സാഹോദര്യവും ഐക്യവും പ്രോത്സാഹിപ്പിച്ചുകൊണ്ട് വത്തിക്കാൻ ക്രിക്കറ്റ് ടീം
ജോസഫ് റ്റുള്ളോഹ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പാലങ്ങൾ തീർക്കാനും, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കാനും, ജീവകാരുണ്യസംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും വത്തിക്കാനില ക്രിക്കറ്റ് ടീമും യു.കെയിലെ റോയൽ ക്രിക്കറ്റ് ടീമും തമ്മിലുള്ള മത്സരം സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ക്രിക്കറ്റ് ടീമും യു.കെയിലെ ചാൾസ് രാജാവിന്റെ ക്രിക്കറ്റ് ടീമുമായി നടന്നുവരുന്ന മത്സരങ്ങളുടെ അവസരത്തിലേക്ക് നൽകിയ സന്ദേശത്തിലാണ് കായികമത്സരങ്ങൾക്ക് മനുഷ്യബന്ധങ്ങളുടെ വളർച്ചയ്ക്കായി നൽകുവാൻ സാധിക്കുന്ന സംഭാവനകളിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്. ക്രിക്കറ്റ് മത്സരത്തിന് മുൻപായി, വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ മാനേജർ ഫാ. എമോൺ ഓ'ഹിഗ്ഗിൻസാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചത്.
സംഭവത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ, വത്തിക്കാനും യു.കെയിലെ റോയൽ ക്രിക്കറ്റ് ടീമുമായി നടക്കുന്ന നാലാമത്തെ മത്സരമാണ് ഇതവണത്തേതെന്ന് ചാൾസ് രാജാവ് തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ക്രിക്കറ്റിനോടുള്ള താത്പര്യത്തിന്റെ പേരിൽ ഇരുടീമുകളും ഒരിക്കൽക്കൂടി ഒരുമിച്ച് വന്നതിലുള്ള സന്തോഷം അദ്ദേഹം പ്രത്യേകം രേഖപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് വത്തിക്കാനിൽനിന്നുള്ള കർദ്ദിനാൾ തൊളെന്തീനോ ദേ മെൻഡോൺസാ വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ രക്ഷാധികാരി, സർ ജോൺ സ്പുർലിങ്ങിന് എഴുതിയ കത്തിൽ, വത്തിക്കാൻ ക്രിക്കറ്റ് ടീമിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്ന “കായികനയതന്ത്രത്തിന്റെ” പ്രാധാന്യം പ്രത്യേകം എടുത്തുപറഞ്ഞു. ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിക്കുന്നതുപോലെ, പലയിടങ്ങളിലായി പോരാടപ്പെടുന്ന ഒരു മൂന്നാം ലോകമഹായുദ്ധം ജീവിക്കുന്ന കാലത്താണ് ഇത്തരമൊരു മത്സരം നടക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിന് അനുവദിച്ച ഒരു അഭിമുഖത്തിൽ, വത്തിക്കാനിലേക്കുള്ള യു.കെ. നയതന്ത്രപ്രതിനിധിയും, ഇത്തരമൊരു മത്സരം, രാഷ്ട്രീയപരവും, മതപരവുമായ തലങ്ങളിൽ ഉളവാക്കുന്ന വലിയ അനുരണനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. അതിരുകളെ ഭേദിക്കുന്ന സൗഹൃദം സൃഷ്ടിക്കാൻ കായികരംഗത്തിന് സാധിക്കുമെന്നും, വത്തിക്കാനും യു.കെയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഇതിന് ഒരുദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇരുടീമുകളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ, നിലവിലെ ചമ്പ്യാന്മാരായിരുന്ന വത്തിക്കാൻ ടീം പരാജയപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: