തിരയുക

പാപ്പാ ജെനസാനോ തീർത്ഥാടന ദേവാലയത്തിൽ പാപ്പാ ജെനസാനോ തീർത്ഥാടന ദേവാലയത്തിൽ  (@Vatican Media)

മാതാവിന്റെ പിറവിതിരുനാൾ തലേന്ന് പാപ്പാ ജെനസാനോ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും

റോമിന് പുറത്തുള്ള ജെനസാനോ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന, അഗസ്റ്റീനിയൻ സന്യാസികൾ ശുശ്രൂഷ ചെയ്യുന്ന സദ് ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മാസം ഏഴാം തീയതി, മാതാവിന്റെ പിറവി തിരുനാൾ തലേന്ന് വിശുദ്ധ ബലിയർപ്പിക്കും.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അപ്രതീക്ഷിതമായി നടത്തിയ തീർത്ഥാടനത്തിന് വേദിയായ, റോമിന് പുറത്തുള്ള ജെനസാനോയിലുള്ള സദ് ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മാസം ഏഴാം തീയതി, മാതാവിന്റെ പിറവി തിരുനാൾ തലേന്ന് വിശുദ്ധ ബലിയർപ്പിക്കും. 1200 മുതൽ അഗസ്റ്റീനിയൻ സന്യാസികളാണ് ഈ തീർത്ഥാടന ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നത്.

"സഭ എന്നെ ഏൽപ്പിച്ച പുതിയ ശുശ്രൂഷയുടെ ആദ്യ ദിവസങ്ങളിൽ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ എന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ഇവിടെ വരാൻ അതിയായി ആഗ്രഹിച്ചു." എന്നാണ്, 2025 മെയ് മാസം പത്താം തീയതി, തന്റെ സന്ദർശന വേളയിൽ പരിശുദ്ധ പിതാവ് പറഞ്ഞ വാക്കുകൾ.

അൽബേനിയയിൽ നിന്നുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ അത്ഭുത തിരു സ്വരൂപമാണ് ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. 1903-ൽ അതിനെ ഒരു മൈനർ ബസിലിക്കയായി ഉയർത്തിയത്, ലിയോ പതിമൂന്നാമൻ പാപ്പാ ആയിരുന്നുവെന്നതും, ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും,  1993-ൽ ജോൺ പോൾ രണ്ടാമൻ പാപ്പായും ഈ തീർത്ഥാടന ദേവാലയം സന്ദർശിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 25-ന് ഒരു കർദ്ദിനാൾ എന്ന നിലയിൽ ലിയോ പതിനാലാമൻ പാപ്പാ, ഈ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചിട്ടുണ്ട്, തദവസരത്തിൽ, അദ്ദേഹം, ലോകമെമ്പാടും സമാധാനവും അനുരഞ്ജനവും പ്രചരിപ്പിക്കുന്നതിന് മറിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ വിശ്വാസികളെ പ്രേരിപ്പിക്കുകയുണ്ടായി. ഈ ആഹ്വാനം ഒരിക്കൽ കൂടി നവീകരിക്കുന്നതാകും, പാപ്പായുടെ സെപ്റ്റംബർ ഏഴാം തീയതിയിൽ വിശുദ്ധ കുർബാന. ഏകദേശം 50 വർഷമായി തനിക്ക്, ജെനസാനോയിലെ മാതാവുമായുള്ള അടുപ്പത്തെക്കുറിച്ചും പാപ്പാ, എടുത്തു പറഞ്ഞിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ഓഗസ്റ്റ് 2026, 12:34