ആശയവിനിമയ വേദികൾ മനുഷ്യ കുടുംബത്തിന്റെ പൊതുനന്മ ഉറപ്പുവരുത്തണം: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സുവിശേഷ മൂല്യങ്ങളായ അന്തസ്സ്, നീതി, അനുരഞ്ജനം എന്നിവയുമായി സംസ്കാരങ്ങളെ പരിവർത്തനം ചെയ്യുക എന്ന ദൗത്യം മുൻനിർത്തി, കത്തോലിക്കാ മാധ്യമ പ്രൊഫഷണലുകൾക്ക് പരസ്പരം ബന്ധപ്പെടാനും, അനുഭവങ്ങൾ പങ്കിടാനും, മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനും വേണ്ടി നടത്തപ്പെടുന്ന, സിഗ്നിസ് (SIGNIS) ആഗോള കോൺഗ്രസിൽ സംബന്ധിക്കുന്നവർക്ക്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആശംസാസന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി നൽകി.
സന്ദേശത്തിൽ ഏവർക്കും തന്റെ ആശംസകൾ അറിയിച്ചതോടൊപ്പം, തന്റെ ആത്മീയ അടുപ്പം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആശയവിനിമയ വേദികൾ മാനവകുടുംബത്തിന്റെ പൊതുനന്മ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഈ ചർച്ചകൾ ഒരു പുതിയ പ്രചോദനം നൽകുമെന്നു പരിശുദ്ധ പിതാവ് പ്രതീക്ഷിക്കുന്നുവെന്നു സന്ദേശത്തിൽ എടുത്തു പറയുന്നു.
ആധുനിക യുഗത്തിൽ, ജീവിതത്തിന്റെ ഭൂരിഭാഗവും ഡിജിറ്റൽ സാങ്കേതികവിദ്യയാലും, ഇന്റർനെറ്റിനാലും നയിക്കപ്പെടുന്നതിനാൽ, ഇതിനെ ഒരു ഡിജിറ്റൽ യുഗം എന്ന് വിശേഷിപ്പിക്കുന്നുവെന്നും, എന്നാൽ, ഇത്തരം ഓൺലൈൻ ആശയവിനിമയം കേവലം വിവരങ്ങളുടെ കൈമാറ്റമല്ല, മറിച്ച് ഒരു സംസ്കാരത്തിന്റെ സൃഷ്ടിയാണെന്ന് തന്റെ ചാക്രിക ലേഖനമായ 'മഞ്ഞീഫിക്ക ഉമാനിത്താസ്' ഉദ്ധരിച്ചുകൊണ്ട് സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആളുകൾ ലോകത്തെ കാണുന്ന രീതിയെ രൂപപ്പെടുത്താനും അതുവഴി കൂട്ടായ മനസ്സാക്ഷിയെ ആഴത്തിൽ സ്വാധീനിക്കാനും ഇവയ്ക്ക് ശക്തിയുണ്ടെന്നും സന്ദേശത്തിൽ കൂട്ടിച്ചേർക്കുന്നു.
ഇത്തരുണത്തിൽ, "സാംസ്കാരിക ഐക്യത്തിനും പരിസ്ഥിതി ക്ഷേമത്തിനുമുള്ള ഡിജിറ്റൽ ആശയവിനിമയം" എന്ന വിഷയത്തിമേലുള്ള സമ്മേനം, യാഥാർഥ്യങ്ങളെയും, മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവിനെയും പിന്തുടർന്നുള്ള, ആശയവിനിമയ തന്ത്രങ്ങളും ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നതാകട്ടെയെന്നും പാപ്പാ ആശംസിച്ചു.
ഇത്തരത്തിൽ, അംഗങ്ങളുടെ പ്രവർത്തനങ്ങൾ, സുവിശേഷമൂല്യങ്ങളായ കൂട്ടായ്മ, സമാധാനം, പാരിസ്ഥിതിക കാര്യനിർവ്വഹണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരത്തിലേക്ക് നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. പരിശുദ്ധ മറിയത്തിന് ഏവരെയും ഭരമേൽപ്പിച്ചു പ്രാർത്ഥിച്ചതോടൊപ്പം, തന്റെ അപ്പസ്തോലിക ആശീർവാദം ഏവർക്കും നൽകുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
