തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ 

സമർപ്പിതർ ഐക്യം വളർത്തുകയും ദൈവവിളികൾ പ്രോത്സാഹിപ്പിക്കുകയും വേണം: ലിയോ പതിനാലാമൻ പാപ്പാ

വടക്കേ അമേരിക്കയിൽ നടന്നുവരുന്ന "സന്ന്യസ്തകളുടെ ലീഡർഷിപ്പ് കോൺഫറൻസിന്" ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശം. സിനഡാത്മകചൈതന്യം നിലനിൽക്കുന്ന സഭയിൽ, സമർപ്പിതർക്കും എല്ലാ വിശ്വാസികൾക്കും ക്രിസ്തുവിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് കടമയുണ്ടെന്ന്, ഓഗസ്റ്റ് 12 ബുധനാഴ്ച ഈ സംഘടനയുടെ വാർഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ സന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സിനഡാത്മകസഭയിൽ, ഐക്യം വളർത്താനും ദൈവവിളികൾ പ്രോത്സാഹിപ്പിക്കാനും സമർപ്പിതർക്കുള്ള വിളിയെക്കുറിച്ച് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. വടക്കേ അമേരിക്കയിലെ "സന്ന്യസ്തകളുടെ ലീഡർഷിപ്പ് കോൺഫറൻസ്‌" (Leadership Conference of Women Religious - LCWR) സ്ഥാപിതമായതിന്റെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന വാർഷികസമ്മേളനത്തിൽ സംബന്ധിച്ചവർക്കായി ഓഗസ്റ്റ് 12 ബുധനാഴ്ച അയച്ച ഒരു വീഡിയോ സന്ദേശത്തിലാണ് സന്ന്യസ്തസമൂഹങ്ങൾക്കുള്ളിലും വിവിധ സഭാസമൂഹങ്ങൾ തമ്മിലും, സഭയിൽ മുഴുവനിലും ഐക്യം വളർത്തുന്നതിൽ സമർപ്പിതർക്കുള്ള ഉത്തരവാദിത്വത്തെയും വിളിയെയും കുറിച്ച് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.

വിശ്വാസജീവിതസാക്ഷ്യം

ക്രിസ്തുവിലുള്ള ഐക്യം പ്രയോഗികമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, ഇത് ഒരു സിനഡാത്മക സഭയുടെ അന്തരീക്ഷത്തിലാണ് വളരുകയെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഈ ദൗത്യത്തിനായി എല്ലാവരും സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവ് നൽകിയ വിവിധ സിദ്ധികളിലൂടെ സമർപ്പിതരായ നിരവധി സ്ത്രീകളും പുരുഷന്മാരും, മുൻകാലങ്ങളിൽ സഭയുടെ നിയോഗവും രഹസ്യാത്മകതയും ദൃശ്യമാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. യേശുവിൽ കേന്ദ്രീകൃതമായ ഒരു ജീവിതം വഴി, ലോകത്തെ വിശ്വാസത്തിൽ വളർത്തുന്നതിന് സംഭാവന നൽകാൻ ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവ്, അതുവഴി ലോകത്തിലെ നിസംഗതയുടെയും ദുർബലതയുടെയും ആഗോളവത്കരണത്തെ, ക്രിസ്തുവിന്റെ സ്നേഹവും കരുണയും കൊണ്ട് സൗഖ്യപ്പെടുത്താനാകുമെന്ന് ഉദ്‌ബോധിപ്പിച്ചു.

ശുശ്രൂഷകൾക്ക് നന്ദി

സുവിശേഷവത്കരണം, വിദ്യാഭ്യാസം, ദരിദ്രരുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പരിചരണം തുടങ്ങിയ മേഖലകളിൽ ദീർഘനാളുകളായി സമർപ്പിത സമൂഹങ്ങൾ നൽകിവരുന്ന സംഭാവനകൾക്ക് മാർപാപ്പ നന്ദി അറിയിച്ചു. "അനേകം സിദ്ധികൾ, ഒരേ ആത്മാവും ഒരേ വിളിയും" (“Many Charisms, One Spirit, One Call”) എന്ന സമ്മേളന പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ, വ്യത്യസ്ത സഭാസ്ഥാപകരിലൂടെ അതാത് സമൂഹങ്ങളിൽ ദൈവം ഭരമേല്പിച്ച സിദ്ധികൾ പ്രത്യേകമായി അനുസ്മരിക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

ദൈവവിളികൾ പ്രോത്സാഹിപ്പിക്കുക

സമർപ്പിതജീവിതത്തിലേക്കുള്ള ദൈവവിളികൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് വിരൽ ചൂണ്ടി. സമകാലീനലോകത്ത്, മതേതരവത്കരണചിന്തകൾ നിലനിൽക്കുമ്പോഴും, ദൈവത്തിനായുള്ള ദാഹം വളർന്നുവരുന്നുണ്ടെന്ന് അടുത്തിടെ താൻ സ്പെയിനിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയെക്കൂടി പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകളിൽ, തങ്ങളുടെ സമർപ്പിതജീവിതം അവർക്ക് പരിചയപ്പെടുത്തുകയും, ഹൃദയത്തിന്റെ ആഴത്തിൽ സംസാരിക്കുന്ന കർത്താവിന്റെ വിളി കേൾക്കാൻ അവരെ സഹായിക്കുകയും വേണമെന്ന് സമർപ്പിതകളോട് പാപ്പാ ആവശ്യപ്പെട്ടു.

തന്റെ ആത്മീയസാമീപ്യം സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഉറപ്പുനൽകിയ പാപ്പാ, സഭയുടെ മാതാവായ പരിശുദ്ധ അമ്മയ്ക്ക് ഏവരെയും സമർപ്പിക്കുകയും, ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ഓഗസ്റ്റ് 2026, 14:01