സമത്വമില്ലാത്ത സാമ്പത്തികവളർച്ച ഗുണകരമല്ല: ജനീവയിലെ വത്തിക്കാൻ പ്രതിനിധി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
രാജ്യങ്ങളുടെ പൊതുസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മെച്ചപ്പെടുക എന്നാൽ എല്ലാ പൗരന്മാരുടെയും വളർച്ച സാധ്യമായി എന്ന അർത്ഥമില്ല എന്നോർമ്മിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ ജനീവയിലെ ഓഫീസിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് എത്തൊറെ ബലെസ്ത്രെറോ. "വളർച്ചയേക്കാൾ, ദാരിദ്ര്യത്തെ ഇല്ലാതാക്കുക" എന്ന പേരിൽ, സാമ്പത്തികവളർച്ചയെ മാത്രം അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പുരോഗതിയെ കണക്കാക്കുന്നതിനെതിരെ, മനുഷ്യാവകാശ കൗൺസിലിന്റെ അൻപത്തിയാറാമത് സാധാരണ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടിനെ അനുകൂലിച്ച്, ജൂലൈ 3 ബുധനാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊത്ത ആഭ്യന്തര ഉത്പാദനം (GDP) വർദ്ധിക്കുക എന്നാൽ രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെട്ടു എന്ന അർത്ഥമില്ലെന്ന് റിപ്പോർട്ട് വിശദീകരിച്ചിരുന്നു.
സാമ്പത്തികവളർച്ചയിലെ കുറവുകളെ സംബന്ധിച്ച് സംസാരിച്ച വത്തിക്കാൻ നയതന്ത്രപ്രതിനിധി, ചില സാമ്പത്തികനിയമങ്ങൾ, വളർച്ചയ്ക്ക് സഹായിച്ചേക്കാം, എന്നാൽ സമഗ്രമാനവികവികസനത്തിന് അവ സഹായകരമായേക്കില്ല, എന്ന ഫ്രാൻസിസ് പാപ്പായുടെ അഭിപ്രായം തന്റെ പ്രഭാഷണത്തിൽ ആവർത്തിച്ചു. സമ്പത്ത് വളരുന്നതിനൊപ്പം അസമത്വങ്ങളും വളർന്നുവരികയാണെന്നും, "പുതിയ തരത്തിലുള്ള ദാരിദ്ര്യങ്ങൾ" സമൂഹത്തിൽ ഉണ്ടായിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയകാല നിയമങ്ങൾ ഉപയോഗിച്ച്, ഇന്നത്തെ ദാരിദ്ര്യത്തെ അളക്കുന്നതിലെ തെറ്റിനെ ചൂണ്ടിക്കാണിക്കുകയായിരുന്നു ആർച്ച്ബിഷപ് ബാലെസ്ത്രെറോ.
സ്വാതന്ത്ര വിപണനനയം സാമൂഹ്യനീതി വളർത്തിയേക്കുമെന്ന ചിന്തയിൽ അടിസ്ഥാനമിട്ട സാമ്പത്തികവളർച്ചയുടെ ദൂഷ്യത്തെക്കുറിച്ചും വത്തിക്കാൻ പ്രതിനിധി സംസാരിച്ചു. ഇത്തരമൊരു വിപണനനയം നിലനിൽക്കുമ്പോഴും അവഗണിക്കപ്പെട്ടവരും പാവപ്പെട്ടവരും തങ്ങളുടെ ഊഴത്തിനായി കാത്തുനിൽക്കേണ്ടിവരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തികരംഗം വളർച്ചയെ മാത്രം ലക്ഷ്യമാക്കിയല്ല നിലനിൽക്കേണ്ടത് എന്ന് പോൾ ആറാമൻ പാപ്പാ 1967-ൽ നടത്തിയ പ്രസ്‌താവനയെ അധികരിച്ച് സംസാരിച്ച വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ, വികസനം എന്നാൽ സാമ്പത്തിക വളർച്ച എന്ന അർത്ഥത്തിൽ മാത്രം എടുക്കരുതെന്നും, അത് എല്ലാ മനുഷ്യരുടേതുമുൾപ്പെടെ മൊത്തത്തിലുള്ള വളർച്ചയെ ആയിരിക്കണം ലക്ഷ്യമാക്കുന്നതെന്നും പോൾ ആറാമൻ പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു എന്ന് വിശദീകരിച്ചു.
ജീവിക്കാനുള്ള അവകാശം, ശാരീരികസമഗ്രത, ജീവന്റെ ശരിയായ വികസനത്തിന് ആവശ്യമായ, ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിശ്രമം, മറ്റ് സാമൂഹികസേവനങ്ങൾ തുടങ്ങിയവയും സമഗ്രമായ വികസനത്തിന്റെ അളവുകോലുകളാണെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. ഇത് യാഥാർത്ഥ്യമാകാൻ ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന് ചോദിച്ച ആർച്ച്ബിഷപ് ബാലെസ്ത്രെറോ, ഇതിനായി രാഷ്ട്രീയനേതൃത്വത്തിന്റെയും, നിയമനിർമ്മാതാക്കളുടെയും ക്രിയാത്മകമായ പ്രവർത്തനം ഉണ്ടാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
കഠിനമായ ദാരിദ്ര്യം ലഘൂകരിക്കുന്നതിലും, മനുഷ്യനും അവന്റെ അന്തസ്സും കേന്ദ്രബിന്ദുവാകുന്ന നീതിപൂർവ്വമായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നതിലും, വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനങ്ങൾക്ക് നിർവ്വഹിക്കാൻ സാധിക്കുന്ന ചുമതലയെക്കുറിച്ച്, നിലവിലെ റിപ്പോർട്ട് തയ്യാറാക്കിയവരുടെ അഭിപ്രായം വ്യക്തമാക്കണമെന്നും വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: