തിരയുക

സുഡാനിൽ ആളുകൾ പലായനം ചെയ്യുന്നു സുഡാനിൽ ആളുകൾ പലായനം ചെയ്യുന്നു  

സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ച് പരിശുദ്ധ പിതാവ്

വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ തുടരുന്ന ദാരുണമായ ആഭ്യന്തര യുദ്ധത്തിൽ ലിയോ പതിനാലാമൻ പാപ്പാ അതീവ ആശങ്ക രേഖപ്പെടുത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സുഡാനീസ് സായുധ സേനയും,  അർദ്ധമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും  തമ്മിലുള്ള പോരാട്ടം, സാധാരണക്കാരായ സുഡാനിലെ  ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നതിനെ എടുത്തു പറഞ്ഞു കൊണ്ട്, സമാധാനത്തിനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥിച്ചു. ഈ പോരാട്ടം രാജ്യത്ത് സമാനതകളില്ലാത്ത മാനുഷിക ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം ഒൻപതാം തീയതി, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തിലധികം ആളുകൾ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. സാധാരണക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയും, രാജ്യം വൻ ക്ഷാമത്തിലേക്കും, ആരോഗ്യരംഗം വെല്ലുവിളികളിലേക്കും തള്ളപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. സുഡാനിലെ, പ്രത്യേകിച്ച് വടക്കൻ കോർദോഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ 'എൽ-ഒബെയ്ദ്'  നഗരത്തിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് പാപ്പാ  ചൂണ്ടിക്കാട്ടി.

സുഡാനിലെ ജനങ്ങളോടുള്ള തന്റെ ആത്മീയ സാമീപ്യം അറിയിച്ച പാപ്പാ, പ്രാദേശിക-അന്തർദേശീയ ഭരണാധികാരികളോട് സമാധാന അഭ്യർത്ഥന നടത്തുകയും ചെയ്തു.

"പൗരന്മാർക്ക് സഹായമെത്തിക്കുന്നതിനായി മാനുഷിക ഇടനാഴികൾ  ഉറപ്പാക്കണമെന്ന് ഞാൻ ഭരണാധികാരികളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. അതോടൊപ്പം, സുഡാനിൽ ഉടനടി വെടിനിർത്തൽ നടപ്പിലാക്കാൻ ആവശ്യമായ പരിശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പൂർണ്ണ പിന്തുണ നൽകണമെന്നും ഞാൻ ആഹ്വാനം ചെയ്യുന്നു", പാപ്പാ പറഞ്ഞു.

ഈ ദുരന്തമുഖത്ത് പ്രാർത്ഥനയെന്ന 'ആയുധം' കൈവിടരുതെന്ന് അദ്ദേഹം ക്രിസ്തീയ വിശ്വാസികളോട് ആഹ്വാനം ചെയ്തു. "കഷ്ടത അനുഭവിക്കുന്നവരെ ദൈവം താങ്ങുന്നതിനായും, അക്രമം വിതയ്ക്കുന്നവരുടെ ഹൃദയപരിവർത്തനത്തിനായും, രാജ്യം കാത്തിരിക്കുന്ന സമാധാനം കൈവരുന്നതിനായും നമുക്ക് പ്രാർത്ഥിക്കാം," പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ഓഗസ്റ്റ് 2026, 12:46