മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷം: ലിയോ പതിനാലാമൻ പാപ്പാ കസ്തേൽ ഗന്തോൾഫോയിലേക്ക് മടങ്ങി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ റോമിന് പുറത്ത് കസ്തേൽ ഗന്തോൾഫോയിലുള്ള അപ്പസ്തോലിക കൊട്ടാരത്തിലേക്ക് മടങ്ങി. വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച ശേഷം ഓഗസ്റ്റ് 12 ബുധനാഴ്ച വൈകിട്ടാണ് പാപ്പാ ഇവിടേക്ക് യാത്രയായത്.
സെന്റ് തോമസ് ഇടവകയിലെ സന്ദർശനം
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ദിനമായ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ കസ്തേൽ ഗന്തോൾഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ പേരിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിലെത്തുന്ന പാപ്പാ, 10 മണിക്ക് വിശ്വാസി സമൂഹത്തിനൊപ്പം വിശുദ്ധ ബലിയർപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പരിശുദ്ധ പിതാവിന്റെ ആരാധനക്രമ ആഘോഷങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷവും വേനലവധിക്കാലത്ത് പരിശുദ്ധ പിതാവ് ഈ ദേവാലയവും അവിടെ അടുത്തുള്ള വാനനിരീക്ഷണകേന്ദ്രവും സന്ദർശിച്ചിരുന്നു.
ഓഗസ്റ്റ് 15 ശനിയാഴ്ചയും, 16 ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് പരിശുദ്ധ പിതാവ് കസ്തേൽ ഗന്തോൾഫോയിൽ ത്രികാലജപപ്രാർത്ഥന നയിക്കും. ഓഗസ്റ്റ് 18 വരെ പാപ്പാ കസ്തേൽ ഗന്തോൾഫോയിലായിരിക്കുമെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഓഗസ്റ്റ് 22 ശനിയാഴ്ച പരിശുദ്ധ പിതാവ് സാൻ മരീനോയും റിമിനിയും സന്ദർശിക്കും
സാന്ത മരിയ ദെൽ ലാഗോ ഇടവക സന്ദർശനം
ഓഗസ്റ്റ് 29 ശനിയാഴ്ച കസ്തേൽ ഗന്തോൾഫോയിൽ "തടാകത്തിന്റെ മാതാവ്" (Maria Santissima del lago) എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ പേരിലുള്ള ദേവാലയം പരിശുദ്ധ പിതാവ് സന്ദർശിക്കുമെന്നും ആരാധനക്രമ ആഘോഷങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
