഴിഞ്ഞ് വത്തിക്കാൻ മ്യൂസിയത്തിന്റെ കൂടി പങ്കാളിത്തത്തോടെ, "പ്രത്യാശ പങ്കുവയ്ക്കൽ - സാംസ്കാരികപൈതൃകത്തിന്റെ ചക്രവാളങ്ങൾ" എന്ന പേരിൽ ഒരു അന്താരാഷ്ട്രസമ്മേളനം നടക്കും. മത-സാംസ്‌കാരിക പൈതൃകങ്ങൾ പ്രോത്സാഹിപ്പിക്കാനും, അവ മറ്റുള്ളവരിലേക്ക് പകരാനുമുള്ള സാദ്ധ്യതകൾ, അതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു വിചിന്തനവും പങ്കുവയ്ക്കലുമാണ് ഈ സമ്മേളനത്തിലൂടെ വത്തിക്കാൻ ലക്ഷ്യമാക്കുന്നത്.

ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയിൽ ഫ്രാൻസിസ് പാപ്പാ മുഖ്യ കാർമ്മികനാകും. സാംസ്‌കാരിക, കലാരംഗങ്ങളിലുള്ളവർക്കായുള്ള ഈ ജൂബിലിയിൽ പങ്കെടുക്കുന്നവർക്ക് വിശുദ്ധ വാതിൽ കടക്കാനുള്ള അവസരം കൂടിയായിരിക്കും ഇതേ ദിവസം ഒരുങ്ങുക.

ഫെബ്രുവരി 17 തിങ്കളാഴ്ച രാവിലെ റോമിലെ "ചീനെചിത്താ" (Cinecittà - സിനിമാനഗരം) -യിലുള്ള സിനിമാസ്റ്റുഡിയോകൾ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കും. ഇതാദ്യമായാണ് ഒരു പാപ്പാ ഇവിടേക്കെത്തുക. ഉച്ചതിരിഞ്ഞ്, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിൽ വച്ച്. സംസ്കാരവുമായി ബന്ധപ്പെട്ട്, കത്തോലിക്കാസാംസ്കാരികകേന്ദ്രങ്ങളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഒരു സമ്മേളനം നടക്കും.

ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡികാസ്റ്ററി പരിസരത്ത്, ദൃശ്യകാവ്യരംഗവുമായി ബന്ധപ്പെട്ട ഒരു പ്രദർശനവും നടക്കും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഫെബ്രുവരി 2025, 16:28