ഓരോ കണ്ടുമുട്ടലിലും ദൈവത്തിന്റെ സ്വരം നാം ശ്രവിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
പ്രിയ സഹോദരന്മാരേ, സഹോദരിമാരെ ശുഭ ഞായർ!
ഇന്നലെ നാം കന്യകാമറിയവും തൻ്റെ പുത്രനുമായുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് ധ്യാനിച്ചു: ആത്മാവിൻ്റെയും ശരീരത്തിൻ്റെയും ആ നിത്യമായ കൂട്ടായ്മയെ തകർക്കാൻ മരണത്തിന് പോലും സാധിച്ചില്ല. യേശുവിനെ അനുഗമിക്കുന്നവർക്കായി ഇതേ പൂർണ്ണത കാത്തുവെച്ചിട്ടുണ്ടെന്ന് ഓരോ ഞായറാഴ്ചയും നമ്മെ ഓർമ്മിപ്പിക്കുന്നു: അവിടുത്തെ ഉയിർപ്പ് കഴിഞ്ഞുപോയ ഒരു സംഭവമല്ല, മറിച്ച് നമ്മെ ഉൾക്കൊള്ളുന്ന ഒരു പുതിയ ജീവനാണ്.
ആരാധന ക്രമത്തിൽ ഇന്ന് വായിക്കപ്പെട്ട സുവിശേഷത്തിലെ (മത്തായി 15, 21-28) കാനാൻകാരി സ്ത്രീ ഇത് തെളിയിക്കുന്നു. അവിടുത്തെ ജനതയിൽപ്പെട്ടവളല്ലെങ്കിലും, അന്യ ദേശത്ത് താമസിക്കുന്നവളാണെങ്കിലും, അവിടുത്തെ, ഒരു ശിഷ്യയെപ്പോലെ പിന്തുടർന്നുകൊണ്ട് യേശുവിനോട് സംസാരിക്കാൻ അവൾ നിർബന്ധപൂർവ്വം ശ്രമിക്കുന്നു. അവർ മുമ്പ് ഒരിക്കലും കണ്ടുമുട്ടിയിട്ടുണ്ടാകില്ല, എങ്കിലും രഹസ്യാത്മകമായി അവളിൽ വിശ്വാസം ഇതിനകം ഉദിച്ചിരുന്നു. അവൾ തനിക്കുവേണ്ടി ഒന്നും ആഗ്രഹിക്കുന്നില്ല, മറിച്ച് പീഡിതയായ മകൾക്കുവേണ്ടിയുള്ള സമാധാനമാണ് ആഗ്രഹിക്കുന്നത്. ദാവീദിൻ്റെ വംശത്തിൽപ്പെട്ട മിശിഹായായി താൻ തിരിച്ചറിയുന്ന യേശുവിൽ അവൾ വിശ്വസിക്കുന്നു (വാക്യം 22).
ഈ സ്ത്രീ നേരിടേണ്ടി വരുന്ന തടസ്സങ്ങൾ സുവിശേഷകൻ മറച്ചുവെക്കുന്നില്ല. ശിഷ്യന്മാർ അവളെ ഒരു ശല്യമായി കാണുന്നു, യേശു പോലും അവളുടെ അപേക്ഷകളെ പ്രതിരോധിക്കുന്നു. വാസ്തവത്തിൽ, ഗുരു ആ പ്രദേശത്തേക്ക് പിൻവാങ്ങിയിരുന്നു (വാക്യം 21), മറ്റ് സന്ദർഭങ്ങളിലെന്നപോലെ പ്രാർത്ഥിക്കാനും, തൻ്റെ ശിഷ്യരെ പരിശീലിപ്പിക്കാനുമായി ഒരു വിജനമായ സ്ഥലം അവിടുന്ന് തേടുകയായിരുന്നുവെന്ന് നമുക്ക് ഊഹിക്കാം. എന്നിരുന്നാലും, ആ നിമിഷം അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുന്നു. ഇതിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, താൻ കാണുന്നതിലും കേൾക്കുന്നതിലും സ്വാധീനിക്കപ്പെട്ടുകൊണ്ട് തൻ്റെ ദൗത്യം നിർവഹിക്കുന്ന യേശുവിൻ്റെ അനുസരണം നമുക്ക് മനസ്സിലാക്കാൻ കഴിയും. ഒടുവിൽ അവിടുന്ന് അവളോട് പറയുന്നു: «സ്ത്രീയെ, നിൻ്റെ വിശ്വാസം വലുതാണ്! നീ ആഗ്രഹിക്കുന്നത് പോലെ നിനക്ക് സംഭവിക്കട്ടെ» (വാക്യം 28).
ഇന്നും സഭയ്ക്ക് ദൈവത്തിൻ്റെ പ്രവൃത്തികളിൽ ആശ്ചര്യപ്പെടാനും നിശ്ചിത അതിരുകൾക്കപ്പുറം ക്രിസ്തുവിൻ്റെ സമാധാനം അറിയിക്കാനും സാധിക്കും. മനസ്സാക്ഷിയുടെ രഹസ്യാത്മകതയിൽ പ്രവർത്തിക്കുന്ന ദൈവകൃപയാൽ അവിടുത്തെ ദൗത്യം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഓരോ കണ്ടുമുട്ടലിലും, നമ്മുടെ പദ്ധതികളെ തടസ്സപ്പെടുത്തുന്നവയിൽ പോലും, ദൈവം നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് കേൾക്കാൻ നാം ചെവികൊടുക്കുകയും കണ്ണുകളും ഹൃദയവും തുറക്കുകയും വേണം.
കാനാൻകാരി സ്ത്രീയിൽ നിന്ന് നാം വിനയവും നിശ്ചയദാർഢ്യവും പഠിക്കുന്നു. അവളുടെ വിശ്വാസത്തിലൂടെ, ദൈവത്തിൻ്റെ മേശ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ടെന്നും ആർക്കും അപ്പക്കഷണങ്ങൾ മാത്രമല്ല നീക്കിവെച്ചിട്ടുള്ളതെന്നും നാം പഠിക്കുന്നു (വാക്യങ്ങൾ 26-27 ), കാരണം ഓരോരുത്തർക്കും പിതാവിൻ്റെ അടുക്കൽ അവരവരുടെ സ്ഥാനമുണ്ട്. ഈ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ, ദൈവത്തിൻ്റെ അനേകം മക്കളുടെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും തടസ്സങ്ങളും അസഹനീയമായി മാറുന്നു.
പ്രിയ സഹോദരീസഹോദരന്മാരേ: സമാധാനം തേടുന്ന, കഷ്ടത അനുഭവിക്കുന്ന ഈ ലോകത്തിൽ നാം യേശുക്രിസ്തുവിൻ്റെ സഭയാണ്. നമ്മുടെ അമ്മയായ മറിയത്തോട് നമുക്കായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കാം. "അവളുടെ അധരങ്ങളിൽ നിന്ന് ഇതുവരെ ഉച്ചരിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തവും, നവീനവുമായ സ്തോത്രഗീതം, അതായത് 'മഞ്ഞീഫിക്കാത്ത് ' ഒഴുകുന്നു" (മഞ്ഞീഫിക്ക ഉമാനിത്താസ്, 244): യാഥാർത്ഥ്യത്തെ ദൈവത്തിൻ്റെ ദൃഷ്ടിയോടെ കാണുന്നവരുടെ ഗാനമാണിത്, അതിനാൽ അവർ പ്രത്യാശ കൈവിടാതെ സ്നേഹപൂർവം സേവനം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
