കർദ്ദിനാൾ മൈക്കിൾ ചേർണി ലെബനൻ സന്ദർശിക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി ഫെബ്രുവരി 19-23 വരെ ലെബനൻ സന്ദർശിക്കും.
ലെബനനിലെ അന്ത്യോക്യൻ മാറൊണീത്താ പാത്രിയാർക്കീസ് കർദ്ദിനാൾ ബിഷറ ബുത്രോസ് റയീയുടെ (Bechara Boutros Raï) ക്ഷണ പ്രകാരമാണ് ഈ സന്ദർശനം.
സാമ്പത്തികരാഷ്ട്രീയ പ്രതിസന്ധികൾ ഇസ്രായേലിൻറെ ബോംബാക്രമണങ്ങൾ തുടങ്ങിയവയുടെ ഫലമായി യാതനകളനുഭവിക്കുന്ന ജനങ്ങളോടുള്ള ഫ്രാൻസീസ് പാപ്പായുടെയും ആകമാനസഭയുടെയും സാമീപ്യത്തിൻറെ മൂർത്തഭാവമായ ഈ സന്ദർശനത്തിൽ കർദ്ദിനാൾ ചേർണി പ്രാദേശിക സഭയുടെയും മാനവസേവന സംഘടനകളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും അവയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്യും.
ലെബനനിലെ മുസ്ലീം ജനതയുടെ നേതാവായ ഗ്രാൻ മഫ്ത്തി ഷെയ്ക് അബ്ദുൾ ലത്തീഫ് ദേറിയനുമായും (Sheikh Abdul Latif Derian) സിറിയക്കാരായ അഭയാർത്ഥികളുമായുമുള്ള കൂടിക്കാഴ്ചകളും കർദ്ദിനാൾ ചേർണിയുടെ സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2020 ആഗസ്റ്റ് 4 ന് ബെയ്റൂട്ടിൽ 200-ലേറെപ്പേരുടെ ജീവനപഹരിക്കുകയും 7000-ത്തോളം പേരെ മുറിവേല്പിക്കുകയും 3 ലക്ഷത്തോളം പേരെ ഭവനരഹിതരാക്കുകയും ചെയ്ത അതിഭയാനകമായ സ്ഫോടനം നടന്ന തുറമുഖം കർദ്ദിനാൾ ചേർണി സന്ദർശിച്ച് പ്രാർത്ഥിക്കും. കൂടാതെ സമാധാന പരിശീലന പരിപാടിയിൽ സംബന്ധിക്കുന്ന യുവതീയുവാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഭിന്ന മതസ്ഥരായ കുഞ്ഞുങ്ങൾക്ക് അഭയം നല്കുന്ന ഒരു വിദ്യാലയവും ദാരിദ്ര്യം കൊടകുത്തിവാഴുന്നതും മയക്കുമരുന്ന് ആധിപത്യം സ്ഥാപിച്ചിരിക്കുന്നതുമായ അൽ മൻഹജിൽ എന്ന പ്രദേശവും സന്ദർശിക്കുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: