തിരയുക

വിശുദ്ധ വാതിൽ തുറക്കുന്നു വിശുദ്ധ വാതിൽ തുറക്കുന്നു   (ANSA)

വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയിലും വിശുദ്ധ വാതിൽ തുറന്നു

2025 ജൂബിലി വർഷത്തിൽ റോമിലെ വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയിലും വിശുദ്ധ വാതിൽ തുറന്നു. കർമ്മങ്ങൾക്ക്, ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി മുഖ്യകാർമ്മികത്വം വഹിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വർഷങ്ങൾ ആഘോഷിക്കുന്ന ജൂബിലി വേളയിൽ, റോമിലെ നാലു ബസിലിക്കകളിൽ ഒന്നായ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലും വിശുദ്ധ വാതിൽ, തീർത്ഥാടകർക്കായി തുറക്കപ്പെട്ടു. ഇതോടെ പ്രധാന നാലു ബസിലിക്കകളിലും വിശുദ്ധ വാതിലിലൂടെയുള്ള ജൂബിലി തീർത്ഥാടനത്തിനു ആരംഭമായി. ജനുവരി മാസം അഞ്ചാം തീയതി നടന്ന തിരുക്കർമ്മങ്ങൾക്ക് ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റായ കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി മുഖ്യകാർമ്മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികളും തിരുചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

തൻറെ സന്ദേശത്തിൽ, വിശ്വാസ ജീവിതത്തിൽ പാദമുറപ്പിച്ചുകൊണ്ടു ആത്മീയ തീർത്ഥാടനം നടത്തുവാൻ ഈ ജൂബിലി അവസരമൊരുക്കട്ടെയെന്നു കർദിനാൾ പറഞ്ഞു. പൗലോസ് അപ്പോസ്തലൻ രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ജനനം നമുക്ക് രക്ഷ നൽകുന്നതും, നമ്മിൽ പ്രത്യാശ ജനിപ്പിക്കുന്നതുമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ വാതിൽ തുറക്കുന്നത്, ക്രിസ്തുവിലൂടെ തുറക്കപ്പെട്ട രക്ഷാമാർഗത്തിന്റെ അടയാളമാണെന്നും, ഇത് അനുരഞ്ജനത്തിലേക്ക് നമ്മെ ആഹ്വാനം ചെയ്യുന്നതാണെന്നും അദ്ദേഹം സന്ദേശത്തിൽ അടിവരയിട്ടു.

ദുരന്തങ്ങൾ, യുദ്ധങ്ങൾ, വിവിധ തരത്തിലുള്ള പ്രതിസന്ധികൾ എന്നിവയാൽ മുറിവേൽക്കുന്ന വർത്തമാനസാഹചര്യത്തിൽ, നമ്മെ നിരാശപ്പെടുത്താത്ത പ്രത്യദശയുടെ വക്താക്കളായി മാറുന്നതിനും കർദിനാൾ എല്ലാവരെയും ആഹ്വാനം ചെയ്തു.തൻ്റെ വാഗ്ദാനങ്ങളോടുള്ള ദൈവത്തിൻ്റെ വിശ്വസ്തതയെ അനുസ്മരിപ്പിക്കുന്നതാണ് യഥാർത്ഥ പ്രത്യാശയെന്നും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ അടിവരയിട്ടുകൊണ്ട് കർദിനാൾ ഓർമ്മിപ്പിച്ചു. എല്ലാ വിശുദ്ധ വർഷത്തെയും പോലെ 2025-ലെ ജൂബിലിയും നമ്മോട് തീർത്ഥാടകരാകാൻ ആവശ്യപ്പെടുന്നുവെന്നും, പ്രത്യാശയുടെ തീർത്ഥാടകരായി മാറുവാൻ നമുക്ക് പരിശ്രമിക്കാമെന്നും കർദിനാൾ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2025, 19:10