വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി 

വത്തിക്കാന് പുതിയ പ്രസരണവാഹനം സംഭാവന നൽകി നൈറ്റ്സ് ഓഫ് കൊളംബസ്

2025 ജൂബിലി വർഷത്തിൽ വത്തിക്കാൻ മാധ്യമവിഭാഗത്തിന്റ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുന്നതിനു ആധുനിക രീതിയിൽ വിഭാവനം ചെയ്ത പ്രസരണ വാഹനം, നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന വത്തിക്കാനു സമ്മാനിച്ചു.

ക്രിസ്റ്റഫർ വെൽസ്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയുടെ സന്ദേശം ലോകം മുഴുവനിലും എത്തിക്കുന്നതിനായി, 2025 ജൂബിലി വർഷം  ആഘോഷിക്കപ്പെടുമ്പോൾ, വത്തിക്കാൻ മാധ്യമവിഭാഗത്തിന്റ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുന്നതിനു ആധുനിക രീതിയിൽ വിഭാവനം ചെയ്ത പ്രസരണ വാഹനം,  നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന വത്തിക്കാനു സമ്മാനിച്ചു. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മർച്ചേല്ലോ  സെമെരാരോ വാഹനം ആശീർവദിച്ചു. ഡിസംബർ ഇരുപത്തിയൊന്നാം തീയതി നടന്ന ലളിതമായ ഉദ്‌ഘാടനചടങ്ങിൽ, നൈറ്റ്സ് ഓഫ് കൊളംബസ് പരമോന്നത അധ്യക്ഷൻ, പാട്രിക്ക് കെല്ലിയും, വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനിയും സന്നിഹിതരായിരുന്നു.

കത്തോലിക്കാ സഭയുടെ ഹൃദയമായ വത്തിക്കാനിൽ നിന്നുള്ള ചിത്രങ്ങൾ കൈമാറാൻ ഈ പുതിയ വാഹനം തയ്യാറായി കഴിഞ്ഞുവെന്ന്, പ്രീഫെക്ട് തന്റെ കൃതജ്ഞതാസന്ദേശത്തിൽ എടുത്തു പറഞ്ഞു. വിശ്വാസത്തിൽ വേരൂന്നിയ ഒരു പ്രത്യാശ ലക്‌ഷ്യം വയ്ക്കുന്ന ഈ ജൂബിലി വർഷത്തിൽ, പ്രത്യാശയുടെ നിരവധി ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുവാനും ഈ ആധുനിക സാങ്കേതികവിദ്യ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശുദ്ധ പിതാവിൻ്റെ സന്ദേശം, സഭയുടെ സന്ദേശം, ലോകത്ത്, പ്രത്യേകിച്ച് ജൂബിലി വർഷത്തിൽ പ്രചരിപ്പിക്കുന്നതിൻ്റെ പ്രാധാന്യം അടിവരയിടുന്നതിന് ഈ വാഹനം സഹായകരമാകുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് പരമോന്നത അധ്യക്ഷൻ, പാട്രിക്ക് കെല്ലി പറഞ്ഞു.  വത്തിക്കാനിലേക്ക് സംഭാവന ചെയ്യുന്ന നാലാമത്തെ പ്രക്ഷേപണവാഹനമാണിത്. അത്യാധുനിക സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇതുപോലൊരു വാഹനം നൽകാൻ കഴിയുന്നത് സംഘടനയെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റോമുമായും,  സഭാ സമൂഹവുമായുള്ള ഐക്യത്തിലും, സഭയുടെ ദൗത്യത്തിൻ്റെ സഹ-ഉത്തരവാദിത്വത്തിലും നൈറ്റ്സ് ഓഫ് കൊളംബസ് എപ്പോഴും വഹിച്ചിട്ടുള്ള പങ്കും ഡോ. കെല്ലി ചൂണ്ടിക്കാണിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഡിസംബർ 2024, 11:16