തിരയുക

ഐക്യത്തിനു നിലമൊരുക്കേണ്ടത് ആത്മാർത്ഥവും, വിനയാന്വിതവുമായ സംഭാഷണത്തിലൂടെയാണ്: പാപ്പാ

“നൈറ്റ്സ് ഓഫ് കൊളംബസ്” അഥവാ, "കൊളംബസിന്‍റെ യോദ്ധാക്കള്‍” എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ 144-ാമത് പരമോന്നത കൺവെൻഷനോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം പങ്കുവച്ചു. അധസ്ഥിതരായ സമൂഹത്തോടുള്ള പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയ്ക്ക് പാപ്പാ നന്ദിയർപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അമേരിക്കയിലെ കൊളോറാഡോയിലുള്ള ഡെൻവർ  നഗരത്തിൽ വച്ച് നടക്കുന്ന  "കൊളംബസിന്‍റെ യോദ്ധാക്കള്‍” എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ 144-ാമത് പരമോന്നത കൺവെൻഷനിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം പങ്കുവച്ചു. ഓഗസ്റ്റ് മാസം 4 മുതൽ 6 വരെയാണ് കൺവൻഷൻ നടക്കുന്നത്. തന്റെ ആത്മീയ സാമീപ്യം ഉറപ്പു നൽകിക്കൊണ്ടാണ്, തന്റെ സന്ദേശം പാപ്പാ ആരംഭിക്കുന്നത്.

"ആ ഏകനിൽ നാം ഒന്നാകുന്നു" എന്ന കൺവൻഷന്റെ പ്രമേയം ഓർമ്മപ്പെടുത്തിക്കൊണ്ട്, തുടർന്ന്, പാപ്പാ, ഐക്യം, ജീവകാരുണ്യം  എന്ന പ്രസ്ഥാനത്തിന്റെ രണ്ടു പ്രധാന വശങ്ങളെയും മൂല്യങ്ങളെയും പറ്റി സംസാരിച്ചു. അന്ത്യ അത്താഴ വേളയിൽ, തന്റെ ശിഷ്യർക്കുവേണ്ടി യേശു പ്രാർത്ഥിക്കുന്നത്, ഐക്യത്തിന് വേണ്ടിയായിരുന്നുവെന്നു, വിശുദ്ധ യോഹന്നാന്റെ സുവിശേഷവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. എന്നാൽ, ഐക്യത്തിന്റെ ഈ കൃപ, നൂറ്റാണ്ടുകളിലുടനീളം അപ്പസ്തോലന്മാരുടെ വാക്കുകളിലൂടെ  തന്നിൽ വിശ്വസിക്കുന്ന ഏവർക്കും ലഭിക്കണം എന്ന് കൂടിയാണ് പ്രാർത്ഥിക്കുന്നതെന്നു പാപ്പാ വിശദീകരിച്ചു. എന്നിരുന്നാലും, ഐക്യം കാത്തുസൂക്ഷിക്കുക എളുപ്പമല്ല എന്നും, അത് നിസ്സാരമായി കാണാൻ  കഴിയില്ലയെന്നും, അതിനാൽ, ആത്മാർത്ഥവും, വിനയാന്വിതവുമായ സംഭാഷണത്തിലൂടെ അത് സജീവമായി വളർത്തിയെടുക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വിഭജനവും,  മൂർച്ചയുള്ള വാചാടോപവും പലപ്പോഴും അടയാളപ്പെടുത്തിയിരിക്കുന്ന ഒരു യുഗത്തിൽ, സാധ്യമാകുന്നിടത്തെല്ലാം പാലങ്ങൾ പണിയാനും എതിർ നിലപാടുകളെ  അനുരഞ്ജിപ്പിക്കാനും ശ്രമിക്കുന്ന ഐക്യത്തിന്റെ പ്രവാചകന്മാരെ ആവശ്യമെന്നും, അതിനാൽ കുടുംബങ്ങളിലും, ഇടവകകളിലും, നാം വസിക്കുകയും,  സേവിക്കുകയും ചെയ്യുന്ന  സമൂഹങ്ങളിലും, യേശു അതിയായി ആഗ്രഹിക്കുന്ന ആ ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നവരായി മാറുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ പലപ്പോഴും ഐക്യം വളർത്തുന്നതിനുള്ള ഒരു മാർഗമാണെന്നു പാപ്പാ തുടർന്ന് പറഞ്ഞു. ആവശ്യക്കാരെ സഹായിക്കാൻ നാം കൈകോർക്കുമ്പോൾ, കൊടുക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇടയിലും, സഹോദരങ്ങളെ സഹായിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നവർക്കും ഇടയിലും ഒരു പ്രത്യേക ഐക്യം വർധിക്കുന്നുവെന്നും, ഇതിനു "കൊളംബസിന്‍റെ യോദ്ധാക്കള്‍” പ്രസ്ഥാനത്തിലെ അംഗങ്ങൾ പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളവരാണെന്നും പാപ്പാ പറഞ്ഞു.

മനുഷ്യരുടെ കഷ്ടപ്പാടുകൾക്കുള്ള ഒരു പ്രതികരണം മാത്രമല്ല, സാഹോദര്യം വളർത്തുന്നതിനും ക്രിസ്തീയ ജീവിതത്തിന്റെ കാതലായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ ഒരു മാർഗമാണ്, ജീവകാരുണ്യ പ്രവൃത്തികൾ എന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഗർഭസ്ഥ ശിശുക്കൾ, ഗർഭിണികൾ, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ, യുദ്ധത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഇരകൾ, ദരിദ്രർ, ദുർബലർ, സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർ  എന്നിങ്ങനെ നിരവധി ആളുകൾക്ക്, "കൊളംബസിന്‍റെ യോദ്ധാക്കള്‍” നൽകിയ സേവനങ്ങളെയും പാപ്പാ അഭിനന്ദിക്കുകയും, നന്ദിയർപ്പിക്കുകയും, ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച, വാഴ്ത്തപ്പെട്ട മൈക്കൽ മക്‌ഗിവ്‌നിയെ അനുസ്മരിക്കുകയും ചെയ്തു. തന്റെ അപ്പസ്‌തോലിക ആശീർവാദവും പാപ്പാ ഏവർക്കും നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

05 ഓഗസ്റ്റ് 2026, 11:06