കലാ-സാംസ്കാരികലോകത്തിൻറെ ജൂബിലി പാപ്പായുടെ അസാന്നിദ്ധ്യത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കലാകാരന്മാരുടെയും സാംസ്കാരികലോകത്തിൻറെയും ജൂബിലിയാചരണം വത്തിക്കാനിൽ ആരംഭിച്ചു.
2025-ലെ പ്രത്യാശയുടെ ജൂബിലിയാചരണത്തിൽ സാമൂഹ്യ-സഭാജീവിതത്തിലെ വിവിധവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൻറെ ഭാഗമായിട്ടാണ് ഈ ചതുർദിന ജൂബിലിയാചരണം വത്തിക്കാനിൽ ശനിയാഴ്ച (15/02/25) ആരംഭിച്ചിരിക്കുന്നത്. കലാകാരന്മാരുടെയും സാംസ്കാരികലോകത്തിൻറെയും ഈ ജൂബിലിയാചരണം പതിനെട്ടാം തീയതി സമാപിക്കും.
റോമിലെ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ശ്വാസനാളവീക്കത്തിന്-ബ്രോങ്കൈറ്റിസിന്, ചികത്സയിലായതിനാൽ ഫ്രാൻസീസ് പാപ്പാ ഈ ജൂബിലിയാചരണവുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പങ്കെടുക്കില്ല.
പതിനഞ്ചാം തീയതി ശനിയാഴ്ച (15/02/25) കലാകാരന്മാരുമായും സാംസ്കാരികലോകവുമായുമുള്ള കൂടിക്കാഴ്ച, ഞായറാഴ്ച (16/02/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ ജൂബിലി ദിവ്യബലി, തിങ്കളാഴ്ച (17/02/25) റോമിലെ സിനിമാനഗരം എന്ന് വിവർത്തനം ചെയ്യാവുന്ന “ചിനെചിത്താ”യിൽ വച്ച് കലാകാരന്മാരുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു പാപ്പായുടെ ഈ ജൂബിലിയുമായി ബന്ധപ്പെട്ട നിശ്ചിത പരിപാടികൾ.
എന്നാൽ പാപ്പായും കലാസാംസ്കാരികലോകവുമായുള്ള കൂടിക്കാഴ്ചകൾ റദ്ദാക്കിയെന്നും ദിവ്യബലി, സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട് കർദ്ദിനാൾ ജൊസേ തുവെന്തീനൊ ദ് മെന്തോൺസേയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുമെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫിസ് വെളിപ്പെടുത്തി.
പാപ്പാ പതിനാലാം തീയതി വെള്ളിയാഴ്ചത്തെ (14/02/25) കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾക്കു ശേഷമാണ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: