പ്രത്യാശയുടെ അടയാളങ്ങളായി ക്രിസ്തുവിന് സാക്ഷ്യം നൽകുക: യുവജനങ്ങളോട് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മൂന്നാമത് മെക്സിക്കൻ ദേശീയ യുവജന ദിനം, ഓഗസ്റ്റ് മാസം 15, 16 തീയതികളിൽ മോന്തെറെയിൽ വച്ച് നടത്തപ്പെട്ടു. സംഗമത്തിൽ പങ്കെടുക്കുന്നവരെയും, സംഘാടകരെയും അഭിസംബോധന ചെയ്തു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സന്ദേശം നൽകി. വിശ്വാസത്തിന്റെ പ്രയാണത്തിൽ ആയിരിക്കുന്ന യുവജനങ്ങൾക്ക്, തന്റെ സന്ദേശം കൈമാറുന്നതിനുള്ള സന്തോഷം പാപ്പാ എടുത്തുപറഞ്ഞു. യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അധ്യായം, ഇരുപത്തിയേഴാം തിരുവചനം ഉദ്ധരിച്ചുകൊണ്ട്, "നിങ്ങളും സാക്ഷ്യം നൽകുക, കാരണം നിങ്ങൾ എന്നോടൊപ്പമാണ്" എന്ന സംഗമത്തിന്റെ പ്രമേയം പാപ്പാ ചൂണ്ടിക്കാണിക്കുകയും, ക്രിസ്തുവുമായി ഐക്യപ്പെട്ടുകൊണ്ട്, അവന്റെ ജീവിതത്തോട് ചേർന്ന് വിശുദ്ധി കൈവരിക്കാനുമുള്ള ജീവിതലക്ഷ്യം ലോകത്തെ കാണിക്കുവാനുള്ള അവസരമാണിതെന്നു എടുത്തുപറയുകയും ചെയ്തു.
അക്രമങ്ങളും, നിസ്സംഗതയും, അർത്ഥശൂന്യതയുമെല്ലാം അടയാളപ്പെടുത്തുന്ന ഒരു ലോകത്ത്, ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക എന്നതാണ് ഏറെ പ്രധാനമെന്നും, അപ്രകാരം ജീവിതത്തിൽ നൽകുന്ന സാക്ഷ്യം കൊണ്ട് മാത്രമേ, ലോകം അവനിൽ വിശ്വസിക്കുകയുള്ളൂവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ, ക്രിയാത്മകവും, ആവശ്യമായതും തിരിച്ചറിയുവാൻ, നിശ്ശബ്ദതയുടെ നിമിഷങ്ങൾ ജീവിതത്തിൽ പാലിക്കുവാനും പാപ്പാ ഏവരേയും ക്ഷണിച്ചു.
ഇപ്രകാരം ഗുരുവിനോട് ഐക്യപ്പെടുകയാണെങ്കിൽ പ്രത്യാശയുടെ അടയാളങ്ങൾ എന്ന നിലയിൽ ഏവർക്കും അവന്റെ സാക്ഷികളായിരിക്കുവാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു.പരിശുദ്ധ മറിയത്തിന്റെ മാതൃ സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ഒപ്പം തന്റെ അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
