സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പാപ്പായുടെ ഔദ്യോഗിക പരിപാടികൾ പ്രസിദ്ധീകരിച്ചു
വത്തിക്കാൻ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പാ, 2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ, കാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളുടെയും സന്ദർശനങ്ങളുടെയും വിവരങ്ങൾ വത്തിക്കാനിലെ പൊന്തിഫിക്കൽ തിരുക്കർമ്മങ്ങൾക്കായുള്ള വിഭാഗം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ മാസം ഏഴാം തീയതി, വൈകുന്നേരം 6 മണിക്ക് റോമിന് പുറത്തുള്ള ജെനസാനോ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന, അഗസ്റ്റീനിയൻ സന്യാസികൾ ശുശ്രൂഷ ചെയ്യുന്ന സദ് ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ ബലിയർപ്പിക്കും. 1200 മുതൽ അഗസ്റ്റീനിയൻ സന്യാസികളാണ് ഈ തീർത്ഥാടന ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നത്. 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും, 1993-ൽ ജോൺ പോൾ രണ്ടാമൻ പാപ്പായും ഈ തീർത്ഥാടന ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
സെപ്റ്റംബർ മാസത്തെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി, സെപ്റ്റംബർ മാസം 25 മുതൽ 28 വരെ ഫ്രാൻസിലേക്ക് നടത്തുന്ന അപ്പസ്തോലിക സന്ദർശനമാണ്. ഈ യാത്രയുടെ ഭാഗമായി പാപ്പാ യുനെസ്കോയുടെ (UNESCO) ആസ്ഥാനവും സന്ദർശിക്കും. അന്താരാഷ്ട്ര തലത്തിൽ സമാധാനവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിഭാവനം ചെയ്തിരിക്കുന്നത്.
ഒക്ടോബർ മാസത്തിൽ രണ്ട് പ്രധാന ശുശ്രൂഷകളാണ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്നത്. ഒക്ടോബർ 8-ന് വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് പൊന്തിഫിക്കൽ സർവ്വകലാശാലകളുടെ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് പാപ്പാ വിശുദ്ധ ദിവ്യബലി അർപ്പിക്കും.
ഒക്ടോബർ 14-ന് രാവിലെ 10 മണിക്ക് 'അമോറിസ് ലെത്തീത്സ്യ' (Amoris Laetitia) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
