പ്രതീക്ഷകൾ തകിടം മറിയുമ്പോഴും, ദൈവത്തിൽ ആശ്രയം വയ്ക്കുവാൻ സാധിക്കട്ടെ: പാപ്പാ

ഓഗസ്റ്റ് മാസം മുപ്പതാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, കസ്തൽ ഗന്ധോൾഫോയിലെ, ലിബർട്ടി ചത്വരത്തിൽ വച്ച്, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ലത്തീൻ ആരാധനക്രമം, ഇരുപത്തിരണ്ടാം ഞായറാഴ്ച്ചയിലെ സുവിശേഷ ഭാഗമായ, വിശുദ്ധ മത്തായിയുടെ സുവിശേഷം, പതിനാറാം അധ്യായം,21 മുതൽ 27 വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പാ സംസാരിച്ചത്. സന്ദേശത്തിന്റെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: മലയാള പരിഭാഷ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, ശുഭ ദിനം, ശുഭ ഞായറാഴ്ച്ച!

ആസന്നമായ പെസഹാരഹസ്യം  തന്റെ ശിഷ്യർക്ക് വെളിപ്പെടുത്തുന്ന യേശുവിനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. യേശു പറയുന്നു: മിശിഹാ "ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നു, ശ്രേഷ്ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരികയും, വധിക്കപ്പെടുകയും,  എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു."(മത്തായി 16:21)

അവൻ പറയുന്ന കാര്യങ്ങൾ എന്നാൽ, ശത്രുക്കളെ പരാജയപ്പെടുത്താനും ചവിട്ടിമെതിക്കാനും കഴിവുള്ള  വിജയശിൽപ്പിയും ശക്തനുമായ ഒരു മിശിഹായെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളിൽ നിന്ന് വളരെ അകലെയാണ്. (സങ്കീർത്തനങ്ങൾ 108:14) അവനോടൊപ്പം ചെലവഴിച്ച സമയത്ത്, അവന്റെ പല പ്രവൃത്തികളും, വാക്കുകളും കണ്ട് അത്ഭുതപ്പെടാനുള്ള അവസരം അവർക്ക് ഇതിനകം ലഭിച്ചിരുന്നു. എന്നിരുന്നാലും, ഈ അവസാന വാക്കുകൾ ഇത്തരം  എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നു. പ്രത്യേകിച്ച്, പത്രോസ് തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും, ശാസിക്കുകയും ചെയ്യുന്നു: "കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ."(മത്തായി 16:22)

അല്പം മുൻപാണ് അവൻ യേശുവിൽ, "ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനെ" തിരിച്ചറിഞ്ഞത്. (മത്തായി 16:16). അവൻ  നടത്തിയ മനോഹരമായ വിശ്വാസപ്രഖ്യാപനത്തിന് വിപരീതമായി, ഇപ്പോൾ, അവൻ കേട്ടതിൽ അത്ഭുതപ്പെടുകയും ഒരുപക്ഷേ നിരാശപ്പെടുകയും ചെയ്തുകൊണ്ട്, താക്കീതു നൽകുന്നു. അവനോട് പറയുന്നതുപോലെ തോന്നുന്നു: “അതെ, നീ മിശിഹായാണെന്ന് ഞാൻ വിശ്വസിക്കുന്നു; എന്നാൽ ലോകത്തെ രക്ഷിക്കുന്നത് ഇങ്ങനെയല്ല.” അവന്റെത് തീർച്ചയായും ആത്മാർത്ഥമായ സ്നേഹത്താൽ പ്രചോദിതമായ ഒരു തീക്ഷ്ണതയുടെ പ്രകടനമാണ്; എന്നിരുന്നാലും, അത് നമ്മെ ചിന്തിപ്പിക്കുന്നു.

പാപ്പാ ആളുകളെ അഭിവാദ്യം ചെയ്യുന്നു
പാപ്പാ ആളുകളെ അഭിവാദ്യം ചെയ്യുന്നു

നമുക്കും, വാസ്തവത്തിൽ, ദൈവത്തിന്റെ വഴികൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല; പ്രത്യേകിച്ചും അവ നമ്മുടെ വഴികളിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുമ്പോൾ. അപ്പോൾ, വിശ്വാസത്തിന്റെ എല്ലാ യുക്തിക്കും വിരുദ്ധമായി, തെറ്റ് പറ്റുന്നത് കർത്താവിനാണെന്നു ചിന്തിക്കാനുള്ള പ്രലോഭനം ഉണ്ടാകാം; അതിലും മോശമായി, അവിടുന്ന് നമ്മുടെ വാക്കുകൾ കേൾക്കുന്നില്ലെന്നും അല്ലെങ്കിൽ നമ്മെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും കരുതാനും ഇടയുണ്ട്. ഈ അനിശ്ചിതത്വത്തിന്റെ മുമ്പിൽ, പത്രോസ് തന്റെ സ്വാഭാവികമായ ആവേശസ്വഭാവത്തോടെയെങ്കിലും, രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

ഒന്നാമതായി, ഇത്തരം നിമിഷങ്ങളിലും കർത്താവുമായുള്ള സംഭാഷണം ഒരിക്കലും അവസാനിപ്പിക്കരുത്. മറിച്ച്, അവിടുന്ന് നമ്മോടാവശ്യപ്പെടുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ, ആ ബുദ്ധിമുട്ടുപോലും വിശ്വാസപൂർവ്വം അവിടുത്തോട് തുറന്നു പറയണം.

രണ്ടാമതായി, ദൈവത്തിന്റെ പ്രവർത്തനങ്ങളെ ഒരിക്കലും വിധിക്കരുത്. മറിച്ച്, നമ്മുടെ പ്രതീക്ഷകൾക്ക് ഒത്തുപോകാത്തപ്പോഴും, തന്റെ പ്രവർത്തനത്തിലൂടെ ദൈവം നമ്മോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്താണെന്ന് പ്രാർത്ഥന വഴിയായി  വിനയപൂർവ്വം  ശ്രവിക്കാൻ നാം തയ്യാറാകണം.

പാപ്പാ ആളുകളെ അഭിവാദ്യം ചെയ്യുന്നു
പാപ്പാ ആളുകളെ അഭിവാദ്യം ചെയ്യുന്നു

അപ്പസ്തോലന്മാരിൽ പ്രഥമനായ പത്രോസിന്റെ മഹത്വം ഇതിലും പ്രകടമാകുന്നു. യേശു അവനോട് മറുപടി പറയുന്നു: "സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ". തന്റെ പാത പിന്തുടരണമെങ്കിൽ, തങ്ങളെത്തന്നെ പരിത്യജിക്കുകയും തങ്ങളുടെ കുരിശ് എടുത്തുകൊണ്ട് തന്നെ അനുഗമിക്കുകയും വേണമെന്ന് യേശു അവനോടും മറ്റു ശിഷ്യന്മാരോടും വിശദീകരിക്കുന്നു. യേശുവിന്റെ വാക്കുകൾ ശ്രവിച്ചശേഷം, പത്രോസ്, ആ വെല്ലുവിളി സ്വീകരിക്കുകയും, തന്റെ ജീവിതകാലം മുഴുവൻ, രക്തസാക്ഷിത്വം വരെയും, തന്റെ രക്ഷകനായി തിരിച്ചറിഞ്ഞ ക്രിസ്തുവിന്റെ വചനങ്ങളോട് വിശ്വസ്തനായിരിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, നമ്മുടെ വിശ്വാസജീവിതത്തിലും പ്രാർത്ഥനയിലും പത്രോസിനുണ്ടായിരുന്ന അതേ ആത്മാർത്ഥത നമുക്കും നൽകണമേ എന്ന് നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നമ്മുടെ ഹൃദയം ആശയക്കുഴപ്പത്തിലായിരിക്കുമ്പോഴും, നാം യഥാർത്ഥത്തിൽ ജീവിതത്തിൽ അനുഭവിക്കുന്നതെന്താണെന്ന് വിനയത്തോടെ അവിടുത്തോട് തുറന്നു പറയാൻ കഴിയട്ടെ. അതോടൊപ്പം, നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്തായാലും, അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം സ്വീകരിക്കുന്നതിൽ പത്രോസിനുണ്ടായിരുന്ന അതേ വിധേയത്വം വളർത്തിയെടുക്കാനും നമുക്ക് സാധിക്കട്ടെ.

തന്റെ പുത്രനായ യേശുവിന്റെ കുരിശുവരെ ദൈവത്തിന്റെ പദ്ധതികളോട് അനുസരണയോടെ നിലകൊണ്ട മറിയം നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ഓഗസ്റ്റ് 2026, 12:06