കോംഗോയിൽ സമാധാനശ്രമങ്ങൾക്ക് ആഹ്വാനം ചെയ്‌ത് പരിശുദ്ധസിംഹാസനം
ലിസ സെംഗറീനി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കോംഗോയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി സമാധാനചർച്ചകൾ പുനഃരാരംഭിക്കണമെന്ന് പരിശുദ്ധ സിംഹാസനം. ജനീവയിൽ നടന്ന മനുഷ്യാവകാശകൗൺസിലിന്റെ മുപ്പത്തിയേഴാമത് പ്രത്യേക സെഷനിൽ സംസാരിക്കവെ, ആർച്ച്ബിഷപ് എത്തൊറേ ബലെസ്ത്രേറോയാണ്, പൊതുജനത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ശത്രുത അവസാനിപ്പിക്കുക എന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ആവർത്തിച്ചുകൊണ്ട്, കോംഗോയിൽ സമാധാനചർച്ചകൾ പുനഃരാരംഭിക്കാൻ പരിശുദ്ധ സിംഹാസനത്തിന്റെ പേരിൽ ആവശ്യപ്പെട്ടത്.
കോംഗോയിൽ കഴിഞ്ഞ ഒരു മാസത്തോളമായി തുടരുന്ന കൂടുതൽ തീവ്രമായ സായുധസംഘർഷങ്ങൾ നിരവധി ജീവനുകളെടുത്തുവെന്നും, അതിനെ പരിശുദ്ധ സിംഹാസനം അങ്ങേയറ്റം അപലപിക്കുന്നുവെന്നും, ജനുവരി ഏഴ് വെള്ളിയാഴ്ച ആർച്ച്ബിഷപ് എത്തൊറേ ബലെസ്ത്രേറോ പ്രസ്തവവിച്ചു. ഭയാനകമായ മനുഷ്യാവകാശലംഘനങ്ങളാണ് ഇത്തരം സംഘർഷങ്ങൾ സൃഷ്ടിക്കുകയെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്കും മറ്റ് അന്താരാഷ്ട്രസംഘടനകളിലേക്കുമുള്ള സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിക്കുകയാണ് ആർച്ച്ബിഷപ് ബലെസ്ത്രേറോ.
അന്താരാഷ്ട്രമാനവികനിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വത്തേക്കുറിച്ച് പരാമർശിച്ച വത്തിക്കാൻ പ്രതിനിധി, റുവാണ്ടയും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുമായുള്ള സംഘർഷങ്ങൾ പരിഹരിക്കാൻവേണ്ടിയുള്ള “ലുവാണ്ട സമാധാനശ്രമങ്ങൾക്ക്” പരിശുദ്ധ സിംഹാസനത്തിന്റെ പേരിലുള്ള പിന്തുണ വാഗ്ദാനം ചെയ്‌തു.
കഴിഞ്ഞ ഒരു മാസത്തിലധികമായി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ, വിമതസംഘടനയായ M23 അഴിച്ചുവിട്ട സായുധാക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. ലക്ഷക്കണക്കിനാളുകൾ അഭ്യർത്ഥികേന്ദ്രങ്ങളിലാണ് താമസിക്കുന്നത്.
കോംഗോയുടെ കിഴക്കൻ പ്രദേശത്തുള്ള ഏറ്റവും വലിയ നഗരമായ ഗോമ വിമതർ പിടിച്ചെടുത്തിരുന്നു. തുടർന്നുനടന്ന സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട്, ഏകപക്ഷീയമായി വിമതർ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, തെക്കൻ കിവുവിന്റെ തലസ്ഥാനമായ ബുക്കാവു പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ വിമതർ നീങ്ങുന്നുണ്ടായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: