ഉന്നതസാങ്കേതികവിദ്യകൾ മനുഷ്യകേന്ദ്രീകൃതമാകണം: ആർച്ച്ബിഷപ് പാല്യ
ഡെൽഫിൻ അലേർ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സാങ്കേതികവിദ്യാരംഗത്ത് വലിയ പുരോഗതികൾ കൈവരിക്കുന്ന മാനവികത, സാങ്കേതികതയെ മാനവികവത്കരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി പ്രെസിഡന്റ് ആർച്ച്ബിഷപ് വിൻചെൻസൊ പാല്യ. നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള ഉച്ചകോടിസമ്മേളനം ഫെബ്രുവരി 10-11 തീയതികളിലായി ഫ്രാൻസിലെ പാരീസിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വത്തിക്കാൻ മീഡിയയ്ക്ക് അനുവദിച്ച ഒരു കൂടിക്കാഴ്ചയിലാണ്, സാങ്കേതികവിദ്യാരംഗത്ത് മനുഷ്യനുണ്ടായിരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ആർച്ച്ബിഷപ് പാല്യ ഓർമ്മിപ്പിച്ചത്.
മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിയന്ത്രണരേഖ സംബന്ധിച്ചുള്ള വ്യക്തത കുറഞ്ഞുവരുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച അഭിവന്ദ്യ പാല്യ, റോമിൽ 2020 ഫെബ്രുവരി 28-ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട "നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയ്ക്കായി റോമിന്റെ ക്ഷണം" എന്ന കരാറിൽ, മൈക്രോസോഫ്റ്റ്, IBM, ഭക്ഷ്യസുരക്ഷാസമിതി, ഇറ്റലി എന്നിവർ ഒപ്പിട്ടതിനെ അനുസ്മരിച്ചു. ഹിരോഷിമയിലെ സമാധാനസ്മാരകത്തിന് മുന്നിൽ 2024 ജൂലൈ 10-ന് ഒത്തുചേർന്ന പതിനാറോളം വിവിധ മതനേതാക്കൾ, ഇംഗ്ലണ്ടിലെ സഭ, സിസ്കോ (CISCO), തുടങ്ങി നിരവധി പ്രസ്ഥാനങ്ങളും ആളുകളും കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ഈ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ സാങ്കേതികരംഗത്തുണ്ടായ വളർച്ചയെക്കുറിച്ച് സംസാരിക്കവെ, സാങ്കേതികവിദ്യയെ ശരിയായ രീതിയിൽ മാനവികവത്കരിക്കേണ്ടതിന്റെയും, അത് മാനുഷികതയെ ഭരിക്കുന്ന വ്യവസ്ഥിതി ഒഴിവാക്കേണ്ടതിന്റെയും, സാങ്കേതികതയെ നിയന്ത്രിക്കാൻ സാധിക്കേണ്ടതിന്റെയും പ്രാധാന്യം ആർച്ച്ബിഷപ് പാല്യ എടുത്തുപറഞ്ഞു. ഇതിനായി പൊതുവായ സാംസ്കാരികരംഗത്ത് പങ്കുവയ്ക്കപ്പെടാൻ സാധിക്കുന്ന നിയമങ്ങൾ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിന്റെ അടിവേരുകളെ ഗുരുതരമായി ബാധിക്കാത്ത രീതിയിലുള്ള, സാങ്കേതികതയുടെ തുല്യവും പങ്കുവയ്ക്കപ്പെടുന്നതുമായ വളർച്ചയും വിതരണവും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും, സാങ്കേതികതയെ മാനവികതയാൽ ക്രമപ്പെടുത്തുന്നതിൽ യൂറോപ്പിനുള്ള പങ്കും സംബന്ധിച്ച തന്റെ ചിന്തകൾ ആർച്ച്ബിഷപ് പാല്യ കൂടിക്കാഴ്ചാമധ്യേ പങ്കുവച്ചു.
പാരീസിൽ നടന്നുവരുന്ന ഉച്ചകോടിയിൽ സഹഅദ്ധ്യക്ഷപദം വഹിക്കുന്ന ഇന്ത്യയെക്കുറിച്ച് സംസാരിക്കവെ, സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ച് ഇന്ത്യൻ മെത്രാൻസമിതിയുടെ ആശങ്കകൾ സംബന്ധിച്ചും ആർച്ച്ബിഷപ് പാല്യ പ്രതിപാദിച്ചു. നിർമ്മിതബുദ്ധി ഇന്ത്യയിലേതുൾപ്പെടെ, ലോകരാജ്യങ്ങളിലെ ജനങ്ങളുട അനുദിന ജീവിതത്തിൽ വലിയതോതിൽ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഇന്ത്യൻ എൻജിനീയർമാർ ജോലി ചെയ്യുന്നത് താൻ കണ്ടുവെന്നും അദ്ദേഹം അനുസ്മരിച്ചു.
നിർമ്മിതബുദ്ധിയുടെ രംഗത്തെ ധാർമ്മികതയുമായി ബന്ധപ്പെട്ട "നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയ്ക്കായി റോമിന്റെ ക്ഷണം" എന്ന കരാർ ഒപ്പിട്ട പ്രഥമ മെത്രാൻസമിതി ഇന്ത്യയിലേതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: