തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
സാന്താ മരിയ ദി ഗലേറിയയിൽനിന്നുള്ള എഴുപതുകളിലെ ചിത്രം സാന്താ മരിയ ദി ഗലേറിയയിൽനിന്നുള്ള എഴുപതുകളിലെ ചിത്രം 

വൈദ്യുതി ഉത്പാദനത്തിൽ സമ്പൂർണ്ണപരിസ്ഥിതിസൗഹൃദരാജ്യമാകാൻ വത്തിക്കാൻ

വത്തിക്കാന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽനിന്ന് ഉത്പാദിപ്പിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട്, “ഫ്രത്തെല്ലോ സോളെ” എന്ന പേരിൽ ജൂൺ 21-ന് ഫ്രാൻസിസ് പാപ്പാ ഒരു അപ്പസ്തോലിക ലേഖനം നൽകി. റോമിന്റെ പ്രാന്തപ്രദേശത്തുള്ള സാന്താ മരിയ ദി ഗലേറിയയിൽ സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക. ഇതിനായി പ്രത്യേക ഉന്നതോദ്യോഗസ്ഥരെയും പാപ്പാ നിയമിച്ചു. അവിടെയുള്ള റേഡിയോ സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്കുവേണ്ട വിദ്യുശ്ചക്തിയും ഇതിൽനിന്ന് ലഭ്യമാക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സൗരോർജ്ജത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനത്തിലൂടെ ലോകത്തിന് മാതൃകയാകാനൊരുങ്ങി വത്തിക്കാൻ. രാജ്യത്തിൻറെ ഉപയോഗത്തിനായുള്ള വൈദ്യുതി പൂർണ്ണമായും സൗരോർജ്ജത്തിൽനിന്ന് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ, ജൂൺ 21-ന് ഫ്രാൻസിസ് പാപ്പാ പുതിയ നിർദ്ദേശം നൽകി. ഫ്രത്തെല്ലോ സോളെ (Fratello Sole, സൂര്യസഹോദരൻ) എന്ന പേരിൽ മോത്തു പ്രൊപ്രിയോയുടെ (Motu Proprio, സ്വയാധികാര പ്രബോധനം) രൂപത്തിലുള്ള അപ്പസ്തോലിക ലേഖനം പുറത്തിറക്കിക്കൊണ്ടാണ്, പരിസ്ഥിതിസൗഹൃദ്രജ്യമാകാൻ വത്തിക്കാൻ തയ്യാറെടുക്കുന്നത്. റോം നഗരത്തിന് പുറത്ത് റോമിന്റെ പ്രാന്തപ്രദേശത്തുള്ള സാന്താ മരിയ ദി ഗലേറിയ എന്ന വത്തിക്കാന്റെ സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക.  ഈ പദ്ധതിയുടെ ശരിയായ നടത്തിപ്പിനായി ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥരെയും പാപ്പാ നിയമിച്ചു.

പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്ന ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങൾക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി, പെട്രോൾ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉൽപാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെയും, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, 2015 മെയ് 24-ന്, "ലൗദാത്തോ സി" എന്ന ചാക്രികലേഖനം താൻ പുറത്തിറക്കിയത്, പുതിയ മോത്തു പ്രൊപ്രിയോയുടെ ആരംഭത്തിൽത്തന്നെ  പാപ്പാ പരാമർശിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ഒരുക്കിയ ഉടമ്പടി പരിശുദ്ധ സിംഹാസനവും അംഗീകരിച്ചത് 2022 ജൂലായ് 6-ന്,  ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ അറിയിച്ചതും പാപ്പാ അനുസ്മരിച്ചു. ഇത്തരമൊരു നീക്കം വഴി, മറ്റു രാജ്യങ്ങളെപ്പോലെ, നമ്മുടെ പൊതുഭവനമായ ഭൂമിയ്ക്കും മാനവികതയ്ക്കും നേരെ കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരവാദിത്വപരമായും, തങ്ങളുടേതായ കഴിവനുസരിച്ചും ഉത്തരം നൽകാനുള്ള ശ്രമമാണ് താൻ നടത്തിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കാലാവസ്ഥാപരമായ സുസ്ഥിരതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിലേക്കായി, ഹരിതഗൃഹവാതകഉത്പാദനം കുറയ്ക്കുന്നത് ലക്ഷ്യമാക്കിയുള്ള വികസനമാതൃകയിലേക്ക് നാമെല്ലാവരും മാറേണ്ടതുണ്ടെന്ന് പാപ്പാ തന്റെ അപ്പസ്തോലികലേഖനത്തിൽ എഴുതി. ഭൂമി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പരിവർത്തനങ്ങളെയും, ധാർമ്മിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അത് സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെയും നേരിടാൻ ആവശ്യമായ സാങ്കേതികമാർഗ്ഗങ്ങൾ മാനവികതയ്ക്കുണ്ടെന്നും, അത്തരം സാങ്കേതികമാർഗ്ഗങ്ങളിൽ അടിസ്ഥാനപരമായ ഒന്ന് സൗരോർജ്ജമാണെന്നും പാപ്പാ എഴുതി.

ഈ ചിന്തകളുടെ അടിസ്ഥാനത്തിലും, വത്തിക്കാൻ രാജ്യത്തിൻറെ ഗവർണറേറ്റിന്റെ പ്രെസിഡന്റ്, പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ പൈതൃകസ്വത്തും കൈകാര്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള പ്രെസിഡന്റ് എന്ന നിലയിലും, വത്തിക്കാന് പുറത്ത്, സാന്താ മരിയ ദി ഗലേറിയയിലുള്ള വത്തിക്കാൻ റേഡിയോ സ്റ്റേഷന്റെ വൈദ്യുതവിതരണത്തിന് മാത്രമല്ല, വത്തിക്കാൻ രാജ്യത്തിന്റെ സമ്പൂർണ്ണഊർജ്ജോത്പാദനത്തിനായുമുള്ള പദ്ധതി നടപ്പിലാക്കാൻ പാപ്പാ നിർദ്ദേശം നൽകി. സൗരോർജ്ജത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനം, കൃഷി എന്നിവ ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയിലായിരിക്കും ഇവിടെയുള്ള ഭൂമി ഉപയോഗപ്പെടുത്തുക.

പദ്ധതിയുടെ നടത്തിപ്പിനായി ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥരെ നിയമിച്ച പാപ്പാ, അവർക്ക് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വേണ്ട എല്ലാ അധികാരങ്ങളും നൽകി. പരിശുദ്ധ സിംഹാസനവും ഇറ്റലിയും തമ്മിലുള്ള ഉഭയരാഷ്ട്രക്കരാറിന്റെ പതിനഞ്ച്, പതിനാറ് ചട്ടങ്ങൾ പ്രകാരം, കസ്‌തേൽ റൊമാനൊയിലും സാന്താ മരിയ ദി ഗലേറിയയിലും പ്രവർത്തനങ്ങൾ നടത്തുവാൻ പരിശുദ്ധസിംഹാസനത്തിനുള്ള അവകാശമുപയോഗിച്ചായിരിക്കും ഇവിടെയുള്ള പുതിയ പദ്ധതി നടപ്പിലാക്കുക.

സൗരോർജ്ജമുപയോഗിച്ചുള്ള വൈദ്യുതോത്പാദനത്തിനായി നിയമിച്ച ഉദ്യോഗസ്ഥർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാനും, പരിശുദ്ധസിംഹാസനത്തിന് സാന്താ മരിയ ദി ഗലേറിയയിലുള്ള ഒന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാനും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന് പാപ്പാ നിർദ്ദേശം നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ജൂൺ 2024, 14:49
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031