യുദ്ധത്തിൽ ജീവൻ പൊലിയുന്ന കുട്ടികളുടെ സംഖ്യ മൂന്നിരട്ടിയായി, മോൺ.മർഫി
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ നടക്കുന്ന സായുധസംഘർഷങ്ങൾ കുട്ടികളിൽ ഏല്പിക്കുന്ന ദുരന്തപൂർണ്ണമായ ആഘാതങ്ങളിൽ പരിശുദ്ധസിംഹാസനം ആശങ്ക പ്രകടിപ്പിക്കുന്നു.
സായുധസംഘർഷങ്ങൾക്ക് കുഞ്ഞുങ്ങൾ ഇരകളാകുന്നതിനെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമതി അടുത്തയിടെ സംഘടിപ്പിച്ച ഒരു തുറന്ന ചർച്ചയിൽ സംസാരിക്കവെയാണ് ന്യുയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ കാര്യാലയത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ ഉപസ്ഥിരംനിരീക്ഷകനായ മോൺസിഞ്ഞോർ റോബർട്ട് മർഫി ഈ ആശങ്ക അറിയിച്ചത്.
സായുധസംഘർഷങ്ങളിൽ വധിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമാംവിധം വർദ്ധിക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനറൽ വെളിപ്പെടുത്തിയ പുതിയ കണക്കുകളുടെ വെളിച്ചത്തിൽ പരാമർശിച്ച അദ്ദേഹം കുട്ടികളുടെ സംരക്ഷണത്തിന് പ്രഥമതഃ മാനവിക സഹായം ലഭ്യമാക്കുക നിർണ്ണായകമാണെന്ന് വ്യക്തമാക്കി.
യുദ്ധത്തിൻറെ ആഘാതം അനുഭവിക്കുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് തടയാനുള്ള ഏതൊരു ശ്രമത്തെയും പരിശുദ്ധസിംഹാസനം അപലപിക്കുന്നുവെന്നും അത്തരം തടസ്സങ്ങൾ അന്താരാഷ്ട്ര മാനവിക നിയമങ്ങളെ മാത്രമല്ല, കുട്ടികളുടെ വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: