വത്തിക്കാൻ ക്രിക്കറ്റ് ടീം ഫ്രാൻസിസ് പാപ്പായോടൊപ്പം വത്തിക്കാൻ ക്രിക്കറ്റ് ടീം ഫ്രാൻസിസ് പാപ്പായോടൊപ്പം  

വിശ്വാസത്തിന്റെ വെളിച്ചം: വത്തിക്കാൻ ക്രിക്കറ്റ് സംഘം യുകെ പര്യടനത്തിൽ

വത്തിക്കാൻ ക്രിക്കറ്റ് സംഘം യുകെ പര്യടനത്തിൽ, ഇംഗ്ലണ്ടിലെ മുതിർന്നവരുടെ സംഘവുമായി ആദ്യ മത്സരങ്ങൾ കളിച്ചു. ഇരു മത്സരങ്ങളിലും ഇംഗ്ലണ്ട് ടീം വിജയിച്ചുവെങ്കിലും, സൗഹൃദത്തിന്റെ വേദിയിൽ ഇരു കൂട്ടരും ആവേശകരമായ ചുവടുവയ്പ്പാണ് നടത്തിയത്.

ജോസഫ് ടുള്ളോക്ക്,  ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇംഗ്ലണ്ടിലെ മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ആദ്യ ദിന മത്സരങ്ങളിൽ വത്തിക്കാൻ ആവേശകരമായ ചുവടുവയ്പ്പ് നടത്തി. ഇംഗ്ലണ്ടിലെ വോംസ്‌ലി മൈതാനത്തിൽ വച്ചാണ് കഴിഞ്ഞ ശനിയാഴ്ച്ച ആദ്യ ട്വന്റി ട്വന്റി മത്സരങ്ങൾ അരങ്ങേറിയത്. 'വിശ്വാസവെളിച്ചം' എന്ന പേരിലാണ് ഈ പര്യടനം അരങ്ങേറുന്നത്.

ആദ്യമത്സരത്തിൽ വാശിയേറിയ പോരാട്ടത്തോടെ വത്തിക്കാൻ സംഘം ബാറ്റ് ചെയ്തുവെങ്കിലും, 105 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് പതിനാലു ഓവറിൽ മത്സരം പര്യവസാനിപ്പിച്ചു. ആദ്യമത്സരത്തിൽ പങ്കെടുത്ത ഇംഗ്ലണ്ട് ടീമിലെ അംഗങ്ങൾ, ഇന്ത്യയിലെ അന്താരാഷ്ട്ര ടി20 ടൂർണമെന്റിനു ശേഷം തിരിച്ചെത്തിയവരാണ്.

രണ്ടാമത്തെ മത്സരത്തിൽ ആദ്യം ചില വിക്കറ്റുകൾ കൊഴിഞ്ഞുവെങ്കിലും വത്തിക്കാൻ സംഘം 133 റൺസുകൾ, 20 ഓവറുകളിൽ കരസ്ഥമാക്കി. തുടർന്ന് ബാറ്റിംഗ് ചെയ്ത ഇംഗ്ലണ്ട് ടീം അവസാന ഓവറിൽ വിജയം കൈവരിച്ചു. വത്തിക്കാൻ ടീം അംഗങ്ങളിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നുള്ള താരങ്ങളാണെന്നതും ഏറെ വ്യത്യസ്തമാണ്.

ഇംഗ്ലണ്ട് സംഘത്തിന്റെ മെഡിക്കൽ അംഗമായ, ഇറ്റാലിയൻകാരനായ പൗളോ   ഇയോറിയോ, വത്തിക്കാൻ സംഘത്തിന്റെ സന്ദർശനത്തിൽ തനിക്കുള്ള അതിയായ സന്തോഷം വെളിപ്പെടുത്തി. തൻ്റെ ടീം വത്തിക്കാനുമായി ഏറ്റുമുട്ടുമെന്ന് കേട്ടപ്പോൾ താൻ വളരെ ആശ്ചര്യപ്പെട്ടുവെന്നും എന്നാൽ താൻ ആ അനുഭവം നന്നായി ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇംഗ്ലണ്ട് അംഗങ്ങളുടെ മാത്രമല്ല വത്തിക്കാൻ അംഗങ്ങളുടെ മുറിവുകളും പരിചരിക്കുവാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും പൗളോ പറഞ്ഞു.

വത്തിക്കാൻ-ഇംഗ്ലണ്ട് മത്സരം തനിക്ക് വേറിട്ട ഒരു അനുഭവമാണെന്ന് ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ റിച്ചാർഡ് മെറിമാൻ പങ്കുവച്ചു. സൗഹൃദങ്ങൾക്കും, ബന്ധങ്ങളുടെ പാലങ്ങൾ നിർമ്മിക്കുന്നതിനും ഇവ സഹായകരമാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇരു ടീമുകളും തമ്മിൽ നിരവധി സമ്മാനങ്ങളും കൈമാറി.

വത്തിക്കാൻ ടീമും ഇംഗ്ലണ്ട് സീനിയേഴ്സും തമ്മിലുള്ള സൗഹൃദത്തിൻ്റെ നീണ്ട ചരിത്രത്തെക്കുറിച്ച്, ഇംഗ്ലണ്ട് മാനേജർ പോൾ ബ്രാഡ്‌ലിയും എടുത്തു പറഞ്ഞു.  ഇംഗ്ലീഷുകാരുടെ ആതിഥേയത്വത്തിനും പ്രത്യേകിച്ച് അവരുടെ സഹായങ്ങൾക്കും വത്തിക്കാൻ സംഘത്തിന്റെ ഡയറക്ടർ ഫാ. എയ്മൻ ഓ ഹിഗ്ഗിൻസും നന്ദിയർപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ജൂലൈ 2024, 13:37